തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയിലെ അപകടം: കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വഴുക്കുംപാറയില്‍ ബൈക്ക് യാത്രക്കാരന്‍ ലോറികയറി മരിച്ചതില്‍ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പാണഞ്ചേരി പഞ്ചായത്തിലും ദേശീയപാത മണ്ണുത്തി മുതല്‍ വാണിയംപാറ വരെയുമാണ് ഹര്‍ത്താല്‍. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കടകളും അടഞ്ഞുകിടന്നു.

കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കുഴുപ്പില്‍, വി. അശോക്കുമാര്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് ബിബിന്‍ ആലപ്പാട്ട് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ഹര്‍ത്താലിന് നാട്ടുകാരും കടയുടമകളും ബസ് ഉടമകളും ജീവനക്കാരും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഹര്‍ത്താലിന് പിന്തുണ നല്‍കി വിജയിപ്പിച്ച എല്ലാവര്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് നന്ദി അറിയിച്ചു.

Harthal

ദേശീയപാതയില്‍ വഴുക്കുംപാറയിലെ ബൈക്ക് അപകടത്തെ തുടര്‍ന്ന് പാതയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണം. മരണപ്പെട്ട മുരളിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പീച്ചി റോഡ് ജങ്ഷനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അനുശോചന യോഗം ആവശ്യപ്പെട്ടു. ഒല്ലൂക്കര ബ്ലോക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുശോചന യോഗം മുന്‍ എം.എല്‍.എ. എം.പി. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗാനന്തരം നടത്തിയ പ്രതിഷേധ പ്രകടനം പീച്ചി ജങ്ഷനില്‍നിന്ന് ആരംഭിച്ചു. പഞ്ചായത്തിന് റോഡിലൂടെ വീണ്ടും പീച്ചി റോഡ് ജങ്ഷനില്‍ സമാപിച്ചു. ഈ വിഷയം ഇത്രയും രൂക്ഷമായിട്ടും. എം.പി.യും എം.എല്‍.എയും ഒളിച്ചിരിക്കുകയാണെന്നും ഇനിയെങ്കിലും പുറത്തുവന്ന് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ആവശ്യമായ ഫണ്ട് സര്‍ക്കാരില്‍ നിന്നു നേടിയെടുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി. അഭിലാഷ് ആവശ്യപ്പെട്ടു.

Harthal

ഡി.സി.സി. സെക്രട്ടറി ഭാസ്‌കരന്‍ ആദംകാവില്‍, കെ.ആര്‍. ഗിരിജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പോള്‍, ബസുടമ സംഘം സംസ്ഥാന സെക്രട്ടറി ജോസ് കുഴുപ്പില്‍, പി.വി. പത്രോസ്, ടി.പി. ജോര്‍ജ്, ബാബു തോമസ്, ടി.എ. ജയാ റോയ് തോമസ്, കെ.പി. ചാക്കോച്ചന്‍, ഷൈജു കുര്യന്‍, ഷിജൊ പി. ചാക്കോ, വിനോദ്, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എ.ഐ.വൈ.എഫ്. ഒല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് സെന്ററില്‍ ദേശീയപാത ഉപരോധിച്ചു. പട്ടിക്കാട് സെന്ററില്‍നിന്നു പ്രകടനമായി എത്തി പീച്ചി റോഡ് ജങ്ഷനില്‍ ഉപരോധം ആരംഭിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി മെമ്പര്‍ പ്രസാദ് പരേരി ഉദ്ഘാടനംചെയ്തു. എന്‍.എച്ച്.എ.ഐ. യും കരാര്‍ കമ്പനിയും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണം, ഹൈവേയുടെ അശാസ്ത്രീയ നിര്‍മാണം മൂലം ഉണ്ടാകുന്ന അപകടമരണത്തിന് കരാര്‍ കമ്പനിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.

Harthal

ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.ആര്‍. രാധാകൃഷ്ണന്‍, എം.കെ. ഗോപാലകൃഷ്ണന്‍, കനിഷ്‌കന്‍ വല്ലൂര്‍, എം.ഇ. എല്‍ദൊ, വി.ടി. സജീവ്കുമാര്‍, കെ.ജെ. ജിനേഷ്, പ്രശാന്ത്, ടി.ജെ. വൈശാഖന്‍, സേതു താണിക്കുടം, ഫ്രെഡി ഷാജു, പി.എസ്. അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗാനന്തരം പ്രവര്‍ത്തകര്‍ ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്തി ഉപരോധം തുടങ്ങിയതോടെ പീച്ചി പോലീസ് റോഡില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് വി.ടി. സജീവ്കുമാറിനെ ആദ്യം നീക്കംചെയ്തു. മറ്റു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്ത് നീക്കി.

മണ്ണുത്തി -വടക്കുഞ്ചേരി ആറുവരി ദേശീയപാതയുടെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് സി.എന്‍. ജയദേവന്‍ എം.പി. അടിയന്തര സന്ദേശം അയച്ചു. ദേശീയപാത അഥോറിറ്റിയുടേയും കരാറുകാരുടേയും അനാസ്ഥയാണ് പണി പൂര്‍ത്തിയാക്കാത്തതിനു കാരണം. അതു മൂലം ദേശീയപാതയില്‍ ഇപ്പോള്‍ അപകടങ്ങളും ദുരിതങ്ങളും ഉണ്ടായികൊണ്ടിരിക്കുകയാണ്.

കുതിരാനില്‍ നിര്‍മാണം പൂര്‍ത്തിയായ തുരങ്കത്തിലൂടെ ഗതാഗതത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുവാന്‍ പോലും ദേശീയപാത അഥോറിറ്റി നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുടിക്കോട്, മുല്ലക്കര - മുളയം ജങ്ഷനുകളില്‍ അടിപ്പാത നിര്‍മാണത്തിന് അടിയന്തര അനുമതി ലഭ്യമാക്കണം. ജനപ്രതിനിധികള്‍ ദേശീയപാത അഥോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നെടുത്ത അറ്റകുറ്റ പണികള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയും വലിയ വീഴ്ച വരുത്തി.

ഈ സാഹചര്യത്തില്‍ മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാത നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് ജനങ്ങളും യാത്രക്കാരും നേരിടുന്ന കഷ്ടതകള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു.

മണ്ണുത്തി ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിക്ക് നേരെ ആക്രമണം. വഴുക്കുമ്പാറയില്‍ ദേശീയപാത കരാര്‍ കമ്പനിയുടെ അനാസ്ഥയെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി കെ.എം.സി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫീസിന്റ ജനല്‍ ചില്ലുകളും വാതിലുകളും അടിച്ച് തകര്‍ത്തു. ഓഫീസിനകത്തുണ്ടായിരുന്ന തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ടശേഷമായിരുന്നു ആക്രമണം. പ്രതിഷേധ പ്രകടനത്തിന് വി.സി. സുജിത്ത്, നിധിന്‍ ശ്രീകുമാര്‍, കെ.കെ. രവി തുടങ്ങിവര്‍ നേതൃത്വം നല്‍കി. കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്.

Thrissur
English summary
Thrissur Local News about Congress harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X