മഴക്കെടുതി: തൃശൂരില്‍ 35 കോടിയുടെ കൃഷിനാശം, നാശനഷ്ടം 812.82 ഹെക്ടര്‍ കൃഷിയിടങ്ങളില്‍!!
തൃശൂര്‍: മഴക്കെടുതിയില്‍ തൃശൂര്‍ ജില്ലയില്‍ 812.82 ഹെക്ടര്‍ കൃഷിയിടങ്ങളിലായി 35 കോടി രൂപയുടെ കൃഷിനാശം. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിക്കാര്യം. ജില്ലയിലെ 32 പാടശേഖരങ്ങളില്‍മാത്രം മഴക്കെടുതിമൂലം 1.72 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. 398.2 ഹെക്ടര്‍ നെല്‍ക്കൃഷിയിടങ്ങളാണ് നശിച്ചത്. ഇതില്‍ 13.65 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. നെല്‍ക്കൃഷി അടക്കം മൊത്തം കാര്‍ഷികയിടങ്ങളില്‍ വിവിധ കൃഷി സ്ഥലങ്ങളിലായി 3.46 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കൃഷിഭവനുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ മുഖേന സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ചെയ്യാത്തത് ഇതിലേറെ വരും. ഒല്ലൂക്കര, ചാലക്കുടി തുടങ്ങി പുഴയോട് ചേര്‍ന്നുള്ള മേഖലകളിലാണു കൃഷിനാശമേറെ. അന്തിക്കാട്, മുല്ലശേരി, പഴയന്നൂര്‍, ഇരിങ്ങാലക്കുട, തളിക്കുളം, ചേര്‍പ്പ് എന്നിവിടങ്ങളിലും വ്യാപകമായ കൃഷിനാശമുണ്ടായി. ജൂണ്‍ ഒന്നുമുതലുള്ള കണക്കാണിത്. കൃഷിനാശം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനും കേന്ദ്രസംഘത്തിനും കൈമാറിയിട്ടുണ്ടെന്നും എത്രയും വേഗം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍. ജയശ്രീ പറഞ്ഞു. കന്നുകാലികള്‍, വീട്ടുമൃഗങ്ങള്‍ എന്നിവ അപകടപ്പെട്ടതുമൂലം 51.33 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വീടുകള്‍ പൂര്‍ണമായി തകര്‍ന്നു 28.53 ലക്ഷം രൂപയുടെ നഷ്ടവും ഭാഗികമായി തകര്‍ന്ന് 1.87 രൂപയുടെ നഷ്ടവും ഉണ്ടായി.

കടല്‍ക്ഷോഭമുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ 67 വില്ലേജുകളിലാണു നാശമുണ്ടായത്. 165 പുനരധിവാസ കേന്ദ്രങ്ങള്‍ മഴക്കെടുതി മൂലം വിവിധ ഭാഗങ്ങളിലായി തുറന്നു. 66.82 ലക്ഷം രൂപയാണ് ഇത്തരത്തിലുണ്ടായ നഷ്ടം. തൃശൂര്‍, ഇരിങ്ങാലക്കുട വൈദ്യുത മേഖലയില്‍ 1.45 കോടിയുടെ നഷ്ടമാണുണ്ടായത്. റോഡുകള്‍ തകര്‍ന്നതിന്റെ ഭാഗമായി 250 കോടി രൂപയുടെ മൊത്തം നഷ്ടം ഉണ്ടായി. ഇതില്‍ പഞ്ചായത്തുതലത്തില്‍ 19.68 കോടിയും ബ്ലോക്ക് തലത്തില്‍ 28.98 ലക്ഷവും നഗരസഭയില്‍ 3.73 കോടിയും കോര്‍പ്പറേഷനില്‍ 7.87 കോടിയും നഷ്ടം സംഭവിച്ചു.












Click it and Unblock the Notifications