ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ; രക്ഷകനായി എത്തിയത് തൃശൂരിലെ ഡോക്ടർ.. ഡോക്ടേഴ്സ് ദിനത്തിലെ മാതൃക
തിരുവനന്തപുരം: ഇന്ന് ഡോക്ടർമാരുടെ ദിവസമാണ്. ഡോക്ടർമാരോടുള്ള ബഹുമാനാർത്ഥമാണ് ഈ ദിവസം ആചരിക്കുന്നത്. ഇനി പറയാൻ പോകുന്നത് ഒരു ഡോക്ടറെ കുറച്ചും അദ്ദേഹം ചെയ്ത മാതൃക പ്രവർത്തനത്തെക്കുറിച്ചുമാണ്. ബസിൽ വെച്ച് കുഴഞ്ഞുവീണ അപരിചിതന് തുണയായത് ഒരു ഡോക്ടർ ആയിരുന്നു. ഡോ. രാജേഷ്.
തൃശൂർ മെഡിക്കൽ കോളജിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ. രാജേഷ്. കുഴഞ്ഞുവീണ അപരിചിതന് പ്രഥമശുശ്രൂഷ നൽകി തൃശൂർ ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ച് ജീവൻ രക്ഷിച്ച് ഡോ. രാജേഷ് ആയിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ് അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ഇരിങ്ങാലക്കുടയിലുള്ള വീട്ടിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ബസ്സിൽ വരികയായിരുന്നു ഡോക്ടർ രാജേഷ്. അശ്വിനി ഹോസ്പിറ്റൽ കഴിഞ്ഞപ്പോൾ ആണ് ഒരാൾ ബസിൽ കുഴഞ്ഞുവീണത്. എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അപ്പോഴാണ് ഡോക്ടറിന്റെ ഇടപെടൽ ഉണ്ടായത്. കുഴഞ്ഞുവീണ ആളുടെ പൾസ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ നോക്കി. അപ്പോഴാണ് രോഗിക്ക് കാർഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായത്. ഉടൻ തന്നെ സിപിആർ നൽകി. എത്രയും വേഗം ജനറൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു.
യാത്രക്കാരെ ഇറക്കി ഡ്രൈവറും,കണ്ടക്ടറും രോഗിയുടെ ബന്ധുവും ഡോക്ടറും അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രോഗിക്ക് അപ്പോൾ ബോധം ഉണ്ടായിരുന്നില്ല. മാത്രവുമല്ല പൾസ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. ആശുപത്രിയിൽ എത്തുന്നത് വരെ ഡോക്ടർ സിപിആർ നൽകിക്കൊണ്ടിരുന്നു.
ഡോക്ടർ രാജേഷ് തന്നെ രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഷോക്ക് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി. ഉടനെ തന്നെ ഡ്യൂട്ടി ആർഎംഒയും മറ്റു ഡോക്ടർമാരും സഹായത്തിനെത്തി. രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. അപ്പോഴേക്കും രോഗിക്ക് ബോധം വന്നു. ശരീരം പ്രതികരിച്ചു തുടങ്ങുകയും ചെയ്തു.
രോഗിയുടെ നിലമെച്ചപ്പെട്ട ശേഷം ആംബുലൻസിൽ കയറ്റി ഡോക്ടർ തന്നെ രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളജ് എമർജൻസി വിഭാഗത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ചേർപ്പ് സ്വദേശി രാഘവനാണ് ബസിൽ കുഴഞ്ഞുവീണത്. ഡോകർ കൃത്യസമയത്ത് എത്തിയതിനാൽ അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടി.
മുമ്പും ഹൃദയാഘാതം വന്ന ആളാണ് രാഘവൻ. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പോകുന്ന വഴി ആയിരുന്നു കുഴഞ്ഞുവീണത്. കൃത്യ സമയത്ത് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയത്. ബസ് ജീവനക്കാരും എല്ലാ സഹായവും ചെയ്ത് കൊടുക്കാൻ മുന്നിൽ നിന്നു. രാഘവന്റെ ആരോഗ്യനില തൃപ്തികരം ആണെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ.നിഷ എം.ദാസ് അറിയിച്ചത്.












Click it and Unblock the Notifications