തൃശൂരിൽ പുലിയിറങ്ങി; ആടിനെ കടിച്ചുകൊന്നു
തൃശൂര്‍: വടക്കഞ്ചേരി കണ്ണമ്പ്ര പോത്തുചാടിയില്‍ പുലി ആടിനെ കടിച്ച് കൊന്നു. വീട്ടമ്മക്ക് നേരെ പുലിയുടെ ആക്രമണശ്രമം. രക്കാണ്ടി പോത്ത് ചാടിയില്‍ ശനിയാഴ്ച രാവിലെയാണ് പുലിയിറങ്ങിയത്. പോത്തുചാടി ബാബുവിന്റെ വീട്ടിലെ ആടിനെയാണു പുലി കടിച്ച് കൊന്നത്. ആടിനെ കൊന്ന് ഭക്ഷിക്കുന്നത് നേരിട്ട് കണ്ട ബാബുവിന്റെ ഭാര്യ വിശാലുവിനെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്.
പുലിയെ കണ്ട് വീടിനുള്ളിലേക്ക് ഓടുന്നതിനിടെ വീണ് വിശാലുവിന് ചെറിയ പരുക്കേല്‍ക്കുകയും ചെയ്തു. പതിമൂന്നോളം ആടുകളുള്ള ബാബുവിന്റെ വീട്ടില്‍ ഇതിനുമുമ്പ് മൂന്ന് ആടുകളെ പുലി കൊന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആടിന്‍കൂട്ടില്‍ ആടിനെ കറക്കുന്നതിനിടെയാണ് മറുവശത്ത് ആടിന്റെ തല കടിച്ചെടുത്ത് നില്‍ക്കുന്ന പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തെ ഭയന്ന് ആടിന്‍ കൂട് സുരക്ഷിതമായി പണിതിട്ടുണ്ടെങ്കിലും അഴിയിലൂടെ ആടുകള്‍ തല പുറത്തിടുമ്പോള്‍ പുലി കടിച്ചെടുക്കുകയാണ് പതിവ്.

രാവിലെ പുലിയെ നേരിട്ട് കണ്ട വിശാലുവും മറ്റുനാട്ടുകാരും ചേര്‍ന്ന് ബഹളം വച്ച് പുലിയെ ഓടിക്കുകയായിരുന്നു. ഇതിന് മുമ്പും ഈ മേഖലയില്‍ വ്യാപകമായി പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications