Get Updates
Get notified of breaking news, exclusive insights, and must-see stories!

നെൽ‌ക്കതിർ കരിയുന്നു; ചെല്ലിപ്പാടത്ത് നെല്‍കൃഷി അവതാളത്തില്‍, ആശങ്കയോടെ കർഷകർ

തൃശൂര്‍: കോള്‍നിലങ്ങളില്‍ അപ്രതീക്ഷിതമായി നെല്‍കൃഷി ഉണക്കം. പലയിടത്തും ജലസേചനത്തിന്റെ കുറവു മൂലമാണ് പ്രതിസന്ധിയെന്നു കര്‍ഷകര്‍. പറപ്പൂര്‍ ചെല്ലിപാടത്ത് നെല്‍കതിരുകള്‍ വിളവെടുപ്പിനു കഴിയാതെ കരിയുകയാണ്. 70 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും ഈ ദുര്യോഗമുണ്ടെന്ന് കര്‍ഷകര്‍ക്കു പരാതി.

ഇലകരിച്ചില്‍ രോഗം അപ്രതീക്ഷിതമായി കണ്ടതിനെ തുടര്‍ന്നാണ് പ്രതിസന്ധി. നെല്‍മണികള്‍ പോലും കരിഞ്ഞുണങ്ങുകയാണ്. തോളൂര്‍ കൃഷിഭവനില്‍ കൃഷി ഓഫീസറെ കണ്ട് കര്‍ഷകര്‍ വിവരമറിയിച്ചിട്ടുണ്ട്. മണ്ണിന്റെ രാസഘടനയില്‍ വന്ന മാറ്റമാണു ഇലകരിച്ചിലിനിടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രളയശേഷം മണ്ണിന്റെ അസിഡിറ്റി വലിയ തോതില്‍ വര്‍ധിച്ചു. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കൂലിച്ചെലവു പോലും പ്രതിഫലം കിട്ടില്ലെന്നാണ് ആശങ്ക.

paddy

120 ദിവസം മൂപ്പുള്ള ജ്യോതി നെല്‍വിത്താണു കര്‍ഷകര്‍ ഈ ഭാഗത്ത് മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത്. പ്രളയത്തിന്റെ പ്രത്യാഘാതമാണെന്നു പറയുന്നുണ്ടെങ്കിലും പ്രതിവിധി നിര്‍ദേശിക്കാന്‍ കഴിയുന്നില്ലെന്നതു കര്‍ഷകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തി. പലരും ഇരിപ്പൂ കൃഷിക്കായാണ് ഒരുങ്ങിയിട്ടുള്ളത്. വായ്പയെടുത്താണ് കൃഷി ഇറക്കുന്നത്. ഇതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

ബാങ്കുകളില്‍ നിന്നുള്ള വായ്പ പലിശ സഹിതം തിരിച്ചടക്കാന്‍ കഴിയുമോ എന്നാണ് ആശങ്ക. ഏക്കറിന് 20,000 രൂപയിലധികമാണ് കൃഷിയിറക്കാന്‍ ചെലവ്. ചെല്ലിപാടത്തെ ഭൂരിഭാഗം കര്‍ഷകരും കാര്‍ഷിക ഇന്‍ഷുറന്‍സ് എടുത്തിട്ടുമില്ല. ഏനാമാവ്, മണലൂര്‍ മേഖലയിലെ കോള്‍പടവുകളില്‍ ഇരുപ്പൂ കൃഷി ചെയ്യാന്‍ ഞാറ്റടി തയ്യാറാക്കല്‍ ഉള്‍പ്പെടെ ഇപ്പോള്‍ ക്രമീകരിക്കുന്നത് ചെല്ലിപാടത്താണ്.

paddy

സമയത്തിനു വിളവെടുത്തു നിലമൊരുക്കി ഞാറ്റടി തയാറാക്കിയില്ലെങ്കില്‍
ഏനാമാവ്, മണലൂര്‍ മേഖലയിലെ 600 ഏക്കറിലധികം ഭാഗത്തെ കൃഷിയെയും
പ്രതികൂലമായി ബാധിക്കും. മൊത്തം കൃഷി അവതാളത്തിലാകുമെന്ന ആശങ്കയാണുള്ളത്. എത്രയും വേഗം കൃഷി വകുപ്പ് ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് കര്‍ഷകര്‍ക്കുള്ളത്. പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ഓരോ വഴി തേടുമ്പോള്‍ കൂടുതല്‍ ദുരിതമുണ്ടാകുന്നത് കൃഷിക്കാര്‍ക്കിടയില്‍ പരക്കേ ആശങ്ക പടര്‍ത്തി.

