പുരുഷമേധാവിത്വത്തിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്
തൃശൂര്‍: സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ താരസംഘടനായായ 'അമ്മ'യില്‍' തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവച്ച സാഹചര്യത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രതികരണം.
നേതൃത്വത്തിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനയ്ക്ക് വേണ്ടതെന്നും സ്ത്രീസൗഹാര്‍ദപരമായ തൊഴിലിടങ്ങളായി മലയാള സിനിമാ രംഗത്തെ മാറ്റാനുള്ള ഒരു ശ്രമവും 'അമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ഒരു വ്യക്തിയെ തല്‍സ്ഥിതി തുടരുമ്പോള്‍ തന്നെ യാതൊരു ന്യായീകരണവുമില്ലാതെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രവൃത്തി അത്യന്തം അപലപനീയമാണെന്നും പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.

ഇതുകേവലം ഒരു താരസംഘടനയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. സ്ത്രീകള്‍ വീടിനുപുറത്ത് പണിയെടുക്കുന്നത് സാമ്പത്തിക സ്വാശ്രയത്വത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുകയറാന്‍ അവര്‍ക്ക് ലഭിക്കുന്ന ഒരു വലിയ അവസരം കൂടിയാണിത്. നിലനില്‍ക്കുന്ന പുരുഷ മേല്‍ക്കോയ്മയ്‌ക്കെതിരായുള്ള പൊരുതല്‍ കൂടിയാണ്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എന്ത് പിന്തുണാ സംവിധാനമാണ് സമൂഹം നല്‍കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമാണെന്ന് തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വേ വെളിപ്പെടുത്തുന്നു.
സ്ത്രീകളുടെ പ്രശ്‌നങ്ങളെ മനുഷ്യാവകാശ പ്രശ്‌നങ്ങളായി കണക്കാക്കി നിലവിലുള്ള നിയമങ്ങളെ ചോര്‍ച്ച കൂടാതെ നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് നമുക്കാവശ്യം. ഇപ്പോള്‍ സംഭവിച്ചത് ഒരു വ്യക്തിയിലോ, സംഘടനയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടങ്ങളില്‍ ഒത്തുതീര്‍പ്പില്ലാതെ ആത്മാഭിമാനത്തോടെ തുടരാനുള്ള കരുത്തുണ്ടാകണമെന്ന ആഗ്രഹം കൊണ്ടുകൂടിയാണെന്ന് ഈ നടിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പൊതുസമൂഹം ഇവര്‍ക്കൊപ്പം നിലകൊള്ളുക തന്നെ ചെയ്യുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.












Click it and Unblock the Notifications