നാലമ്പല തീര്‍ഥാടകര്‍ക്കായി ഒരുങ്ങി തൃപ്രയാര്‍ ക്ഷേത്രം
തൃശൂര്‍: നാലമ്പല തീര്‍ഥാടനം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ജൂലൈ 17മുതല്‍ ഓഗസ്റ്റ് 16 വരെയാണു നാലമ്പല തീര്‍ഥാടനം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, ആലുവയ്ക്കടുത്ത് തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, എടത്തിരിഞ്ഞിക്ക് സമീപം പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങള്‍.
ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുടര്‍ന്ന് കൂടല്‍മാണിക്യം, തിരുമൂഴിക്കുളം, പായമ്മല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി തൃപ്രയാര്‍ ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തുന്ന വിധമാണ് നാലമ്പല ചടങ്ങുകള്‍. പതിനായിരക്കണക്കിനു ഭക്തര്‍ നാലമ്പല ദര്‍ശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഒരുക്കി.

അയ്യായിരം പേര്‍ക്ക് മഴ നനയാതെ നില്‍ക്കാനുള്ള പന്തല്‍ പടിഞ്ഞാറെ നടയിലും മതില്‍ക്കെട്ടിനകത്ത് ശ്രീകോവിലിനു വടക്ക് ഭാഗത്തായും നിര്‍മിച്ചു. ക്യൂ സംവിധാനത്തിനായി പന്തലില്‍ കൈവരികളും തയാറായി. ഫ്‌ളൈ ഓവര്‍ സംവിധാനവുമുണ്ട്. തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ വഴിപാട് കൗണ്ടറും ഉണ്ടാകും.
പടിഞ്ഞാറെ നടയില്‍ ക്ഷേത്ര ക്ഷേമ സമിതി ചുക്കുകാപ്പി, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ആംബുലന്‍സും ഉണ്ടാകും. ക്രമ സമാധാന പാലനത്തിനും തീര്‍ഥാടകരെ സഹായിക്കാനുമായി പോലീസ് സേവനം ഉറപ്പുവരുത്തും. സ്‌പെഷല്‍ പോലീസിനെയും നിയോഗിക്കും. വളന്റിയര്‍ സേവനവുമുണ്ടാകും.
വാഹന പാര്‍ക്കിങ്ങിനായി പടിഞ്ഞാറെ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടിലും പോളി ടെക്‌നിക്കിനു വടക്ക് സ്‌റ്റോക്ക് പുരപ്പറമ്പിലും സൗകര്യമൊരുക്കും. വിപുലമായ ടോയ്‌ലെറ്റ് സംവിധാനവും ഏര്‍പ്പെടുത്താനാണ് ഒരുക്കങ്ങള്‍. ഭക്തര്‍ക്ക് നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് കെ.എസ്.ആര്‍.ടി. സി യുടെ പ്രത്യേക സര്‍വീസുണ്ടാകും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. 600 രൂപ നിരക്കില്‍ നാലു ക്ഷേത്രങ്ങളിലും ദര്‍ശനവും വിഭവ സമൃദ്ധമായ സദ്യ, ഔഷധ കഞ്ഞിക്കൂട്ട്, പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം, പ്രസാദം എന്നിവയും ഗൈഡിന്റെ സേവനവും ഉള്‍പ്പെടുത്തി എ.സി. ബസിലാണ് ഡി.ടി.പി. സി. നാലമ്പല സര്‍വീസ് നടത്തുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിനു നട തുറക്കുന്നതോടെ ദര്‍ശനം ആരംഭിക്കും.
ആദ്യ ദിവസങ്ങളില്‍ രാത്രി ഒന്നോടെ തന്നെ ഭക്തരുടെ ക്യൂ ആരംഭിക്കാനും സാധ്യതയുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഭക്തര്‍ വളരെ നേരത്തെ എത്തിയേക്കും. ഉച്ചയ്ക്ക് ഒന്നോടെ നട അടയ്ക്കുന്നതുവരെയായിരിക്കും തൃപ്രയാര്‍ ക്ഷേത്രത്തിലെ ദര്‍ശനം. വൈകിട്ട് നാലിനു വീണ്ടും പുനരാരംഭിക്കുന്ന നാലമ്പല ദര്‍ശനം രാത്രി എട്ടിന് അവസാനിക്കും.












Click it and Unblock the Notifications