തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുക്കഴിയാതെ കുതിരാന്‍: ടാറിംഗ് തകര്‍ന്നത് തിരിച്ചടിയായി! പലയിടത്തും കുഴികള്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി പാത കുതിരാനില്‍ വന്‍ ഗതാഗത കുരുക്ക്. ഗതാഗത കുരുക്ക് കുതിരാനില്‍ തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച രാത്രി മുതലാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. കനത്ത മഴയില്‍ ടാറിങ്ങ് തകര്‍ന്ന് ദേശീയപാതയില്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ടതിനെ തുടര്‍ന്നാണ് കുരുക്ക് രൂക്ഷമായത്. വഴക്കുമ്പാറ മുതല്‍ കൊമ്പഴ വരെയുള്ള നാല് കിലോമീറ്ററോളം, വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രകടമായത്. കുതിരാനിലെ ഗതാഗത കുരുക്ക് മൂലം ദീര്‍ഘദൂര ബസുകള്‍ പലതും സര്‍വീസ് റദ്ദാക്കി.

മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന കുതിരാന്‍ കയറ്റം കയറാന്‍ വാഹനങ്ങള്‍ മൂന്നുമണിക്കൂറുകളോളം സമയം എടുത്തു. പാലക്കാടുനിന്നു വന്ന സ്വകാര്യ ബസുകള്‍ വടക്കഞ്ചേരിയില്‍ ഓട്ടം നിര്‍ത്തിയതോടെ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ബുദ്ധിമുട്ടിലായി. കുരുക്കില്‍പെട്ട് സമയത്തിന് എത്താന്‍ പറ്റാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വാഹനങ്ങളും സര്‍വീസ് നിര്‍ത്തി. കുതിരാന് പുറമേ കൊമ്പഴ മമ്മത പടി, വില്ലന്‍ വളവ്, ഇരുമ്പ് പാലം , വെട്ടിക്കല്‍, മണ്ണുത്തി, പട്ടിക്കാട്, മുളയം റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലും കുഴികള്‍ രൂപപെട്ടിട്ടുണ്ട്.

kuthiranroad

മഴ പെയ്തതോടെ രൂപപ്പെട്ട വന്‍ കുഴികളും വെള്ളക്കെട്ടുമാണ് കുരുക്കിന് കാരണം. കുതിരാന്റെ മുകള്‍ ഭാഗത്തുനിന്നും തുടങ്ങിയ കുരുക്ക് തൃശൂര്‍ ഭാഗത്ത് ചുവന്നമണ്ണ് വരെയും പാലക്കാട് ഭാഗത്ത് വാണിയമ്പാറ വരെയും നീണ്ടു. പാലക്കാട് ഭാഗത്തുനിന്നു തൃശൂരിലെ ആശുപത്രികളിലേക്ക് പോയിരുന്ന ആംബുലന്‍സുകളും ഗതാഗത കുരുക്കില്‍പ്പെട്ടു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തിനു പുറമെ മുന്നിലുള്ള വാഹനങ്ങളെ മറികടക്കാനായി സ്വകാര്യ ബസുകളും ചെറു വാഹനങ്ങളും കുത്തിത്തിരക്കി പായുന്നതാണ് യാത്രാ ദുരിതം വര്‍ധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷവും ദേശീയപാതയില്‍ വന്‍ ഗര്‍ത്തങ്ങള്‍ ഗതാഗത കുരുക്കിന് കാരണമായി മാറിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് തകര്‍ന്ന റോഡ് അധികൃതര്‍ ടാറിങ്ങ് നടത്തിയത്. ഇത്തവണ തകര്‍ന്ന റോഡ് അറ്റകുറ്റപണി നടത്താന്‍ ദേശീയപാത അധികൃതര്‍ തയ്യാറാകാതിരുന്നതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയത്.

വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയുടെ തകര്‍ച്ചയാണ് ഇപ്പോഴത്തെ കുരുക്കിന് കാരണം. ആറുവരി പാതയിലെ പല ഭാഗങ്ങളിലും ദേശീയപാതക്ക് പകരം കുഴികള്‍ മാത്രമാണുള്ളത്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്ക് ഇന്നലെ രാവിലെ പാലക്കാട് ഹൈവേ പോലീസ് വാണിയമ്പാറ വരെ വലിയ വാഹനങ്ങള്‍ റോഡ് വശങ്ങളിലും മറ്റും ഒതുക്കി നിര്‍ത്തിച്ചാണ് അഴിച്ചത്. തുടര്‍ന്ന് തൃശൂര്‍ ഹൈവേ പോലീസും, പീച്ചി പോലീസും ഏറെ പണിപ്പെട്ടാണ് ഇന്നലെ 12 മണിയോടെ വാഹനങ്ങള്‍ പൂര്‍ണമായും കടത്തി വിടാനായത്.

ദേശീയപാതയിലും സര്‍വീസ് റോഡുകളിലും രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് മുഖ്യ കാരണം. മണ്ണുത്തി സെന്റര്‍, ബൈപാസ് ജങ്ഷന്‍, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല. മഴക്കാലം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഒരു നടപടിയും കരാര്‍ കമ്പനിക്കാര്‍ എടുക്കാത്തതാണ് ഇപ്പോള്‍ അനുഭവിക്കുന്ന ഈ ഗതാഗതക്കുരുക്കിന് കാരണം.

Thrissur
English summary
Thrissur local news traffic block in Vadakkanchery- mannuthy route.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X