'ഇനി ഗുരുവായൂരപ്പന്റെ കൈകളില്‍'; ക്ഷേത്രത്തില്‍ കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്‌സ്‌യുവി
തൃശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്‌സ് യു വി കാര്‍ സമ്മാനിച്ചു. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ കാറാണ് സമര്‍പ്പിച്ചത്. കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമി കൈമാറി.
വൈറ്റ് കളര്‍ ആട്ടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ് യു വി ആണ് വാഹനം. രണ്ടായിരം സി സി വരുന്ന ഈ വാഹനത്തിന് ഓണ്‍ റോഡ് വില 28,85853 രൂപയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി മഹീന്ദ്ര ഥാര്‍ ലഭിച്ചിരുന്നു. മഹീന്ദ്ര കമ്പനി തന്നെയാണ് ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്.

ഈ വാഹനം പിന്നീട് ലേലത്തിന് വയ്ക്കുകയായിരുന്നു. ആദ്യം നടന്ന ലേലത്തില്‍ അമല്‍ മുഹമ്മദ് എന്ന യുവാവ് വാഹനം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വാഹനം കൈമാറുന്നില്ലെന്ന് കാണിച്ച് അമല്‍ രംഗത്തെത്തുകയായിരുന്നു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാല്‍ വാഹനം കൈമാറാനാകില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നതെന്ന് അമല്‍ മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍ ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്ന വാദമാണ് ദേവസ്വം അധികൃതര്‍ എടുത്തത്.
പിന്നീട് വാഹനം രണ്ടാമതും ലേലത്തില്‍ വയ്ക്കുകയായിരുന്നു,. ദുബായിലെ പ്രവാസി മലയാളി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ ഥാര്‍ സ്വന്തമാക്കിയത്. ഗുരുവായൂരില്‍ നിന്നും സ്വന്തമാക്കിയ വാഹനം മരണംവരെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു. 2022 ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു.












Click it and Unblock the Notifications