തൃശൂരില്‍ മൊബൈല്‍ ടവര്‍ ബാറ്ററി മോഷ്ടാക്കള്‍ അറസ്റ്റില്‍: നടപടി ക്രൈം സ്‌ക്വാഡിന്റേത്!
തൃശൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ ടവര്‍ ബാറ്ററി മോഷ്ടാക്കളായ രണ്ടംഗസംഘം അറസ്റ്റില്‍. തൊടുപുഴ വളിയമറ്റം, പൂമാല കൃഷ്ണവിലാസം വീട്ടില്‍ രതീഷ് (37) , പത്തനംതിട്ട അടൂര്‍ തെക്കെക്കര പന്തളം മാങ്കുഴി കുറ്റിയില്‍ സതീഷ് (ഷാജി - 30) എന്നിവരെയാണ് കുന്നംകുളം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയി തോമസ്, ആശിഷ്, സുമേഷ്, ഷൈജു എന്നിവരടങ്ങുന്ന സംഘം ചാലക്കുടി ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാണിപ്പയ്യൂരിലെ ഇന്‍ഡ്‌സ് മൊബൈല്‍ ടവറില്‍ നിന്നാണ് 32,500 രൂപയുടെ 30 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മറും ഒമ്പതു സെറ്റ് ബാറ്ററിയും ഒരു ജി.ഡി. ബാറ്ററിയും മോഷ്ടിച്ചത്. മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനായ ചൂണ്ടല്‍ സ്വദേശി ചൂണ്ടല്‍ വീട്ടില്‍ ജെയ്‌സന്‍ നല്‍കിയ പരാതിയിലാണ് ബാറ്ററി മോഷ്ടാക്കളെ അറസ്റ്റു ചെയ്തത്.

വലിയ ചരക്ക് ലോറിയില്‍ കാണിപ്പയ്യൂരിലെ ടവറിനു താഴെ രാവിലെ ഒമ്പതിന് എത്തിയ സംഘം ടവറിന്റെ ജോലിക്കാരെന്ന വ്യാജേന നാട്ടുകാര്‍ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് സാധനങ്ങള്‍ താഴെയ്ക്ക് വലിച്ചെറിയുകയായിരുന്നു.
പഴയ ബാറ്ററികള്‍ മാറ്റുന്നവരാണെന്ന് കരുതിയ നാട്ടുകാര്‍ക്ക് സംഭവത്തില്‍ ദുരൂഹത തോന്നിയില്ല. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ടെക്‌നീഷ്യനായ ജെയ്‌സന്‍ ടവറിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സമാനമായ രീതിയില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലും സംഘം ബാറ്ററികള്‍ മോഷ്ടിച്ചിരുന്നു.












Click it and Unblock the Notifications