കലയുടെ നിറവസന്തം ഒരുക്കി നവനീതം മണ്‍സൂണ്‍ ഫെസ്റ്റിന് തുടക്കം
തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20 മുതല്‍ 22 വരെ മൂന്ന് ദിവസങ്ങളിലായി കേരള സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ മണ്‍സൂണ്‍ ഡാന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കും. 20ന് വൈകീട്ട് 6.30 നു സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ദിനമായ ജൂലൈ 20ന് വൈകീട്ട് 6.45 നു പ്രശസ്ത നര്‍ത്തകി ഗീത പത്മകുമാറിന്റെ കുച്ചിപ്പുടി അരങ്ങേറും. 21ന് വൈകീട്ട് 6.45ന് മൗലിക് ഷാഇഷിര പരീഖ് എന്നിവരുടെ കഥക് നൃത്തം മണ്‍സൂണ്‍ ഉത്സവ രാവിനെ ധന്യമാക്കും. ഫെസ്റ്റിന്റെ അവസാന ദിനമായ 22ന് വൈകീട്ട് 6.30ന് പത്മശ്രീ രഞ്ജന ഗൗഹറിന്റെ അതുല്യ പെര്‍ഫോര്‍മന്‍സാണ് വേദിയില്‍ നടക്കുക. 'ചിത്രാംഗദ' വിഷയമാക്കിയുള്ള ഒഡീസ്സിയാണ് രഞ്ജന അവതരിപ്പിക്കുന്നത്.

പത്മഭൂഷന്‍ വെമ്പട്ടി ചിന്നസത്യത്തിന്റെ പ്രിയ ശിഷ്യയാണ് കുച്ചിപ്പുടി നര്‍ത്തകിയായ ഗീത പത്മകുമാര്‍. ഖജുരാഹോ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ അവര്‍ തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ പരിശീലനം നേടിയ 'പദം സ്‌കൂള്‍ ഓഫ് കുച്ചിപ്പുടി'യുടെ ഡയറക്ടര്‍ കൂടിയാണ് ഗീത പത്മകുമാര്‍. ഇന്ത്യയ്ക്ക് പുറമേ 35 രാജ്യങ്ങളില്‍ തങ്ങളുടെ കലാചാരുതിയുമായി സഞ്ചരിച്ചിട്ടുള്ള പ്രശസ്ത കഥക് നര്‍ത്തകരാണ് മൗലിക് ഷാഇഷിര പരീഖ് സഖ്യം.

പത്മഭൂഷന്‍ കുമുദിനി ലാഖ്‌ലയുടെ പ്രിയ ശിഷ്യരാണ് ഇരുവരും. ഗുജറാത്ത് സര്‍ക്കാരിന്റെ 'ഗൗരവ് പുരസ്‌കാര്‍' ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് ഭാസ്‌കര്‍ ഗ്രൂപ്പ് ന്യൂസ് പേപ്പര്‍, ഗുജറാത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളില്‍ ഇരുവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

2003ല്‍ പത്മശ്രീയും 2007ല്‍ ദേശീയ സംഗീത നാടക അക്കാദമി അവാര്‍ഡും ഏറ്റുവാങ്ങിയ പ്രമുഖയായ ഒഡീസ്സി നര്‍ത്തകിയാണ് രഞ്ജന ഗൗഹര്‍. നിരവധി വിദേശ രാജ്യങ്ങള്‍ക്ക് പുറമേ ക്വീന്‍ എലിസബത്ത് റോയല്‍ ഫെസ്റ്റിവല്‍ ഹാള്‍, കോമണ്‍വെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, മെക്‌സികോ സെര്‍വെന്റിനോ ഫെസ്റ്റിവല്‍ എന്നീ വിഖ്യാത വേദികളിലും തന്റെ കലാചാതുരി പ്രകടമാക്കിയ നര്‍ത്തകിയാണ് രഞ്ജന. കേന്ദ്ര സാംസ്‌കാരിക വകുപ്പ് അടുത്തിടെ അര്‍ജന്റീനയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിവലിലും ഇവര്‍ പങ്കെടുത്തിരുന്നു.
കളരിപ്പയറ്റ് ഛൗ ഡാന്‍സ് ശില്പശാല
നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നര്‍ത്തകര്‍ക്കും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമായി കളരിപ്പയറ്റ്, ഛൗ നൃത്ത ശില്പശാല സംഘടിപ്പിക്കും. ജൂലൈ 20 മുതല്‍ 21 വരെ മൂന്ന് ദിവസങ്ങളിലായി സംഗീത നാടക അക്കാദമി നാട്യഗൃഹത്തില്‍ ആയിരിക്കും ശില്പശാല.
രാവിലെ 8 മുതല്‍ 9 വരെ നടക്കുന്ന കളരിപ്പയറ്റ് ശില്പശാല പ്രശസ്ത കളരിപ്പയറ്റ് പരിശീലകന്‍ ദില്‍ സാഗര്‍ നയിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഛൗ നൃത്ത ശില്പശാല സംഘടിപ്പിക്കുന്നത്. ഛൗ നൃത്ത പരിശീലകന്‍ ഗോവിന്ദ് മഹാതോ ആണ് ഇത് നയിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കുറുപ്പം റോഡിലുള്ള പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9920997639, 9167550110. ഇമെയില്‍: [email protected]
നവനീതം കലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കലയെ ഉപാസിക്കുന്ന പ്രമുഖ കലാകാരന്മാര്‍ക്കുള്ള ആദരവും പ്രോത്സാഹവുമായി നവനീതം കലാ അവാര്‍ഡുകകളും ഫെസ്റ്റിന്റെ ഭാഗമായി വിതരണം ചെയ്യും. സത്രിയ നര്‍ത്തകി അന്വേഷ മോഹന്തോയ്ക്കാണ് ഭാരത് കലാ രത്‌ന അവാര്‍ഡ് സമ്മാനിക്കുക. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചാക്യാര്‍കൂത്ത്കൂടിയാട്ടം കലാകാരനായ പി.കെ ഗോവിന്ദന്‍ നമ്പ്യാര്‍ക്കാണ് ഭാരത് കലാ ഭാസ്‌കര്‍ അവാര്‍ഡ്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 21ന് വൈകീട്ട് 6.30ന് രാജ്യസഭ എം.പി വി.മുരളീധരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications