തൃശൂരിൽ സർക്കാർഓഫീസിൽ നെഗറ്റീവ് എനർജി കളയാൻ പ്രാർത്ഥന; അന്വേഷണത്തിന് നിർദ്ദേശം
തൃശൂർ: തൃശൂരിലെ സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പരാതി അന്വേഷിക്കാൻ സബ് കളക്ടറെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയത് എന്നാണ് പരാതി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ആണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടന്നതെന്നും പറയുന്നു.

ജില്ല ശിശു സംരക്ഷണ ഓഫീസർ ആണ് ഇതിന് നേതൃത്വം നൽകിയത് എന്നാണ് പറയുന്നത്. ആഴ്ചകൽക്ക് മുമ്പാണ് സംഭവം. ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നതെന്നാണ് പറയുന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷരണ ഓഫീസർ ജീവനക്കാരോട് നിർദ്ദേശിച്ചതായാണ് പറയുന്നത്..
ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടി വന്നു. ഓഫീസർ ഒഴികെയുള്ള ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നവർ ആയതുകൊണ്ട് നിർദ്ദേശം മറികടക്കാനായില്ലെന്നാണ് പറയുന്നത്.
ഓഫീസർ ചുമതലയേറ്റത് മുതൽ ഓഫീസിൽ നെഗറ്റീവ് എനർജി ആണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നെന്നും ഓഫീസിൽ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു അത് ഓഫീസിലെ നെഗറ്റീവ് എനർജി മൂലമാണെന്നും ഓഫീസർ പറഞ്ഞതായാണ് പറയുന്നത്.
ഒടുവിൽ പ്രാർത്ഥന നടത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാൾ ളോഹ ധരിച്ച് ബൈബിളും എടുത്ത് പ്രാർത്ഥന നടത്തി എന്നുമാണ് ശിശുക്ഷേമ ഓഫീസർക്ക് എതിരായ പരാതി.
ഓഫീസറുമായി പല ജീവനക്കാർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഓഫീസർ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും ആരോപിച്ച് മൂന്ന് ജീവനക്കാർക്ക് അടുത്തിടെ ജോലി രാജിവെച്ച് ഓഫീസിൽ നിന്ന് പോയതായി പറയുന്നു. ഇത്തരത്തിൽ ജീവനക്കാർക്ക് നിരന്തരം മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പറയുന്നു.












Click it and Unblock the Notifications