അപൂര്‍വയിനം ഓന്തിനെ കണ്ടെത്തി; തൃശൂരിലാണ് വംശനാശ ഭീഷണി നേരിടുന്ന ഓന്തിനെ കണ്ടെത്തിയത്
തൃശൂര്‍: സംസ്ഥാനപാതയില്‍ കായാംപൂവം ഭാഗത്ത് കണ്ട അപൂര്‍വയിനം ഓന്തിനെ രക്ഷിച്ച് കാട്ടില്‍ കയറ്റി വിട്ടു. വാഹനങ്ങള്‍ കുതിച്ചുപായുന്ന സംസ്ഥാനപാത കുറുകെ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ബൈക്ക് യാത്രക്കാരനായ ചേലക്കര കുന്നത്ത് പ്രവീണ്‍ നടുറോഡില്‍ ഓന്തിനെ കാണുന്നത്.
വാഹനങ്ങള്‍ കയറി അപകടത്തില്‍ പെടാതിരിക്കുന്നതിനായി പിടികൂടി സമീപത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പച്ചയില്‍ വെളുത്ത വരകളോടെ കണ്ട ഓന്തിന് അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ച് നിറം മാറാനും, ഏത് പരിതസ്ഥിതിയിലാണോ നില്‍ക്കുന്നത് അതിന് യോജിച്ച നിറം മാറ്റാനാകും.

സൂര്യപ്രകാശത്തില്‍നിന്നുള്ള തീവ്രത കുറയ്ക്കാന്‍ ശരീരം ലൈറ്റ് കളറാക്കി മാറ്റാനുമാകും. ഇരുണ്ട നിറത്തിലാണെങ്കില്‍, അല്പം ശ്രദ്ധിക്കണം. ആ സമയത്ത് ആക്രമണ സ്വഭാവം പുറത്തെടുക്കും ഇണയെ ആകര്‍ഷിക്കാനും ഇണചേരാനും പ്രത്യേകം നിറങ്ങളുണ്ട്. പച്ചനിറത്തില്‍പ്പെട്ട ഇത് വംശനാശം നേരിടുന്ന ചാമിലിയോണ്‍ എന്ന അപൂര്‍വയിനം ഓന്താണെന്ന് അധികൃതര്‍ പറഞ്ഞു. കുറച്ചുനേരം ഫോറസ്റ്റ് സ്‌റ്റേഷനില്‍ സൂക്ഷിച്ചശേഷം അടിക്കാട്ടിലേക്ക് ചാമിലിയോണെ കയറ്റിവിട്ടു.












Click it and Unblock the Notifications