ട്രെയിനിറങ്ങി വന്നവരുടെ ബാഗ് തട്ടിപ്പറിച്ചു, സംഘട്ടനം; യുവാവിനെ കുത്തിക്കൊന്നു, സഹോദരനും പരിക്ക്
തൃശൂര്‍: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. റെയില്‍വേ സ്റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ രാത്രിയുണ്ടായ കത്തിക്കുത്തില്‍ ആണ് യുവാവ് മരിച്ചത്. മരിച്ചയാളുടെ സഹോദരനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒളരിക്കര തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശ്രീരാഗ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരന്‍ ശ്രീരേഖ്, അജ്മല്‍, ശ്രീരാജ് എന്നിവര്‍ എറണാകുളത്ത് നിന്ന് ട്രെയിനിലെത്തി രണ്ടാം കവാടത്തിലൂടെ പുറത്തേക്ക് വരികയായിരുന്നു. ഈ സമയം ദിവാന്‍ജി മൂലയില്‍ തമ്പടിച്ച ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചു. എന്നാല്‍ അക്രമികള്‍ക്ക് ബാഗില്‍ നിന്ന് ഒന്നും കിട്ടിയില്ല. ഇതോടെ വലിച്ച് വാരിയിട്ട സാധനങ്ങള്‍ തിരികെ വെക്കണമെന്നും ശ്രീരാഗും സംഘവും ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയത് എന്നാണ് പൊലീസ് പറയുന്നു. ദിവാന്‍ജിമൂലയിലെ താമസക്കാരനാണ് അജ്മല്‍. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരേഖിന്റേയുംം ശ്രീരാജിന്റേയും നില ഗുരുതരമായി തുടരുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫ് എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇയാളെ പരിക്കേറ്റ നിലയില്‍ കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചംഗ അക്രമിസംഘമാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. രണ്ട് സംഘത്തിലും പെട്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പൂത്തോള്‍ വരെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ലഹരി വില്‍പനക്കാരുടെ താവളമാണ് ഇവിടം എന്നാണ് വിവരം.












Click it and Unblock the Notifications