ജില്ലാ ജനറല്‍ ആശുപത്രി വളപ്പില്‍ ജനത ഫാര്‍മസിക്ക് സമീപം മരം കടപുഴകി വീണു മൂന്നുപേര്‍ക്ക് പരുക്ക്
തൃശൂര്‍: ജില്ലാ ജനറല്‍ ആശുപത്രി വളപ്പില്‍ ജനത ഫാര്‍മസിക്ക് സമീപം മരം കടപുഴകി വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ജനത ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനായി നിന്നിരുന്നവരില്‍ അഞ്ചു വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ക്കും കോളജ് റോഡില്‍ നില്‍ക്കുകയായിരുന്ന യൂണിയന്‍ തൊഴിലാളി ആന്റപ്പനും പരുക്കേറ്റു. അപകടത്തില്‍ ജനത ഫാര്‍മസി സ്റ്റാഫുകളായ സ്‌റ്റെഫി, നീതു എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആശുപത്രി കോമ്പൗണ്ടില്‍ നടത്തുന്ന ജനത ഫാര്‍മസിക്ക് സമീപം നിന്നിരുന്ന പഴക്കം ചെന്ന മരമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കടപുഴകി വീണത്. പരുക്കേറ്റവരില്‍ കുട്ടികളുടെ നില ഗുരുതരമായതിനാല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അപകടത്തില്‍ ജനത ഫാര്‍മസി ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. അപകടമറിഞ്ഞ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി. ഇതേ തുടര്‍ന്ന് കോളജ് റോഡിലേക്ക് മരച്ചില്ലകള്‍ വീണ് ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ചില്ലകള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. ഫാര്‍മസിയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ക്കും ഫയര്‍ഫോഴ്‌സ് സംരക്ഷണം ഒരുക്കി. ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തി പി.ഡബ്ല്യു.ഡി. അധികൃതകര്‍ക്ക് വലിയ മരത്തടികള്‍ മുറിച്ചു മാറ്റാനുള്ള കരാര്‍ നല്‍കി. ഫയര്‍ഫോഴ്‌സ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ബല്‍റാം ബാബു, ലീഡിങ് ഫയര്‍മാന്‍ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ജോണ്‍ബ്രിട്ടോ, നന്ദകുമാര്‍, െഫെസല്‍, ഷോബിന്‍, ബിപിന്‍ ബാബു, നിതിന്‍, വിന്‍സെന്റ്, ശിവദാസന്‍ എന്നിവരടങ്ങിയ സംഘമാണ് മരച്ചില്ലകള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications