തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിര്‍മാണം നീളെ നീളെ... തീരുക അടുത്തവര്‍ഷം ഡിസംബറില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിര്‍മാണം അടുത്തവര്‍ഷം ഡിസംബര്‍ മുപ്പതോടെ മാത്രമേ തീര്‍ക്കാനാകൂവെന്നു കരാര്‍ കമ്പനി. പാതയിലെ അറ്റകുറ്റപ്പണികള്‍ 10ന് മുന്‍പ് തീര്‍ക്കാമെന്നും കരാര്‍ കമ്പനി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. റോഡില്‍ പണി പൂര്‍ത്തീകരിച്ച ഭാഗത്തെ ചില പണികള്‍ ചെയ്യാന്‍ സാധിക്കാത്തത് നാട്ടുകാരുടെ തടസം മൂലമാണെന്നാണ് കമ്പനി കോടതിയില്‍ വാദിച്ചത്.

വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

പുതിയ അടിപ്പാതയും സര്‍വീസ് റോഡും പുതിയ കരാറില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് പഴയ കരാറിലില്ലാത്ത പ്രകാരം നാട്ടുകാര്‍ ഇവ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണെന്നും ബോധിപ്പിച്ചു. ഇതുവരെ 89.5 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് കമ്പനിയുടെ അവകാശവാദം. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കും.

Road work

തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കേണ്ടതും തുരങ്കത്തിന്റെ പുറത്തേക്കും അകത്തേക്കും കടക്കുന്നതിനുള്ള വനഭൂമി ഏറ്റെടുക്കാന്‍ അനുവാദം കിട്ടാത്തതുമാണ് ദേശീയപാത നിര്‍മാണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളായി കമ്പനി നിരത്തിയത്. ട്രക്കുകള്‍ നിര്‍ത്തിയിടാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന രണ്ട് സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതും സര്‍വീസ് റോഡിന് കൂടുതലായി വേണ്ടിവരുന്ന 5.7 കി.മീ. റോഡ് അനുവദിച്ച് കിട്ടാത്തതും തുരങ്കത്തിനകത്ത് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുവാദം കിട്ടാത്തതും സാധാരണ മണ്ണ് നീക്കംചെയ്യാന്‍ അനുമതി കിട്ടാത്തതുമാണ് ദേശീയപാത നിര്‍മാണം വൈകിപ്പിക്കുന്നതെന്നും കരാര്‍ കമ്പനി ബോധിപ്പിച്ചു.

Road

ഒരു തുരങ്കപ്പാത തുറന്നാല്‍ ഗതാഗത തടസം അവസാനിക്കുമെന്ന് കോടതിയില്‍ കമ്പനി സമ്മതിച്ചു. വനഭൂമി ലഭിക്കാത്തതും കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ അനുവാദം കിട്ടാത്തതുമാണ് ഒന്നാമത്തെ തുരങ്കപ്പാത തുറന്നു കൊടുക്കാത്തതെന്നാണ് കമ്പനിയുടെ ന്യായീകരണം. തുരങ്കം തുറക്കുന്നതിന് മുമ്പ് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള മതില്‍ കെട്ടുവാന്‍ വനംവകുപ്പില്‍നിന്ന് അനുവാദം ലഭിക്കണമെന്നും അല്ലാത്തപക്ഷം തുരങ്കം തുറക്കാന്‍ സാധിക്കില്ലെന്നും കെ.എം.സി. വാദിച്ചു. മുന്‍പത്തെ കലക്ടര്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം തുരങ്കത്തിന്റെ അകത്തേക്കും പുറത്തേക്കും കടക്കുന്ന ഭാഗത്തെ മണ്ണ് നീക്കംചെയ്യാന്‍ ഉത്തരവ് കൊടുത്തിരുന്നുവെങ്കിലും വനംവകുപ്പ് അനുവാദം കൊടുത്തില്ലത്രേ.

Road

ദേശീയപാതയിലെ തകര്‍ന്നു കിടക്കുന്ന റോഡ് അടിയന്തരമായി റിപ്പയര്‍ ചെയ്യേണ്ടതുണ്ട്. റോഡിന്റെ അരികുകളിലെ മണ്ണിടിച്ചില്‍ തടയുന്നതിന് സുരക്ഷാ ഭിത്തികളും നിര്‍മിക്കണം. തന്മൂലമാണ് ദേശീയപാത അടുത്തവര്‍ഷം 30 ന് മാത്രമേ പണി തീര്‍ക്കാന്‍ കഴിയൂ എന്നു കോടതി മുമ്പാകെ ബോധിപ്പിച്ചത്. കുതിരാന്‍ തുരങ്കം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് കൊടുക്കണമെന്നും കാണിച്ച് ഡി.സി.സി. സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് , അഡ്വ. കെ.ബി. ഗംഗേഷ് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു. ഈ ഹര്‍ജിയിലാണ് കരാര്‍ കമ്പനി ഇന്നലെ കോടതിയില്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്.

ടാറിങ് നിലച്ചിട്ട് അഞ്ചുദിവസം

കുതിരാനില്‍ ടാറിങ് നിലച്ചിട്ട് അഞ്ചുദിവസം. കൊമ്പഴ മുതല്‍ വഴുക്കുംപാറ വരെ നടത്തുന്ന ടാറിങ്ങാണ് നിലച്ചത്. ഈ ഭാഗത്ത് ഇനി ഒരു കിലോമീറ്റര്‍ ദൂരം കൂടി ടാറിങ് നടത്താന്‍ ബാക്കിയുണ്ട്. കുതിരാനിലെ കുരുക്ക് ഒഴിവാക്കി പാത ഗതാഗതയോഗ്യമാകണമെങ്കില്‍ എത്രയും വേഗത്തില്‍ ഇത്രയും ഭാഗംകൂടി ടാറിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പ്ലാന്റിലെ തകരാറിനെ തുടര്‍ന്നു ടാര്‍ മിശ്രിതം എത്തുന്നില്ലെന്നാണു കമ്പനി അധികൃതരുടെ വിശദീകരണം. പേരാമ്പ്രയിലെ മിക്‌സ്ചര്‍ യൂണിറ്റില്‍ നിന്നാണ് ഈ ടാര്‍ എത്തിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമമാണു പ്രശ്‌നം. രണ്ടു ലോഡ് ടാര്‍ മിശ്രിതമെത്തിച്ചു മുളയം റോഡ് ജങ്ഷനിലെ മാരിയമ്മന്‍ കോവില്‍ പരിസരത്തെ വലിയ കുഴികള്‍ അടച്ചു.

ദിവസേന 10 ലോഡ് ടാറിങ് മിശ്രിതമെത്തിയാല്‍ മാത്രമേ അറുനൂറ് മീറ്റര്‍ റോഡ് ടാറിങ് നടത്താനാകൂ. ഈ മാസം പത്തിനു മുമ്പ് ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്നാണ് പൊതുമരാമത്തുമന്ത്രി കരാര്‍ കമ്പനിയ്ക്ക് അന്ത്യശാസനം നല്‍കിയത്. പീച്ചി റോഡ് ജങ്ഷന്‍, മുളയം റോഡ് ജങ്ഷന്‍, മുടിക്കോട്, പട്ടിക്കാട് എന്നിവിടങ്ങളില്‍ റോഡ് ഇപ്പോഴും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഈ മാസം പത്തിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന കരാര്‍ കമ്പനിയുടെ വാഗ്ദാനം പാലിക്കാനിടയില്ല. കുതിരാന്‍ ഭാഗത്ത് നടക്കുന്ന ടാറിങ്ങും നിര്‍ത്തിവെച്ച നിലയിലാണ്. പത്തിനകം കുഴികളടച്ച് ഗതാഗതം സുഗമമാക്കാനുള്ള വഴിയൊരുക്കുമെന്നാണ് കരാര്‍ കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനവും കമ്പനി മുഖവിലയ്‌ക്കെടുത്തിട്ടില്ല. മണ്ണുത്തി, മുല്ലക്കര, പട്ടിക്കാട് എന്നിവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികള്‍ ബാക്കി കിടക്കുകയാണ്. ടാറിങ്ങും കുഴിയടയ്ക്കലും വൈകുന്നത്് മഴ മൂലമാണെന്നാണ് കമ്പനിയുടെ നിലപാട്. ദേശീയപാതയില്‍ മഴയോടെ കുരുക്കും മുറുകുകയാണ്.


ജനപ്രതിനിധികള്‍ മിന്നല്‍ പരിശോധന നടത്തി

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ടാറിങ്ങിന് വേണ്ടിയുള്ള സാമഗ്രികള്‍ ഒരുക്കുവാന്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ച പന്നിയങ്കരയിലെ ടാര്‍ മിക്‌സിങ് പ്ലാന്റില്‍ പി.കെ. ബിജു എം.പിയും കെ.രാജന്‍ എം.എല്‍.എയും പരിശോധന നടത്തി. മന്ത്രിമാരായ ജി. സുധാകരന്റെയും സി. രവീന്ദ്രനാഥിന്റെയും സാന്നിധ്യത്തില്‍ മുമ്പു നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച ടാറിങ്ങ് മൂന്നുദിവസമായി നിലച്ചിരുന്നു.

ചാലക്കുടി പേരാമ്പ്രയിലെ പ്ലാന്റില്‍ ഉണ്ടായ സാങ്കേതിക തകരാറുകള്‍ മൂലം മിശ്രിതം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേശീയപാത അതോറിറ്റിയും കമ്പനിയും അറിയിച്ചത്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി മുന്‍കൈയെടുത്ത്, വാടക കൊടുക്കാത്തതിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്ന പന്നിയങ്കര പ്ലാന്റ് താല്‍ക്കാലികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് എം.പിയും എം.എല്‍.എയും നേരിട്ടെത്തി പരിശോധന നടത്തി സ്ഥിതിഗതി വിലയിരുത്തിയത്.

പ്ലാന്റില്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരുന്നതുമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി വിദഗ്ധര്‍ അറിയിച്ചുവെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. ആവശ്യമായ മെറ്റീരിയലും വാഹനവും തൊഴിലാളികളും ഉണ്ടെന്ന് കമ്പനികള്‍ അറിയിച്ചു.

സര്‍വീസ് റോഡുകള്‍ പാടെ തകര്‍ന്നു

വടക്കഞ്ചേരിയിലെ ദേശീയപാത സര്‍വീസ് റോഡുകള്‍ പാടെ തകര്‍ന്നു. വാഹനങ്ങള്‍ റോഡിലെ കുഴികളില്‍ കുടുങ്ങി. ഒടുവില്‍ പോലീസ് സര്‍വീസ് റോഡിലെ ഒരു ഭാഗത്തെ കുഴികള്‍ ഭാഗികമായി മൂടി. മഴ കനത്തതോടെ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് റോയല്‍ ജംഗ്ഷനും തങ്കം തിയറ്ററിനും ഇടയിലുളള സര്‍വീസ് റോഡിലെ കുഴികള്‍ മഴയില്‍ വലുതായത്.

ഒന്നും, രണ്ടും അടി താഴ്ച വരെയുളള കുഴികളുണ്ട്. ഇന്നലെ കാലത്ത് പാലക്കാട് ഭാഗങ്ങളില്‍ നിന്നും തൃശൂരിലെ ആശുപത്രികളിലേയ്ക്ക് രോഗികളുമായി വന്ന ആംബുലന്‍സുകള്‍ വരെ വഴിയില്‍ കുടുങ്ങിയതോടെയാണ് പോലീസ് രംഗത്ത് എത്തിയത്. പോലീസ് വടക്കഞ്ചേരി മണ്ണുത്തി റോഡ് നിര്‍മ്മാണ കമ്പിനിയായ കെ.എം.സി.ക്കാരെ വിളിച്ചു വരുത്തി റോഡിലെ കുഴികളില്‍ മെറ്റല്‍ ഇറക്കി.

സി.ഐ: എ. ദീപകുമാര്‍, എസ്.ഐ: കാസീം എന്നിവരുടെ നേതൃത്വത്തിലാണ് താല്‍കാലിക കുഴിയടക്കല്‍ നടന്നത്. പക്ഷെ ഏതാനും മീറ്ററോളം ദൂരം മാത്രമാണ് കുഴിയടച്ചത്. ബാക്കി ഭാഗങ്ങളില്‍ വന്‍ കുഴികള്‍ ഉണ്ടായിട്ടും അത് അടയ്ക്കാന്‍ നിര്‍മ്മാണ കമ്പനി തയ്യാറാകുന്നില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കി വരുന്നുണ്ട്.

Thrissur
English summary
Thrissur Local News about National Highway development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X