ദുരിതാശ്വാസം: കുടിവെള്ളത്തിനും കൃഷിക്കും മുന്‍തൂക്കം
തൃശൂര്‍: പ്രളയാനന്തരകാലത്ത് ജില്ലയ്ക്ക് വേണ്ടത് പുനരധിവാസ, പുനര്‍നിര്‍മാണ പാക്കേജുകളാണെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്യാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വെളളപ്പൊക്കശുചീകരണ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നു തന്നെ പരമാവധി സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോഴത്തെ നിലയില്‍ ജില്ലയില്‍ 76 സ്ഥിരം ക്യാമ്പുകള്‍ വേണ്ടിവരുമെന്നു യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

കുടിവെളള വിതരണമാണ് ജില്ലയിലെ മിക്ക പ്രളയബാധിത പ്രദേശങ്ങളും നേരിടുന്ന മുഖ്യപ്രശ്‌നമെന്നും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനുകളിലെ തകരാറുകള്‍ പരിഹരിക്കുന്നത് വരെ ഗ്രാമപഞ്ചായത്തുകള്‍ ടാങ്കറുകളില്‍ കുടിവെളളം വിതരണം ചെയ്യണമെന്നും മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ കൃഷിയിടങ്ങളെ കൃഷിയോഗ്യമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും കൃഷിനാശം സംബന്ധിച്ചതിന്റെ കണക്കുകള്‍ ഒരാഴ്ചക്കകം നല്‍കണമെന്നും മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മുണ്ടകന്‍ കൃഷിയിറക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കും. കൃഷി നാശത്തിന് നല്‍കുന്ന സാധാരണ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയബാധിതര്‍ക്കുളള ധനസഹായത്തില്‍ നിന്നും സാങ്കേതിക കാരണം പറഞ്ഞ് ആരെയും ഒഴിവാക്കില്ലെന്നും കിറ്റുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡുകളിലെ ഗതാഗതം പുന:സ്ഥാപിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. മഴമാറിയാല്‍ റോഡുകള്‍ റീടാര്‍ ചെയ്യും. ഭാഗികമായി തകര്‍ന്ന വീടുകളുടെ സുരക്ഷിത്വം എല്‍ എസ് ജി ഡി എഞ്ചിനീയര്‍മാര്‍ പരിശോധിക്കണം. പുത്തൂര്‍, ചേലക്കര ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിക്കുളള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കണം. മണ്ണിയിടയാനുളള സാധ്യത പഠനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ക്യാമ്പുകളില്‍ നിന്നുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുക്കാന്‍ ജില്ലയില്‍ 13 സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും അവിടങ്ങളില്‍ മാലിന്യങ്ങള്‍ എത്തിച്ച് നല്‍കിയാല്‍ മതിയെന്നും ജില്ലാ കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ കാര്യം സെസ്സിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നമുളള സ്ഥലങ്ങളിലുളളവരെ സ്ഥിരം ക്യാമ്പുകളിലേക്ക് മാറ്റണം. ജില്ലയില്‍ 76 സ്ഥിരം ക്യാമ്പുകള്‍ വേണ്ടി വരുമെന്നാണ് കണക്ക്. റേഷന്‍ കാര്‍ഡ് അടക്കമുളള നഷ്ടപ്പെട്ട രേഖകള്‍ക്കുളള അദാലത്ത് സെപ്തംബര്‍ മുന്നാം തീയതിയോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനുളള പരിശീലനം നടന്നു വരികായെന്നും കലക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications