തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മാ നിഷാദാ' നമുടെ കുട്ടികള്‍ സുരക്ഷിതരോ? പ്രത്യേക കോടതിയില്ല: കേസുകള്‍ കെട്ടിക്കിടക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമം പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) സംസ്ഥാനത്ത് പ്രാബല്യത്തില്‍ എത്തിയിട്ടു ആറു വര്‍ഷമാകുന്നു. നിയമം വന്നതിനു ശേഷവും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 'മാനിഷാദ' ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ കണക്കെടുപ്പില്‍ പോക്‌സോ കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംഭവങ്ങളും വര്‍ധിക്കുന്നതായി കണ്ടെത്തി. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണു തൃശൂര്‍ ജില്ല. പ്രതിമാസം ശരാശരി 24 പോക്‌സോ കേസുകളാണു ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കുട്ടികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ലൈംഗിക അതിക്രമത്തിന് ഒരിക്കലെങ്കിലും വിധേയരായിട്ടുണ്ടെന്നു പഠനത്തില്‍ കണ്ടെത്തി. സ്വന്തം കുടുംബാംഗങ്ങളില്‍നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഭൂരിഭാഗം കുട്ടികള്‍ക്കും അതിക്രമം നേരിടേണ്ടി വന്നു.

pocso

പ്രത്യേക പോക്‌സോ കോടതിയില്ലാത്തതിനാല്‍ ജില്ലയില്‍ പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നതായും സമിതി കണ്ടെത്തി. 2013 മുതല്‍ ഇതുവരെ ജില്ലയില്‍ 896 കേസുകളാണു വിചാരണയ്‌ക്കെടുക്കാതെ ശേഷിക്കുന്നത്. ഇതില്‍ 654 പരാതികള്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയായി കോടതിയുടെ പരിഗണന കാത്തുകിടക്കുകയാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ തൃശൂര്‍ ജില്ലയാണു മുന്നില്‍. പ്രതിമാസം ശരാശരി 24 പോക്‌സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അതിക്രമങ്ങള്‍ക്കെതിരേ ജില്ലയില്‍ പ്രത്യേക പോക്‌സോ കോടതി ഇല്ല.

പോക്‌സോ കേസുകള്‍ ഓരോ ജില്ലയിലും കണക്കെടുപ്പ് നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി നിയമം കടലാസിലൊതുങ്ങുകയാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു പറഞ്ഞു. കഴിഞ്ഞ നാലുമാസമായി ജില്ലയില്‍ പോക്‌സോ കേസുകളില്‍ വിചാരണ നടക്കുന്നില്ല. 2013 ല്‍ പീഡനത്തിനിരയായ 15 വയസായ കുട്ടിയുടെ കേസ് അഞ്ചുവര്‍ഷത്തിനുശേഷം വിചാരണയ്‌ക്കെടുക്കുന്നത് ഇരയുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. പ്രായപൂര്‍ത്തിയാകുന്ന കുട്ടികളുടെ വിവാഹത്തെയും തുടര്‍പഠനത്തെയും കേസുകള്‍ ബാധിക്കുന്നതിനാല്‍ പോക്‌സോ കേസ് പിന്‍വലിച്ച് തലയൂരേണ്ട ഗതികേടിലാണ് മാതാപിതാക്കളെന്നും അദ്ദേഹം വ്യക്തമാക്കി.

പോക്‌സോ കോടതികള്‍ സ്ഥാപിച്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ റെക്കോഡ് വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയിരുന്നു. ഏറ്റവും അധികം പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തൃശൂരില്‍ പ്രത്യേക പോക്‌സോ കോടതി വേണമെന്ന ആവശ്യം എത്രയുംവേഗം നടപ്പാക്കണമെന്ന്‌ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. ജോര്‍ജ്, ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. പത്മിനി എന്നിവരും അഭിപ്രായപ്പെട്ടു. 82:18 പെണ്‍, ആണ്‍ അനുപാതത്തിലാണ് പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ആണ്‍കുട്ടികള്‍ക്കെതിരായുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം. കേസുകളില്‍ പ്രതിയെ രക്ഷിക്കാന്‍ ബാഹ്യ ഇടപെടലുകള്‍ വര്‍ധിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. 82:18 എന്നതാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോക്‌സോ കേസുകളുടെ അനുപാതം.

പരാതികള്‍ സമര്‍പ്പിക്കാതിരിക്കുക, ഒത്തുതീര്‍പ്പാക്കുക, ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളും നടക്കുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നിയമവും നോക്കുകുത്തിയാകുകയാണ്. നിയമം വന്നതിനുശേഷം 206 കുട്ടികള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ 63 കുട്ടികള്‍ ആറു വയസിനു താഴെയുള്ളവരാണ്. പല കേസുകളിലും പ്രതികള്‍ കുടുംബ സുഹൃത്തുക്കളും ഉറ്റവരുമാണ്.

13-18 വയസുകാര്‍ ഉപദ്രവിക്കപ്പെട്ട കേസുകളാണ് 52 ശതമാനം. ഉഭയസമ്മതത്തോടെയുള്ള ബന്ധപ്പെടലുകള്‍ക്കു പുറമേ കുടുംബാംഗങ്ങളുടെ അറിവോടെയുള്ള പീഡനങ്ങളും വര്‍ധിക്കുകയാണ്. പ്രതിസ്ഥാനത്തുള്ളവരില്‍ ഏഴുശതമാനം പേര്‍ 18 വയസില്‍ താഴെയുള്ളവര്‍തന്നെയാണ്. മയക്കുമരുന്ന്, സോഷ്യല്‍മീഡിയ ദുരുപയോഗം തുടങ്ങിയവയാണ് കുട്ടികളെ പ്രതികളാക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

Thrissur
English summary
thrissur local news actions on pocso cases delays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X