ജലനിരപ്പ് 78 മീറ്ററിലെത്തി: പീച്ചി ഡാം തുറന്നേക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം!
തൃശൂര്‍: പീച്ചി ഡാം തുറന്നേക്കുമെന്ന് ആദ്യ മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് 78 മീറ്ററിലെത്തി. ഒന്നേകാല്‍ മീറ്റര്‍ കൂടി ഉയരത്തില്‍ ജലനിരപ്പെത്തി, 79.25 എന്ന നിലയിലെത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ ഇടതുകര വലതുകര കനാല്‍ പരിസരങ്ങളിലുള്ളവരും കുറുമാലി പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നാലു വര്‍ഷം മുമ്പാണ് പീച്ചി ഡാം തുറന്നത്.

ഡാം തുറന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം മൂലം നിരവധി സന്ദര്‍ശകരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പീച്ചിയിലെത്തിയിരുന്നത്. കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. അതേസമയം ജില്ലയില്‍ അഞ്ചുശതമാനം മഴ കുറവാണ് ലഭിച്ചതെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇതുവരെ 1,265 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications