തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കനിര്‍മാണത്തില്‍ സുരക്ഷാ ഭീഷണി: ഭീഷണിയാവുന്നത് കനത്ത മഴ, ഉരുള്‍പൊട്ടല്‍ ഭീഷണി !!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാന്‍ തുരങ്കനിര്‍മാണത്തില്‍ വന്‍ സുരക്ഷാ ഭീഷണിയെന്ന് ആക്ഷേപം. തുരങ്കപ്പാതകള്‍ ബലപ്പെടുത്താനുള്ള ഷോര്‍ട്ട് കോണ്‍ക്രീറ്റിങ് തട്ടിപ്പാണെന്ന് ആരോപിച്ച് കരാര്‍ കമ്പനിയുടെ മുന്‍ ജീവനക്കാര്‍തന്നെ രംഗത്ത്. ഇരുമ്പ് റിബുകളും ആര്‍ച്ചുകളും സ്ഥാപിച്ച് ബലപ്പെടുത്തി കോണ്‍ക്രീറ്റ് നടത്തേണ്ടതിന് പകരം നാഷണല്‍ ഹൈവേ അധികൃതര്‍, അഗ്നി സുരക്ഷ, മറ്റ് ഉത്തരവാദിത്വപ്പെട്ടവര്‍ എന്നിവരുടെ കണ്ണില്‍ പൊടിയിടാനായി കനംകുറഞ്ഞ ഇരുമ്പുപാളികള്‍ സ്ഥാപിച്ച് സിമന്റ് സ്‌പ്രേ ചെയ്താണ് നിര്‍മാണം നടത്തിയത്. മഴ കനത്തതോടെ കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കമുഖത്ത് സുരക്ഷാ ഭീഷണി സൃഷ്ടിച്ച് മണ്ണിടിച്ചില്‍ തുടങ്ങി.

ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലില്‍ കിഴക്കുഭാഗത്ത് ശാസ്ത്രീയ രീതിയില്‍ ബലപ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ട ഭാഗങ്ങള്‍ തകര്‍ന്നു. തുരങ്കമുഖത്തിന് ആറുമീറ്റര്‍ മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ജനറേറ്റര്‍ തകര്‍ന്നു വീണു. പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ വെള്ളത്തോടൊപ്പം തുരങ്കമുഖത്തിന് സമീപമായി പതിക്കുകയാണ്.

kuthiran-09

ജനറേറ്റര്‍ തകര്‍ന്നു വീണത് അര്‍ധരാത്രിയിലായതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് രക്ഷയായത്. കിഴക്കുഭാഗത്ത് മുപ്പതുമീറ്റര്‍ ഉയരത്തിലുള്ള മലയാണ് ഇടിഞ്ഞുവീഴുന്നത്. ഇടത്-വലത് തുരങ്കങ്ങള്‍ക്ക് മുകളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനും തുരങ്കങ്ങളുടെ ബലം ഉറപ്പുവരുത്താനുമായി നേരത്തേ ഷോര്‍ട്ട് കോണ്‍ക്രീറ്റ് നടത്തിയിരുന്നു. ഇത് കനത്തമഴയില്‍ ഇളകിമാറിയും മണ്ണ് ഇടിഞ്ഞു വീഴുകയാണ്. ഒന്നാംതുരങ്കത്തിന്റെ ആര്‍ച്ചിന്റെ മുകളിലും മണ്ണ് ഇടിയുന്നുണ്ട്. മണ്ണിടിച്ചില്‍ നിയന്ത്രണാതീതമായതിനാല്‍ തുരങ്കത്തിനകത്ത് പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

പാറ പൊട്ടിക്കാനായി നടത്തിയ വന്‍ സ്‌ഫോടനങ്ങളില്‍ തുരങ്കത്തിനകത്തെ പാറകള്‍ വിണ്ടുകീറിയിട്ടുണ്ട്. ഇതു മറയ്ക്കാനായി സിമന്റ് കലക്കി സ്‌പ്രേ ചെയ്യുന്ന ഷോര്‍ട്ട് കോണ്‍ക്രീറ്റിങ് രീതിയാണ് നടപ്പാക്കിയത്. തുരങ്കങ്ങളുടെ കിഴക്കുപടിഞ്ഞാറ് ഭാഗത്തെ പ്രവേശന ഭാഗത്ത് മാത്രമാണ് ആര്‍ച്ച് സ്ഥാപിച്ച് ബലപ്പെടുത്തിയത്. കൂടാതെ തുരങ്കത്തിനകത്ത് അതി ദുര്‍ബലമായ സ്ഥലങ്ങളിലും ആര്‍ച്ച് സ്ഥാപിച്ചിട്ടുണ്ട്. ഒരുകിലോമീറ്റര്‍ വരുന്ന തുരങ്കത്തിന്റെ ഉള്‍വശം മുഴുവന്‍ ആര്‍ച്ച് സ്ഥാപിച്ച് ബലപ്പെടുത്താനായിരുന്നു നാഷണല്‍ ഹൈവേ അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് കടകവിരുദ്ധമായി ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം സിമന്റ് സ്‌പ്രേ ചെയ്ത് ലാഭം നേടാനാണ് കെ.എം.സി. ശ്രമിച്ചത്. അഞ്ചുമാസം മുമ്പുതന്നെ ഒന്നാം തുരങ്കത്തിനുള്ളിലെ പണികള്‍ 90 ശതമാനം തീര്‍ത്ത് ഗതാഗതം തുടങ്ങാന്‍ കരാര്‍കമ്പനി ശ്രമം തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും ഗതാഗതം ആരംഭിച്ച് തേനിടുക്കിലെ ടോള്‍ പിരിവ് തുടങ്ങാനാണ് കമ്പനി കരു നീക്കിയത്.

മണ്ണിടിച്ചില്‍ ഇതിന് വിഘാതമായി. ഗതാഗതം ആരംഭിച്ചാലും എപ്പോള്‍ വേണമെങ്കിലും പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് അപകടം സംഭവിക്കാനിടയുണ്ട്. മണ്ണിടിച്ചില്‍ തടയാന്‍ എത്രയുംവേഗം മണ്ണിടിയുന്ന ഭാഗങ്ങള്‍ നിരപ്പാക്കി മുകളില്‍ ഡ്രെയിനേജുകള്‍ നിര്‍മിക്കണമെന്നാണ് നിര്‍ദേശം. മരങ്ങളും പാറകളും ഇടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ ഇതിനുള്ള പണികള്‍ പെട്ടന്ന് നടത്തേണ്ടി വരും. ഇതിനായി കമ്പനി നല്‍കിയ അപേക്ഷ തൃപ്തികരമല്ലാത്തതിനാല്‍ വനംവകുപ്പ് നിരസിച്ചിരുന്നു. പുതിയ അപേക്ഷ നല്‍കാന്‍ ഡി.എഫ്.ഒ. ആവശ്യപ്പെട്ടിട്ടും കമ്പനി തയാറായിട്ടില്ല.

Thrissur
English summary
Thrissur Local New about kuthiran tunnel under threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X