• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുതിരാനിലെ ശോചനീയാവസ്ഥ: വിവിധ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു,അറ്റകുറ്റപ്പണിയില്ല കെഎംസിയുടെ അനാസ്ഥ!

  • By desk

തൃശൂര്‍: ദേശീയപാത കുതിരാനിലെ ശോചനീയാവസ്ഥയ്‌ക്കെതിരേ വിവിധ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു. ടാറിങ് തകര്‍ന്ന് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയായതോടെയാണ് സമരപരിപാടികളുമായി ജനം നിരത്തിലിറങ്ങുന്നത്. കുതിരാനിലൂടെയുള്ള വാഹനയാത്ര മാസങ്ങളായി ദുഷ്‌കരമായ അവസ്ഥയാണ്. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തി യാത്രാക്ലേശം പരിഹരിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടുവെങ്കിലും കരാര്‍ കമ്പനിയായ കെ.എം.സിയുടെ അനാസ്ഥ തുടരുകയാണ്. കുഴികള്‍മൂലം മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണാന്‍ പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പീച്ചി റോഡ് ജങ്ഷനില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ബുധനാഴ്ച മുതല്‍ സമരം ആരംഭിക്കും. ഡി.വൈ.എഫ്.ഐ. മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. അതിനിടെ ദേശീയപാതയിലെ ശോചനീയാവസ്ഥയെത്തുടര്‍ന്ന് പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ബസുകള്‍ വടക്കുഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ദേശീയപാതയിലെ കുരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളം സ്വകാര്യബസുകള്‍ വഴിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പുപാലം ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ദേശീയപാത ദുരന്തപാതയായി മാറിയ വഴുക്കുമ്പാറ മുതല്‍ കൊമ്പഴ വരെയുള്ള ഭാഗം അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം. പാണഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ടി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോ, പി.ജെ. ജോസഫ്. മുന്‍കാല സമരനായകന്‍ ഷെമീര്‍ബാബു, ജോസ് പൊതുകാട്ടില്‍, ജോര്‍ജ് പായപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിര്‍മാണത്തിന് വീണ്ടും കോടികള്‍ വകയിരുത്തി പദ്ധതി ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറകില്‍ വന്‍ അഴിമതി ഉണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍. 600 കോടി രൂപ ചെലവഴിച്ച് 30 മാസം കൊണ്ട് പണിപൂര്‍ത്തീകരിക്കാന്‍ 2009 ല്‍ എഗ്രിമെന്റ് ചെയ്ത പദ്ധതി ഇപ്പോള്‍ 9 വര്‍ഷം പിന്നിട്ടു. തുക 900 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇക്കാലയളവില്‍ 300 നുമുകളില്‍ അപകടങ്ങളും 53 പേരുടെ അപകടമരണങ്ങളുമാണുണ്ടായത്. ഇതിനു ഉത്തരവാദികളായ നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും കരാര്‍ കമ്പനിക്കുമെതിരേ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്നും പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പീച്ചി റോഡ് ജങ്ഷനില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.

ദേശീയപാത മണ്ണുത്തി മുതല്‍ വാണിയംപാറവരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്. ദേശീയപാത പൂര്‍ണമായും തകര്‍ന്ന് വാഹനഗതാഗതം രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുകയാണ്. പലപ്പോഴും ഗതാഗതം സ്തംഭനാവസ്ഥയിലാണ്. ഒരുമാസം മുമ്പ് വഴുക്കുംപാറയില്‍ മദ്ധ്യവയസ്‌കന്‍ കുഴിയില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഇടപെടല്‍ നടത്തി റീടാറിങ്ങിന് 2.65 കോടി രൂപ അനുവദിപ്പിക്കുവാന്‍ നടപടികള്‍ കൈക്കൊണ്ടു. മഴ മാറിനിന്നാല്‍ 10 ദിവസം കൊണ്ട് പാത പൂര്‍ണമായും റീ-ടാറിങ് നടത്തുന്നതാണെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ കുഴി അടയ്ക്കാനെന്ന പേരില്‍ ക്വാറി വേസ്റ്റ് ഇട്ടത് അസഹ്യമായ പൊടിശല്യമുണ്ടാക്കുകയാണ്. വാണിയംപാറ, കുതിരാന്‍, വഴുക്കുംപാറ, പട്ടിക്കാട്, പീച്ചിറോഡ് ജങ്ഷന്‍, മുടിക്കോട്, മുളയം, വെട്ടിക്കല്‍, മണ്ണുത്തി തുടങ്ങി പ്രധാന കേന്ദ്രങ്ങളെല്ലാം പൊടിശല്യം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികള്‍ പ്രത്യേകിച്ച് എം.പി.യും എം.എല്‍.എ.യും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കുതിരാനില്‍ വാഹനങ്ങള്‍ കുരുങ്ങി മണിക്കൂറുകളോളം നീണ്ട കുരുക്കാണ് ഉണ്ടാകുന്നത്. ഇതിനെതിരേ ജനരോഷം ശക്തമായിരുന്നെങ്കിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് സമര പ്രതിഷേധങ്ങള്‍ നീണ്ടത്. പ്രളയ ദുരന്തം അവസരമാക്കി ഭരണകൂടവും കരാര്‍ കമ്പനിയും ഒളിച്ചുകളിക്കുകയാണെന്നും ആരോപണമുണ്ട്. ജനങ്ങളോട് പ്രതിബദ്ധത കാണിക്കാത്ത ഭരണകൂടത്തിന്റെയും കരാര്‍ കമ്പനിയുടെയും നിസംഗതയ്‌ക്കെതിരേ ശക്തമായ ജനരോഷവും പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതുവരെ അനിശ്ചിതകാല സമരത്തിനാണ് പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തുടക്കംകുറിച്ചത്. പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം എം.പി. വിന്‍സെന്റ്, അഡ്വ. ഷാജി കോടംകണ്ടത്ത്, രാജേന്ദ്രന്‍ അരങ്ങത്ത്, ഭാസ്‌കരന്‍ ആദങ്കാവില്‍, ടി.ജെ. സനീഷ്‌കുമാര്‍, ടി.എം. രാജീവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷിബു പോള്‍, ജോസ് പാലോക്കാരന്‍, ഇ.എസ്. അനിരുദ്ധന്‍, ടി.എസ്. മനോജ്കുമാര്‍, എം.എല്‍. ബേബി, ബാബു തോമസ്, കെ.പി. എല്‍ദോസ്, സി.വി.ജോസ്, ഷിജോ പി. ചാക്കോ, റോയ് തോമസ്, ടി.എ. ജയ, ജോളി ജോര്‍ജ്, ബേബി ആശാരിക്കാട്, ആന്റോ അഗസ്റ്റിന്‍, ജിഷ വാസു, അച്ചാമ്മ ജോയി, ഇ.എം. മനോജ്, സാലി തങ്കച്ചന്‍, ഷൈജു കുര്യന്‍, സൂരജ് രഘുനാഥ്, പി.പി. റെജി, ജേക്കബ് മേലേപുതുപറമ്പില്‍, രാജേഷ് കുളങ്ങര, ശശീന്ദ്രന്‍ കുണ്ടുവാറ, ബെന്നി തൂളികുളം, ജോണി നെടിയപാലയ്ക്കല്‍, ജോബി കൂട്ടാല, കെ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിച്ചു.

Thrissur

English summary
thrissur local news about protests errupts on kuthiran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X