സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍
തൃശൂര്‍: സ്പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ നേരിട്ട് വിതരണം ചെയ്യുന്നതിന് സ്പെഷ്യല്‍ പോളിംഗ് ടീമിനെ നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കൊവിഡ് പോസിറ്റീവ്, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍ പെടുത്തി തപാല്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇവരുടെ തപാല്‍ വോട്ടുകള്‍ വോട്ടര്‍മാര്‍ക്ക് അവരവരുടെ വാര്‍ഡിലേക്ക് അല്ലെങ്കില്‍ ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് സൗകര്യപ്രദമായ മേഖല തിരിച്ച് സ്പെഷ്യല്‍ ടീമിനെ സജ്ജമാക്കും. ഇപ്രകാരം രൂപീകരിക്കുന്ന പോളിംഗ് ടീമില്‍ ഒരു സ്പെഷ്യല്‍ പോളിംഗ് ഓഫീസറും, ഒരു സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും ഉള്‍പ്പെടുന്നു.
സ്പെഷ്യല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണവും, വിനിയോഗവും സുഖമായി പൂര്‍ത്തിയാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ
റിസര്‍വ് ഉദ്യോഗസ്ഥരായി നിയമിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍, വാല്യുവേഷന് അസിസ്റ്റന്റ്, ഹെഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, റവന്യൂ ഇന്‍സ്പെക്ടര്‍,വില്ലേജ് ഓഫീസര്‍ എന്നിവരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ ആയി നിയമിക്കും. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരെ സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റ്മാരായും നിയമിച്ചിട്ടുണ്ട്.
സ്പെഷ്യല്‍ പോളിംഗ് ടീമിന് തപാല്‍ ബാലറ്റ് പേപ്പര്‍ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നല്കുവാന് സാധിക്കും. കൂടാതെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റിനായി അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി സ്പെഷ്യല്‍ പോളിംഗ് ടീം 19 ഡി ഫോറം സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നല്‍കണം. ഇപ്രകാരം നിയമിക്കപ്പെടുന്ന സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥന് പ്രസ്തുത മേഖലയില്‍ ജീവനക്കാരനോ താമസക്കാരനോ അല്ലായെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. പരിശീലന ക്ലാസിന്റ വിവരങ്ങൾ
ഇ ഡ്രോപ്പ് വെബ് സൈറ്റിൽ ലഭ്യമാണ്. ഷെഡ്യൂൾ പരിശോധിച്ചതിന് ശേഷം പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും പരിശീലന ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.