മഴക്കെടുതി: കേന്ദ്ര സഹായത്തിനു ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രസംഘം, കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച!
തൃശൂര്‍: മഴക്കെടുതിമൂലം മേയ് മുതല്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അര്‍ഹിക്കുന്ന സാമ്പത്തിക സഹായം അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന്് കേന്ദ്രസംഘം ജില്ലാ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. പത്തുദിവസത്തിനകം ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രസംഘം ആവശ്യപ്പെട്ടു.
കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, ഊര്‍ജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നര്‍സി റാം മീണ, ഗതാഗത മന്ത്രാലയം റീജിയണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ പ്രതിനിധിയായി കോര്‍ഡിനേറ്റിങ് ഓഫീസര്‍ സിജി എം. തങ്കച്ചനും ഉണ്ടായിരുന്നു.

നാശനഷ്ടങ്ങളുണ്ടായ പൂങ്കുന്നം ഹരിശ്രീ നഗര്‍, പൊറത്തിശേരി വില്ലേജ്, കോക്കിരിപ്പാലം, ആറാട്ടുപുഴ പാലത്തിനു സമീപം ഇടിഞ്ഞ പുഴയോരം, ആറാട്ടുപുഴ കാരോട്ട്മുറി പട്ടികജാതി കോളനി, മുതുള്ളിയാക്കല്‍, ശാസ്താം കടവ്, ആമ്പല്ലൂര്‍, നന്തിക്കര, ചാലക്കുടി, പിണ്ടാണി, ചാര്‍പ്പ, മേലൂര്‍ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ജനപ്രതിനിധികളും സന്നിഹിതരായി. രാവിലെ പുഴയ്ക്കല്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാകലക്ടര്‍ ടി.വി.
അനുപമയുടെ അധ്യക്ഷതയില്‍ കേന്ദ്രസംഘം വിവിധ വകുപ്പുമേധാവികളുമായി ജില്ലയിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. കൃഷി, കോള്‍മേഖല, പൊതുമരാമത്ത്, ജലസേചനം, ഹോര്‍ട്ടികള്‍ച്ചര്‍, വൈദ്യുതി മുതലായ വകുപ്പുകളുടെ മേധാവികളുമായിട്ടാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. തൃശൂര്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങളെക്കുറിച്ച് ജില്ലാകലക്ടര്‍ കേന്ദ്രസംഘങ്ങളോട് വിശദീകരിച്ചു. സബ് കലക്ടര്‍ ഡോ. രേണുരാജ്, വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ പ്രതിനിധി കെ.വി. രാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ പ്രതിനിധി ടി.കെ. വാസു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications