ഡോക്ടർക്ക് കൈകൂലി നൽകിയില്ല; വേദന സഹിക്കട്ടേയെന്ന് ഡോക്ടർ, വേദനസംഹാരിയില്ലാതെ ശസ്ത്രക്രിയ
തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ ശസ്‌ത്രക്രിയയ്‌ക്കുമുമ്പു വേദനസംഹാരി നല്‍കാതെ ഡോക്‌ടര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് രോഗിയായ എം.എ. അബ്‌ദുള്‍ ലത്തീഫ്. ഇന്നലെ പത്രസമ്മേളനത്തിലാണ് മലപ്പുറം ജില്ലയിലെ ചേലക്കാടവ് മുക്കുതല മാളിയേക്കല്‍ അബ്‌ദുള്‍ ലത്തീഫ് പരാതി ഉന്നയിച്ചത്.
കിഡ്‌നി ട്യൂബില്‍ കല്ലുവന്നതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് ലത്തീഫിന് ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നത്. മെഡിക്കല്‍ കോളജിലെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കുമിടെ യൂറോളജി വിഭാഗം ഡോക്‌ടര്‍ രാജേഷ് കെ. കുമാര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. ഇതേ കുറിച്ച് അബ്‌ദുള്‍ ലത്തീഫ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

കിഡ്‌നിയിലെ കല്ലുമാറ്റാനുള്ള ശസ്‌ത്രക്രിയ നടത്തുമ്പോള്‍ ഡോക്‌ടറോട് വേദനസംഹാരി നല്‍കാന്‍ പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നു ലത്തീഫ് പറഞ്ഞു. കേണപേക്ഷിച്ചപ്പോള്‍ ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായത്. ശസ്‌ത്രക്രിയയ്‌ക്കിടെ ശരീരത്തില്‍ സ്റ്റഡ് പിടിപ്പിക്കുന്ന കാര്യവും നേരത്തെ അറിയിച്ചില്ല. വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ തുടര്‍ചികിത്സയും മരുന്നും നല്‍കാതെ മൂന്നുദിവസം ആശുപത്രി അധികൃതരും പീഡിപ്പിച്ചു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ 10,000 രൂപവരെയുള്ള കൈക്കൂലി ഡോക്‌ടറുടെ വീട്ടില്‍ കൊണ്ടുകൊടുക്കാത്തതാണ് പീഡനത്തിന് കാരണമെന്ന് വ്യക്‌തമായെന്നും അബ്‌ദുള്‍ ലത്തീഫ് പറഞ്ഞു.
ശരീരത്തില്‍ അണുബാധ ഉണ്ടായിട്ടും സ്റ്റഡ് എടുത്തുമാറ്റാതെയാണ് തന്നെ ആശുപത്രിയില്‍നിന്ന് പറഞ്ഞുവിട്ടത്. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ശരിയായ ചികിത്സ ലഭിച്ചില്ല. വേദന സഹിക്കാതായതോടെ, തൃശൂരിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് കിഡ്‌നിയില്‍ രൂപപ്പെട്ട കല്ലിന്റെ പ്രധാന ഭാഗം അവിടെതന്നെ ഇരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ വന്‍തുക ചെലവഴിച്ച് ശസ്‌ത്രക്രിയ നടത്തേണ്ടി വന്നു.
സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ സ്വകാര്യ പ്രക്‌ടീസ് നടത്താന്‍ പാടില്ലെന്ന് നിയമമുള്ളപ്പോള്‍ ഡോ. രാജേഷ് കെ. കുമാര്‍ തന്റെ വീട്ടില്‍ വന്‍ തുക ഫീസുവാങ്ങി പരിശോധന നടത്തുന്നതിനെ പറ്റി അന്വേഷിക്കണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഡോക്‌ടറുടെ വീട്ടിലെത്തി വന്‍ തുക നല്‍കുന്നവര്‍ക്കു മാത്രമേ മികച്ച ചികിത്സയൊരുക്കുന്നുള്ളൂവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍, മനുഷ്യാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും പരാതി നല്‍കി. ചങ്ങരംകുളത്തെ കാരുണ്യം പാലിയേറ്റീവ് കെയറില്‍ നിരവധി രോഗികളെ രാപ്പകലില്ലാതെ പരിചരിക്കുന്ന സജീവ പ്രവര്‍ത്തകനാണ് എം.എ. അബ്‌ദുള്‍ ലത്തീഫ്.












Click it and Unblock the Notifications