തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലങ്കോട് കൊട്ടാരത്തിന് 'ശാപമോക്ഷം': സന്ദര്‍ശകര്‍ക്കായി വെള്ളിയാഴ്ച തുറന്നു നല്‍കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അവസാനം കൊല്ലങ്കോട് കൊട്ടാരത്തിന് 'ശാപമോക്ഷം' കിട്ടി. തൃശൂര്‍ ജില്ലാ പൈതൃകമ്യൂസിയമായ ചെമ്പൂക്കാവ് കൊല്ലങ്കോട് കൊട്ടാരത്തിനാണ് അധികാരികളുടെ കനിവില്‍ ശാപമോക്ഷമായത്. സൗന്ദര്യവല്‍ക്കരിച്ച കൊല്ലങ്കോട് കൊട്ടാരം വെള്ളിയാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പൈതൃക മ്യൂസിയത്തിലെ കേരളപ്പഴമയുടെ കാഴ്ചകള്‍ക്ക് ഇനി സൗന്ദര്യവും സൗകര്യവും കൂടും. മലയാളികള്‍ക്കുപോലും അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൈതൃക ശേഷിപ്പുകള്‍ സംരക്ഷിച്ചുകൊണ്ട് മ്യൂസിയം കൂടുതല്‍ മനോഹരമാക്കിയത്. കേരളത്തിന്റെ പൈതൃകം അറിയാനും പഴയ കാലഘട്ടത്തിനൊപ്പം സമയം ചെലവിടാനും ഒരിടമാണ് വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാകുന്ന പൈതൃക മ്യൂസിയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 35 ലക്ഷത്തോളം ചെലവഴിച്ചാണ് സൗന്ദര്യവത്കരണം യാഥാര്‍ഥ്യമാക്കിയത്. കാടു പിടിച്ച് കിടന്നിരുന്ന കൊട്ടാരമുറ്റത്തിന്റെ സ്ഥാനത്ത് മനോഹര കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശാരീരിക വെല്ലുവിളിയുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് മ്യൂസിയത്തിനകത്ത് അനായാസമായി കയറിയിറങ്ങാന്‍ കഴിയുന്നവിധമാണ് നവീകരിച്ചത്. പൈതൃക മ്യൂസിയത്തിന്റെ ചുറ്റുമതില്‍ ആകര്‍ഷകമായി പുതുക്കിപ്പണിതു. 800 മീറ്റര്‍ നീളത്തിലും പത്തടി, അഞ്ചടി വീതിയിലുമായി തൃശൂരിന്റെ പൈതൃകങ്ങളാണ് ചുറ്റുമതിലില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. അമ്പതോളം പാനലുകളിലായാണ് കലാരൂപങ്ങള്‍ ചുറ്റുമതിലില്‍ ഇടംപിടിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം, പുലിക്കളി, കൊടുങ്ങല്ലൂര്‍ പൈതൃകം, കണ്ണകി ശപഥം, അര്‍ണോസ് പാതിരിയുടെ സന്ദര്‍ശനം, ചേരമാന്‍ പള്ളി, പുത്തന്‍പള്ളി തുടങ്ങിയ തൃശൂരിന്റെ കൈയൊപ്പു പതിഞ്ഞ കാഴ്ചകള്‍ ചുറ്റുമതിലില്‍ ആസ്വദിക്കാം. ഫെറോ സിമെന്റിലാണ് കലാരൂപങ്ങള്‍ ഒരുക്കിയത്. ചുറ്റുമതില്‍ നിര്‍മാണത്തില്‍ ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രകാരന്‍മാരും കലാ വിദ്യാര്‍ഥികളും കൂടിയാണ് പൈതൃക മതില്‍ തയാറാക്കിയത്.

kollankodemuseum

ചുമര്‍ച്ചിത്ര ഗാലറി, ചരിത്രഗാലറി എന്നിവയും പുന:സജ്ജീകരിച്ചു. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലുള്ള ചുമര്‍ച്ചിത്രങ്ങളുടെ പുനരാവിഷ്‌കാരം ഇവിടെ കാണാം. മഹാശിലായുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചരിത്ര ഗാലറി ഒരുക്കിയത്. പൈതൃക വസ്തുക്കളുടെയും നാടന്‍കലകളുടെയും ശേഖരമടങ്ങിയ ഫോ്ക്‌ലോര്‍ ഗാലറിയും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു. താഴത്തെ നിലയില്‍ പ്രാചീന ശിലായുഗത്തിലെ നന്നങ്ങാടികള്‍, ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ ചിത്രങ്ങള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. മുകളിലത്തെ നിലയിലാണ് അപൂര്‍വമായ ചുമര്‍ച്ചിത്രങ്ങളുടെ നിരയുള്ളത്. കൂടാതെ കെട്ടിടത്തിന്റെ ഉള്‍ഭാഗത്ത് പഴയകാലത്തെ അടുക്കളയുടെ മാതൃക പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അമ്മി, ആട്ടുകല്ല്, വിറകടുപ്പ്, റാന്തല്‍, ഉറി, ഉരല്‍ തുടങ്ങി പഴയ തലമുറ ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം അടുക്കളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പൈതൃക മതിലിന്റെ ഭാഗങ്ങളിലും കോമ്പൗണ്ടിലും വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മ്യൂസിയത്തിന്റെ മുന്‍ഭാഗം അലങ്കാരപ്പുല്ല് വച്ചുപിടിപ്പിച്ചു. ജില്ലാ പൈതൃക മ്യൂസിയം മൃഗശാലയുടെ സമീപത്തായതിനാല്‍ മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മ്യൂസിയത്തിലുമെത്താം. കൊട്ടാരത്തിന്റെ വളപ്പില്‍ കുട്ടികളുടെ പാര്‍ക്ക്, വിശ്രമിക്കാന്‍ 30 തോളം ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അനാഥാവസ്ഥയില്‍ കിടന്നിരുന്ന ജില്ലാ പൈതൃകമ്യൂസിയമായ കൊല്ലങ്കോട് കൊട്ടാരം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ മികച്ച സൗകര്യങ്ങളോടെ സൗന്ദര്യവല്‍ക്കരിച്ചു കഴിഞ്ഞു.

1904ല്‍ കൊല്ലങ്കോട് രാജാവായ സര്‍ വസുദേവരാജ പണികഴിപ്പിച്ച ഈ കൊട്ടാരം 1975ല്‍ കേരള പുരാവസ്തു മ്യൂസിയമാക്കുകയും പിന്നീട് 2005ല്‍ ചുമര്‍ചിത്രകലാ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 2016ലാണ് ജില്ലാ പൈതൃകമ്യൂസിയമാക്കി ഉയര്‍ത്തി കൊല്ലങ്കോട് കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. കൊട്ടാരം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊട്ടാര പരിസരമെല്ലാം വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയും ചുമര്‍ ചിത്ര ഗ്യാലറി, ചിത്രഗ്യാലറി, പൈതൃകമതില്‍ എന്നിവ പുനഃസജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പൈതൃക വസ്തുക്കളുടേയും നാടന്‍ കലകളുടേയും തൊഴില്‍ അനുബന്ധ ഉപകരണങ്ങളുടേയും ശേഖരമടങ്ങിയ ഫോക്‌ലോര്‍ ഗ്യാലറിയും സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൈതൃക മ്യൂസിയത്തില്‍ സന്ദര്‍ശകരെ അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് രണ്ടു രൂപയുമാണ് പ്രവേശന ഫീസ്.

വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍, സി.എന്‍. ജയദേവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് എസ്. അബു, മുന്‍ ഡയറക്ടര്‍ കെ. ഗംഗാധരന്‍ , മുന്‍മേയര്‍ ഐ.പി. പോള്‍, പി.കെ. ഷാജന്‍, അഡ്വ. കെ.ബി. സുമേഷ് , ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് , എം.ഡി. ഗ്രേയ്‌സ്, വി. വല്ലഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Thrissur
English summary
Thrissur local news kollankode palace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X