സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന് കുറിപ്പ്; സിഐടിയു വിട്ട് യൂണിയനുണ്ടാക്കിയ ചുമട്ടുതൊഴിലാളി ജീവനൊടുക്കി
തൃശൂർ: സി ഐ ടി യു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂർ പീച്ചി സ്വദേശി സജി (49) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
മൃതദേഹത്തിൽ നിന്നും ഒരു ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ഇതിൽ സി പി എമ്മിന്റെ ഭീഷണി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. സി പി എം ബ്രാഞ്ച് , ലോക്കൽ സെക്രട്ടറിമാരുടെ പേരുകളും മൃതദേഹത്ത് നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം, പീച്ചിയിലെ സി ഐ ടി യു യൂണിറ്റിൽ ഏറെക്കാലമായി തർക്കങ്ങൾ നില നിന്നിരുന്നു എന്നാണ് റിപ്പോർട്ട്. സജി ഉൾപ്പെടെയുള്ള ഒരു വിഭാഗം സി ഐ ടി യു പ്രവർത്തകർ യൂണിയന്റെ വസ്ത്രം ബഹിഷ്കരിച്ചു. ഇതിന് പിന്നാലെ സി ഐ ടി യു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ എന്ന് പേര് പുതുക്കുകയും ചെയ്തു.
പാർട്ടിയിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ നേതാക്കൾ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ, തൊഴിലാളികൾ ഇതിന് വഴങ്ങാൻ കൂട്ടാക്കിയില്ല. എന്നാൽ, ചില തൊഴിലാളികൾ പിന്നീട് പാർട്ടിയുടെ പക്ഷത്തേക്ക് മാറിയിരുന്നു. ഇതോടെ സജി പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യം ആണ് ഉണ്ടായത്. ഈ കാരണമാകാം സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിലെ ആരോപണം.
മൃതദേഹത്തിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. പുറത്ത് വന്ന ഈ ആത്മഹത്യ കുറിപ്പിൽ സി പി എമ്മിലെ രണ്ട് പ്രാദേശിക നേതാക്കൾക്ക് എതിരെ പരാമർശം നടത്തുന്നുണ്ട്. ഇതിന് പിന്നാലെ പീച്ചിയിലെ സി പി എം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘർഷത്തിൽ സി പി എം പീച്ചി ബ്രാഞ്ച് സെക്രട്ടറിയ്ക്കും രണ്ട് പാർട്ടി പ്രവർത്തകർക്കും മർദ്ദനമേറ്റു. ഈ മൂന്നുപേരും നിലവിൽ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
Recommended Video

സംഘർഷത്തിൽ പീച്ചി സെന്ററിലെ സി പി എമ്മിന്റെ മണ്ഡപവും സി പി എമ്മിന്റെയും സി ഐ ടി യു വിന്റെയും കൊടി തോരണങ്ങളും നശിപ്പിച്ചു. സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകളും തകര്‍ത്തു. സംഭവങ്ങൾക്ക് പിന്നാലെ മര്‍ദനം, കൊടി നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പീച്ചി ലോക്കല്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. സമൂഹ വിരുദ്ധര്‍ ഇതൊക്കെ ചെയ്തു എന്നു കാട്ടിയാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിൽ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.












Click it and Unblock the Notifications