തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്‍കുളിര്‍ക്കെ കണ്ണനെകണ്ട് പ്രഥമപൗരന്‍; പൂര്‍ണകുംഭത്തോടെയായിരുന്നു പ്രഥമ പൗരനെ വരവേറ്റത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചതുര്‍ബാഹുവായ ഗുരുവായൂരപ്പനെ ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉച്ചക്ക് ഒന്നുവരെ പത്‌നി സവിതാഗോവിന്ദുമൊപ്പമായിരുന്നു ദര്‍ശനം. ഗുരുവായൂര്‍ ക്ഷേത്ര കവാടത്തില്‍ പൂര്‍ണകുംഭത്തോടെയായിരുന്നു പ്രഥമ പൗരനെ വരവേറ്റത്. ചിട്ടവട്ടങ്ങള്‍ പാലിച്ച് ചുറ്റമ്പലത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു നാലമ്പലത്തിലേക്കു പ്രവേശിച്ചത്.

ശംഖചക്രഗദാപത്മധാരിയായ ഭഗവാനായിരുന്നു ശ്രീകോവിലിലെ അലങ്കാരം. നെയ്യും കദളിപ്പഴവും സമര്‍പ്പിച്ചുള്ള ദര്‍ശനശേഷം ഗുരുവായൂരപ്പന് ചാര്‍ത്താന്‍ പുഷ്പമാലയായിരുന്നു മറ്റൊരു വഴിപാട്. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പ്രസാദം നല്‍കി. ഗരുവായൂരപ്പനെ തൊഴുത ശേഷം മമ്മിയൂരപ്പനെയും തൊഴുതായിരുന്നു ഗുരുവായൂര്‍ ദര്‍ശന പരിക്രമത്തിന്റെ പൂര്‍ത്തീകരണം.

Ramnath Kovind

രാഷ്ട്രപതിയുടെയും ഭാര്യയുടെയും പേരില്‍ കൂട്ടുഗണപതി ഹോമം, മൃത്യൂജ്ഞയ ഹോമം, ശ്രീലകത്ത് ഒരു ദിവസത്തെ നെയ് വിളക്ക് എന്നിവയായിരുന്നു മമ്മിയൂരിലെ വഴിപാടുകള്‍. ഇതിനായി 8000 രൂപ ദേവസ്വത്തിലടച്ചു. മേല്‍ശാന്തിമാരായ ശ്രീരുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിര്‍ പ്രസാദം നല്‍കി.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഭാര്യ സരസ്വതി സദാശിവം, മന്ത്രി വി എസ് സുനില്‍കുമാര്‍, സബ് കലക്ടര്‍ രേണുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ടപ്രതിയുടെ ആധ്യാത്മിക ഉപദേഷ്ടാവ് വിജയകുമാര്‍ പകര്‍ന്നുനല്‍കിയ ക്ഷേത്ര ഐതിഹ്യങ്ങളും അനുഷ്ഠാന ക്രമങ്ങളും അനുസരിച്ചായിരുന്നു പ്രദക്ഷിണങ്ങള്‍. ഇരുക്ഷേത്രങ്ങളിലും ദര്‍ശന വേളക്കു പിന്നാലെ കാണുന്ന ഭക്തജനങ്ങളെയും അഭിവാദ്യം ചെയ്തു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.ബി മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ഭരണ സമിതിയംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരി, എം.വി. പ്രശാന്ത്, പി. ഗോപിനാഥ്, ഉഴമലക്കല്‍ വേണു ഗോപാല്‍, കെ.കെ. രാമചന്ദ്രന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ്, മാനേജര്‍ പി .മനോജ്കുമാര്‍ എന്നിവരായിരുന്നു ഗുരുവായൂര്‍ ദര്‍ശനത്തിനനുഗമിച്ചത്. മമ്മിയൂരില്‍ മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, മെമ്പര്‍ ടി.എന്‍. ശിവശങ്കരന്‍, കമ്മിഷണര്‍ കെ. മുരളി, അസി കമ്മിഷ്ണര്‍ എം.വി. സദാശിവന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി. ബിനേഷ് കുമാര്‍ എന്നിവര്‍ അനുഗമിച്ചു. ഇരു ദേവസ്വങ്ങളും ഉപഹാരമായി രാഷ്ട്രപതിക്കു ഭഗവാന്റെ ചിത്രങ്ങള്‍ സമ്മാനിച്ചു.

ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രവും ക്ഷേത്ര നഗരിയും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത സുരക്ഷയിലായിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 3000 പോലീസിനെ വിന്യസിച്ചു. തൃശൂരില്‍ നിന്നും ഗവര്‍ണറുടെ ഔദ്യോഗിക വാഹനമായ ബുളളറ്റ് പ്രൂഫ് കാറില്‍ ഗുരുവായൂരിലെത്തിയ രാഷ്ട്രപതി ശ്രീകൃഷ്ണ കോളജില്‍നിന്നും ഹെലികോപ്റ്ററില്‍ മടങ്ങി.

രണ്ടുമണിക്കൂര്‍ ഗുരുവായൂരില്‍ ചിലവിട്ട രാഷ്ട്രപതിക്ക് ലഘുഭക്ഷണമായി നല്‍കിയതു രണ്ടു കേരള വിഭവങ്ങള്‍. മലബാര്‍ വിഭവമായ ഉന്നക്കായയും വാഴയിലയിലുണ്ടാക്കിയ അടയുമായിരുന്നു തയാറാക്കിയത്. ടൂറിസം വകുപ്പാണ് ഭക്ഷണം തയാറാക്കിയത്. കുടിക്കാനായി ചയക്കും കാപ്പിക്കും പുറമെ ഇളനീരും പപ്പായ ജ്യൂസും കരുതി. ഉത്തരേന്ത്യന്‍ വിഭവങ്ങളായ ഹറബറ കേബാബ്, വെജ് മോമൂസ് എന്നിവയും അണ്ടിപ്പരിപ്പും ഫ്രെഞ്ച് ഫ്രൈയും തയാറാക്കി ശ്രീവത്സത്തിലെ ഒന്നാം നമ്പര്‍ മുറിയിലെത്തിച്ചു.

Thrissur
English summary
Thrissur Local News: Ramnath Kovind in Guruvayoor temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X