കലക്ടറുടെ നിര്‍ദേശത്തിനു പുല്ലുവില... അടിപ്പാത നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യം
തൃശുര്‍: മുല്ലക്കരയില്‍ അടിപ്പാത നിര്‍മിക്കണമെന്ന കലക്ടറുടെ നിര്‍ദേശത്തിനു പുല്ലുവില കല്‍പിച്ച് എന്‍.എച്ച്.എ.ഐ. നേര്‍ക്കാഴ്ച്ച മനുഷ്യാവകാശ സമിതി സെക്രട്ടറിയും മുല്ലക്കര അടിപ്പാത നിര്‍മാണ സമരസമിതി വക്താവുമായ പി.ബി. സതീഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി കലക്ടറുടെ റിപ്പോര്‍ട്ടു തേടുകയായിരുന്നു. മുല്ലക്കര സെന്ററില അടിപ്പാത നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ദേശീയപാത വികസന അഥോറിറ്റിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനും ഇതേ കാഴ്ച്ചപ്പാടാണെന്നും കലക്ടര്‍ നല്‍കിയ അഡീഷണല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മെയ് 12 ന് കലക്ടര്‍ വിളിച്ച യോഗത്തില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ധാരണയായിരുന്നു. എന്‍.എച്ച്.എ.ഐ ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനാകാതിരുന്നതോടെ റീജ്യണല്‍ ഓഫീസറെ ബന്ധപ്പെട്ടു കലക്ടര്‍ വിവരം അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് പരിഗണിക്കാമെന്നായിരുന്നു റീജണല്‍ ഓഫീസറുടെ നിലപാട്.

കേരളത്തിലെ വന്‍തിരക്കു പരിഗണിച്ച് പ്രത്യേക നിലപാടു സ്വീകരിക്കണമെന്നായിരുന്നു കലക്ടറുടെ നിര്‍ദേശം. തുടര്‍ച്ചയായ ഹൗസിംഗ് കോളനികളുടെ സ്വഭാവത്തിലാണ് കേരളമെന്നു റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പൊതുസുരക്ഷിതത്വം കണക്കിലെടുത്തു അടിപ്പാത നിര്‍മാണം നടത്തണമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ നിലപാട്. ഈ മേഖലയില്‍ ടി ജംഗ്ഷന്‍ നിര്‍മിക്കുന്നതിനേക്കാള്‍ സുരക്ഷിതത്വം അടിപ്പാതയാണെന്നും കലക്ടര്‍ വിശദീകരിച്ചു.
ദേശീയ തലത്തില്‍ ജനസംഖ്യസാന്ദ്രത ഒരു ചതുരശ്ര കി.മീറ്ററില്‍ 382 ആണെങ്കില്‍ കേരളത്തില്‍ തോത് 860 ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തൃശൂര്‍ ജില്ലയില്‍ അത് 1031 ആണ്. മുതിര്‍ന്ന പൗരന്മാരുടെ നിരക്കും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. ഈ വിഭാഗക്കാരുടെ സഞ്ചാരവും പരിഗണിക്കേണ്ടതുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നടന്‍ സുരേഷ്‌ഗോപി എം.പി. അടക്കം അടിപ്പാതയ്ക്കു വേണ്ടിയുള്ള സമരത്തില്‍ ഇടപെട്ടതാണ്. കേന്ദ്രമന്ത്രിക്കു നിവേദനവും നല്‍കിയിരുന്നു. ഇപ്പോള്‍ ശരിയാക്കും എന്നല്ലാതെ ദേശീയപാത അഥോറിറ്റി ഇതുവരെ കൃത്യമായ നടപടികളിലേക്കു കടന്നിട്ടില്ല. ആറുവരിപ്പാത പലയിടത്തും അതീവശോചനീയാവസ്ഥയിലാണ്. റോഡു തകര്‍ന്ന് കുളമായി മാറി.












Click it and Unblock the Notifications