തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ ഗുണ്ടാ സംഘം പിടിയിൽ; രണ്ട് ദിവസം തുടർച്ചയായി രണ്ട് വധശ്രമം, പിടിച്ചു പറി, കഞ്ചാവ് വിൽപ്പന!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഒരേ ദിവസം രണ്ട് വധശ്രമം നടത്തിയ ഗുണ്ടാസംഘം പിടിയില്‍. കോണത്തുകുന്ന് കോടുമാടത്തി വീട്ടില്‍ ടോം ജിത്തിനെ(28) രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വടിവാളു കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തിശേരി മുതിരപ്പറമ്പില്‍ പ്രവീണ്‍ (20), മുപ്ലിയം ദേശത്ത് കളത്തില്‍ പണ്ടാരപറമ്പില്‍ വീട്ടില്‍ മഹേന്ദ്ര കൃഷ്ണ (20) എന്നിവരെ ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ എട്ടിനു രാത്രി ഏഴോളം പ്രതികള്‍ വടിവാളും, കത്തിയും,കഠാരയും, ഇരുമ്പു വടികളുമായി ടോം ജിത്തിന്റെ വീട്ടില്‍ കയറി ഭാര്യ രശ്മിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടിലെ ടിവി അലമാര, ജനല്‍ ചില്ലുകള്‍, വാതിലുകള്‍ എന്നിവ തല്ലി പൊളിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ടോം ജിത്തും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിരവധി കേസുകളില്‍ പ്രതികള്‍ മാള കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചെങ്കിലും കൂടെ ചെല്ലാത്തതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് കാരണം.

Thrissur map

ആക്രമണത്തില്‍ ഗുരുതര പരിക്കുപറ്റിയ ടോം ജിത്തിനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നു. ഈ ആക്രമണത്തിനു ശേഷം പോലീസ് വരുന്നതറിഞ്ഞ പ്രതികള്‍ മാളയിലേക്ക് കാറില്‍ രക്ഷപെടുകയും, അന്നു രാത്രി തന്നെ മാള കാവനാട് എന്ന സ്ഥലത്ത് വച്ച് വഴിയാത്രക്കാരനായ എടത്താതറ വീട്ടില്‍ അഭീഷ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടാന്‍ ഓടിക്കുകയും, തടയാന്‍ ചെന്ന നാട്ടുകാരെ ആയുധവുമായി ഭീഷണിപെടുത്തുകയും ചെയ്തു.

ഈ കാര്യത്തിന് മാള പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരേ വധശ്രമ കേസ് എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായ പ്രവീണിന് കാട്ടൂര്‍ സ്റ്റേഷനില്‍ വധശ്രമം, കൊരട്ടി പോലീസ് സ്റ്റേഷനില്‍ രാത്രി വ്യാപാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് പണവും, ആഭരണവും കവര്‍ച്ച ചെയ്ത കേസും, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ കഞ്ചാവ് കേസും, ഉള്‍പ്പെടെ പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും, ഇരിങ്ങാലക്കുട സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്.

വാഹനം വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്പന നടത്തുകയും, ക്വട്ടേഷന്‍ നടത്തുകയുമാണ് ഇവരുടെ രീതി. ക്വട്ടേഷനിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും മറ്റുമാണ് പ്രതികള്‍ ചെലവഴിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് പ്രതികള്‍. പിടിയിലായ മഹീന്ദ്ര കൃഷ്ണ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസും, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഇരട്ട വധശ്രമത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകേഷ് കടവത്ത്, സി.പി.ഓ മാരായ രാഹുല്‍ അമ്പാടന്‍ , പി.എസ് രാഗേഷ് .അനൂപ് ലാലന്‍ , എം.എസ് വൈശാഖ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട പോലീസ് പ്രതികളുമായി ആക്രമണത്തിനിരയായ വീട്ടില്‍ കൊണ്ടുചെന്ന് തെളിവെടുപ്പ് നടത്തി.

Thrissur
English summary
Thrissur Local News: Gunda gang arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X