പലയിടത്തും ആവശ്യത്തിനു ജലസേചനമില്ലാത്തതോടെ നെല്‍കൃഷി ഉണങ്ങുമെന്ന ഭീഷണിയുണ്ട് . ഇരിങ്ങാലക്കുട മുരിയാട്, മൂരികോള്‍, കൂവപ്പുഴ കോള്‍പടവുകളിലെ മുന്നൂറോളം ഏക്കര്‍ കൃഷിയാണ് ഭീഷണിയിലുള്ളത്. കൃഷിയിറക്കി 50 ദിവസത്തിനു ശേഷം അവസാനഘട്ടം വളമെടുപ്പിനു സമയമായപ്പോഴാണ് ജലക്ഷാമം രൂക്ഷമായത്. തൊമ്മാന മുതല്‍ കോന്തിപ്പുലം വരെയുള്ള കനാലിലൂടെയാണ് വെള്ളമെത്തിക്കുന്നത്. ഇവിടം മുഴുവന്‍ ചണ്ടി മൂടിക്കിടക്കുകയാണ്. സാധാരണ ഡിസംബറില്‍ കോന്തിപ്പുലത്ത് മണ്‍ചിറ കെട്ടി മാഞ്ഞാംകുഴി റഗുലേറ്റര്‍ വഴി കനാലിലേക്ക് പുഴയില്‍ നിന്നു വെള്ളം തുറന്നുവിടാറുണ്ട്. എന്നാല്‍ ഇത്രയായിട്ടും അതിനു നടപടിയില്ല. വെള്ളം ഒഴുക്കിയില്ലെങ്കില്‍ കൃഷി വാടുമെന്ന ആശങ്കയുണ്ട്.

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ പള്ളം പാടശേഖരത്തിലും ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത രൂക്ഷമാണ്. ഇവിടെ 60 ഏക്കറോളം ഭൂമി ഉണങ്ങുമെന്നാണ് ഭീതി. ചീരക്കുഴി ഡാം തകര്‍ന്നത് നേരത്തെ ആശങ്കയ്ക്കിടയാക്കിയിരുന്നുവെങ്കിലും തടയണ നിര്‍മിച്ച് കനാല്‍ വഴി വെള്ളം തുറന്നുവിട്ടിരുന്നു. ചീരക്കുഴി മുതല്‍ ദേശമംഗലം കൊണ്ടയൂര്‍ വരെയുള്ള 40 കി.മീ ഭാഗത്ത് എല്ലായിടത്തും വെള്ളം എത്തുന്നില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

നെടുമ്പുര പടിഞ്ഞാറെ തല വരെ മാത്രമാണ് ആവശ്യത്തിനു വെള്ളം ലഭിക്കുന്നത്. കൃഷിക്ക് ആവശ്യമായ വെള്ളം മണല്‍ചാക്കിട്ട് കെട്ടിനിര്‍ത്തിയിരിക്കുകയാണ്. ഇതോടെയാണ് പള്ളം പാടശേഖരത്തിലേക്ക് വെള്ളമെത്താത്തത്. ഫലത്തില്‍ ഇവിടെ വെള്ളക്ഷാമം മൂലം കൃഷി കരിഞ്ഞുണങ്ങിത്തുടങ്ങി. ആവശ്യത്തിനു വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കി. ഭാരതപ്പുഴയില്‍ നിന്നു രണ്ടു മോട്ടോറുകള്‍ വെച്ച് 24 മണിക്കൂറും വെള്ളമടിക്കുന്നുണ്ടെങ്കിലും ഫലമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+