തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആമ്പല്ലൂരില്‍ വീടുതകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു: വീട്ടിലുണ്ടായിരുന്നത് അച്ഛനും മകനും മാത്രം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആമ്പല്ലൂര്‍ വെണ്ടോരില്‍ മഴയില്‍ വീട് തകര്‍ന്ന് വീണ് അച്ചനും മകനും ദാരുണാന്ത്യം. എരിപ്പോട് ചേനക്കാല അയ്യപ്പന്‍ (70), മകന്‍ ബാബു (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ വീടു തകര്‍ന്നുകിടക്കുന്നതു കണ്ടത്. രാത്രിയിലാകാം അപകടം നടന്നതെന്ന് കരുതുന്നു. തുടര്‍ന്ന് പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

bulidingcollapse-1

അയ്യപ്പന്റെ മൃതദേഹം വീടിനുള്ളിലും ബാബുവിന്റേത് വരാന്തയിലുമായിരുന്നു. വീട്ടില്‍ ഇവര്‍ രണ്ടു പേര്‍ മാത്രമാണ് താമസിച്ചിരുന്നത്. മണ്ണിന്റെ ഇഷ്ടികയില്‍ പണിത വീടിന്റെ കാലപ്പഴക്കവും ചുറ്റിലും ഉണ്ടായ വെള്ളക്കെട്ടുമാണ് വീട് തകര്‍ന്നുവീഴാന്‍ കാരണമെന്ന് പറയുന്നു. പുതുക്കാട് സി.ഐ. എസ്.പി. സുധീരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പുതുക്കാട് ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ വി. മുരളീധരന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലതികയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍ ഭവിന്‍, ഭവ്യ.

fatherandsondied-

ജീര്‍ണാവസ്ഥയിലായ വീട്ടില്‍ നിന്ന് അയ്യപ്പന്റ ഭാര്യ തങ്കയെ കാക്കനാടുള്ള ആശ്രമത്തിലേക്ക് മാറ്റിയിരുന്നു. കളമശ്ശേരിയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് ബാബു രണ്ടു ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ബാബുവിന്റെ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസം. മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മന്ത്രി സി. രവീന്ദ്രനാഥ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

അതേസമയം ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ക്ഷണം നിരസിച്ചതാണ് ദുരന്തത്തിലേക്കുള്ള വഴിയായത്. പുതിയ വീടെന്ന സ്വപ്നം പൂവണിയുന്നതിനിടെയാണ് അയ്യപ്പനും മകനും മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഇവരുടെ വീട് വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ ആമ്പല്ലൂര്‍ വില്ലേജ് ഓഫീസര്‍ ജീസബീര്‍ അബ്ദുള്‍ കരീം, പഞ്ചായത്തംഗം ബൈജു എന്നിവര്‍ അയ്യപ്പനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളക്കെട്ടിലായ മറ്റു വീട്ടുകാര്‍ ബന്ധുവീട്ടില്‍ അഭയം തേടിയപ്പോള്‍ അയ്യപ്പന് വേണ്ടി മാത്രമാണ് അളഗപ്പനഗര്‍ സ്‌കൂളില്‍ വില്ലേജ് അധികൃതര്‍ ക്യാമ്പ് തുറന്നത്. പല തവണ നിര്‍ബന്ധിച്ചിട്ടും ക്യാമ്പിലേക്ക് വരാന്‍ അയ്യപ്പന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് അയ്യപ്പന് ഭക്ഷണത്തിനുള്ള പണം നല്‍കി പിറ്റേ ദിവസം വില്ലേജ് ഓഫീസിലേക്ക് എത്താന്‍ പറഞ്ഞാണ് ഓഫീസര്‍ മടങ്ങിയത്. വില്ലേജ് അധികൃതര്‍ നിരന്തരം അയ്യപ്പനോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്താന്‍ പറഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍തന്നെ കഴിയുകയായിരുന്നുവെന്ന് സമീപവാസിയായ വില്‍സന്‍ പറഞ്ഞു.ബുധനാഴ്ച രാവിലെ മകന്‍ ബാബുവിനോടൊപ്പം വില്ലേജ് ഓഫീസിലെത്തിയ അയ്യപ്പനോട് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നല്‍കാമെന്നും, അതുവരെ അയ്യപ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു. അച്ചനെ സഹോദരിയുടെ വീട്ടില്‍ എത്തിക്കാമെന്ന ഉറപ്പ് നല്‍കിയാണ് ബാബു മടങ്ങിയത്. സ്ഥലത്തിന്റെ രേഖകള്‍ നഷ്ട്ടപ്പെട്ടതു മൂലം പുതിയ വീട് ലഭിക്കില്ലെന്ന വിഷമത്തിനിടെയാണ് വില്ലേജ് ഓഫീസര്‍ സഹായം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്. വീട് ലഭിക്കുന്ന നടപടികള്‍ക്കായി ഗ്രാമപഞ്ചായത്തംഗം ബൈജു കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തി ഫോട്ടോ എടുത്തിരുന്നു.

Thrissur
English summary
Thrissur Local News son and father died in building collapses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X