പൂങ്കുന്നത്ത് പെണ്‍വാണിഭം: നടത്തിപ്പുകാരിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
തൃശൂര്‍: പൂങ്കുന്നത്തിനു സമീപം വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം. നടത്തിപ്പുകാരിയും ഇടപാടുകാരും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഉദയനഗര്‍ അവന്യു റോഡിലാണ് ഇരുനിലവീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിയിരുന്നത്. കൊട്ടാരക്കര സ്വദേശി ആനി (ലക്ഷ്മി-45), പെരുമ്പിലാവ് തിപ്പിലിശേരി സ്വദേശി ധനേഷ് (28), പീച്ചി പായ്ക്കണ്ടം സ്വദേശി ഹരിപ്രസാദ് (25), തിരുവനന്തപുരം വട്ടവിള സ്വദേശിനി തസ്‌നി (26), ഷൊര്‍ണൂര്‍ സ്വദേശിനി രേഷ്മ (28) എന്നിവരാണ് അറസ്റ്റിലായത്.
വെസ്റ്റ് സി.ഐ: സി.ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെയിറങ്ങിയ മോഹന്‍ലാല്‍ചിത്രത്തിലുള്‍പ്പെടെ അഭിനയിച്ച സിനിമാ താരങ്ങള്‍ക്കും ടിവി സീരിയല്‍ താരങ്ങള്‍ക്കും ഇടപാടില്‍ ബന്ധമുള്ളതായാണു സൂചന. ആനിയാണ് നടത്തിപ്പുകാരി. മണിക്കൂറിന് 10,000 രൂപ മുതല്‍ മുകളിലേക്കാണ് തുക. ജോലിയുള്ള സ്ത്രീകള്‍ക്കായുള്ള കേന്ദ്രമെന്ന നിലയിലാണ് പ്രവര്‍ത്തനം. അയല്‍വാസികളുമായി ഒരു വിധത്തിലും ബന്ധമുണ്ടായിരുന്നില്ല.

നിരന്തരം വാഹനങ്ങളുടെയും ആളുകളുടെയും വരവുപോക്കില്‍ സംശയം തോന്നിയ പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇടപാടുകാരെത്തിയ നേരത്തായിരുന്നു പോലീസെത്തി പരിശോധന നടത്തി ഇവരെ പിടികൂടിയത്. ആനി നേരത്തേ മണ്ണുത്തിയിലും നെടുപുഴയിലും വാടകയ്ക്കു വീടെടുത്തു പെണ്‍വാണിഭം നടത്തിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പു പൂങ്കുന്നത്തു ടൈലറിങ് സ്ഥാപനത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതി മതിലകം സ്വദേശിനി സീമ ജോസും പോലീസിനു കീഴടങ്ങിയിരുന്നു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications