തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് നിര്‍മാല്യം തൊഴുത് രാജ്‌നാഥ് സിങ്: 250 ഉദ്യോഗസ്ഥരുടെ സുരക്ഷ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ നിര്‍മാല്യം തൊഴുത് ആഭ്യന്തരമന്ത്രി ഇഷ്ടദേവനെ വണങ്ങി. ഭക്തര്‍ക്ക് അസൗകര്യമില്ലാതെ അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചായിരുന്നു മടക്കം. പുലര്‍ച്ചെ 2.50 ഓടെ ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരിയിലാണ് രാജ്നാഥ് സിങ് ക്ഷേത്രസന്നിധിയിലെത്തിയത്. നട തുറന്നയുടനെ തെക്കേനടപ്പുര കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ച മന്ത്രി അയ്യപ്പനെ വണങ്ങിയശേഷം പ്രദക്ഷിണമായി കിഴക്കേ കവാടം വഴി നാലമ്പലത്തില്‍ പ്രവേശിച്ചു. ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ഗംഗാറാം ആഹിര്‍, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശീധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നിര്‍മാല്യത്തിന്ശേഷം ഗുരുവായൂരപ്പന്റെ അലങ്കാരം മാറ്റിയശേഷമുള്ള എണ്ണ അഭിഷേകം, അതിപ്രധാനമായ വാകചാര്‍ത്ത്, ശംഖാഭിഷേകം എന്നിവയും തൊഴുതു. ശംഖ്-ചക്ര-ഗദാ- പത്മധാരിയായ ചതുര്‍ബാഹു രൂപത്തിലുള്ള മത്സ്യാവതാരത്തിലായിരുന്നു അലങ്കാരം. നിര്‍മാല്യശേഷം തൈലാഭിഷേകവും വാകച്ചാര്‍ത്തും ദര്‍ശിച്ച ശേഷമായിരുന്നു നാലമ്പലത്തില്‍നിന്നു പുറത്തു കടന്നത്. നാലമ്പലത്തിനുള്ളില്‍ ഉപദേവനായ ഗണപതിയെ വണങ്ങിയ ശേഷം ഇടത്തരികത്തുകാവ് ഭഗവതിയെയും തൊഴുതു.

rajnathsingh

സോപാനത്തില്‍ നമസ്‌കരിച്ച് കാണിക്കയര്‍പ്പിച്ച ആഭ്യന്തരമന്ത്രിക്ക് മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പ്രസാദം നല്‍കി. ദര്‍ശനത്തിന് ശേഷം ഗോപുരത്തിനു മുന്നിലെത്തിയ രാജ്നാഥ് സിങ്ങിന് അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശീധരന്‍ പ്രസാദം നല്‍കി. ആടിയ എണ്ണ, തീര്‍ഥം എന്നിവ കഴിച്ച് കളഭം നെറ്റിയില്‍ അണിഞ്ഞു. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ആഭ്യന്തര മന്ത്രിക്ക് ദേവസ്വത്തിന്റെ ഉപഹാരമായി ചുമര്‍ചിത്ര ശൈലിയിലുള്ള ഗുരുവായൂരപ്പന്റെ ചിത്രം ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് സമ്മാനിച്ചു. ഐ.ജി. എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. രാവിലെ 8.30ഓടെ ഗുരുവായൂരില്‍നിന്ന് നെടുമ്പാശ്ശേരി വഴി ഡല്‍ഹിക്ക് മടങ്ങി. 250ഓളം പോലീസുകാരാണ് ആഭ്യന്തരമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.

Thrissur
English summary
thrissur local news rajanth sing visits guruvayoor temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X