തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനാലില്‍ വീണ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരില്‍ ഒരാള്‍ മരിച്ചു: അപകടം പുല്ലഴി കോള്‍പ്പാടത്ത്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുല്ലഴി കോള്‍പ്പാടത്തെ കെ.എല്‍.ഡി.സി. ബണ്ട് കനാലില്‍ വീണ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരായ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷിച്ചു. ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രന്‍ മകന്‍ ബിജോയ്(24)ആണ് മരിച്ചത്. മരിച്ച ബിജോയ് തൃശൂര്‍ എം.ജി. റോഡിലെ ഐ.ടി. സ്ഥാപനമായ എ.ടി.ഇ.ഇ.എസിലെ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു. കനാലില്‍ കാല്‍വഴുതി വീണ ബിജോയിയെ രക്ഷിക്കാന്‍ ചാടിയ സഞ്ജയിനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പുല്ലഴി പന്ന്യേങ്കര കിണി കോള്‍പ്പടവിലെ കോള്‍ബണ്ട് കനാലിനോട് ചേര്‍ന്ന മോട്ടോര്‍ പുരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഇന്നലെ കാലത്ത് ഒമ്പതോടെ ഫയര്‍ സര്‍വീസിലെ മുങ്ങല്‍ വിദഗ്ധരെത്തി മൃതദേഹം മുങ്ങിയെടുത്തു.

രേവതിമൂലയില്‍ സ്ഥാപനം വാടകയ്‌ക്കെടുത്തു നല്‍കിയ വീട്ടില്‍നിന്നും സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരുടെ അഞ്ചംഗസംഘം രാത്രിയില്‍ മഴ നനഞ്ഞ്് കോള്‍ബണ്ട് റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ചെളിയില്‍ തെന്നി ബണ്ട് റോഡില്‍നിന്ന് ബിജോയ് കനാലിലേക്ക് വഴുതിവീഴുകയായിരുന്നു. വെള്ളം നിറഞ്ഞൊഴുകുന്ന കനാലില്‍ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. നീന്തലറിയാത്ത ബിജോയിയെ രക്ഷിക്കാന്‍ കൂട്ടുകാരനായ സഞ്ജയും കനാലിലേക്കു ചാടി. സഞ്ജയിനും നീന്തലറിയില്ലായിരുന്നു. ഇതിനിടെ നീന്തലറിയാവുന്ന അശ്വിനും ജിയോയും ഒപ്പം ചാടി സഞ്ജയിനെ രക്ഷിച്ചു. ബിജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഫയര്‍ സര്‍വീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സമീപവാസികളും എത്തി. പുലര്‍ച്ചെ രണ്ടരവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

bijoy-

രണ്ടരയോടെ തെരച്ചില്‍ നിറുത്തിയ ഫയല്‍സര്‍വീസും വെസ്റ്റ് പോലീസും ഇന്നലെ രാവിലെ ഏഴോടെ വീണ്ടും തെരച്ചില്‍ തുടങ്ങി. തൃശൂര്‍ ഫയര്‍സ്‌റ്റേഷനില്‍നിന്നും മുങ്ങല്‍ വിദഗ്ധരായ സ്‌ക്രൂബ് ഡൈവിങ് സംഘാംഗങ്ങളായ ജോണ്‍ ബ്രിട്ടോ, നന്ദകുമാര്‍, മധു പ്രസാദ്, ശ്യാം, ഫൈസല്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. ഒമ്പതോടെ ബിജോയ് വീണിടത്തുനിന്നു മുപ്പതടി ദൂരെ ചെളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ബാലചന്ദ്രന്റെ മകനാണ് ബിജോയ്. മുംബൈയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് ബിജോയ് തൃശൂരിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. സഹപ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം ഉണ്ടായിരുന്നതിനാലാണ് പുല്ലഴിയിലെ വാടകവീട്ടില്‍ നിന്നത്. കനാലില്‍ രാത്രിയിലും മീന്‍പിടിത്തം നടക്കുന്നതിനാല്‍ കൗതുകത്തിനാണ് സുഹൃത്തുക്കളുമൊത്ത് പാടത്തെത്തിയത്. അമ്മ: ശാരദ. സഹോദരന്‍: ബിനോയ് മുബൈയിലാണ്. വെസ്റ്റ് സി.ഐ. ജെ. മാത്യു, എസ്.ഐ. അനീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Thrissur
English summary
Thrissur Local News software engineer died in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X