അച്ഛന് കരള്‍ പകുത്ത് നല്‍കി 17 കാരി, രാജ്യത്തെ പ്രായം കുറഞ്ഞ അവയവദാതാവ് തൃശൂരിലെ വിദ്യാര്‍ത്ഥി
രാജ്യത്തെ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവയവദാനത്തിന് സാധിക്കില്ല. ഈ പ്രതിബന്ധം മറികടന്നാണ് ദേവനന്ദയുടെ നേട്ടം

തൃശൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കേരളത്തില്‍ നിന്നുള്ള 17 വയസുകാരി. തൃശൂര്‍ സ്വദേശിയും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ ദേവനന്ദയാണ് അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. 48 കാരനായ സ്വന്തം പിതാവിന് ആണ് ദേവനന്ദ തന്റെ കരള്‍ പകുത്ത് നല്‍കിയത്.
അച്ഛന്‍ പ്രതീഷിന്റെ ജീവന്‍ രക്ഷിക്കാനായി നിയമത്തിന്റെ കടമ്പകള്‍ മറികടന്നാ് ആണ് ദേവനന്ദ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷവും പ്രതീഷിന് യോജിച്ച കരള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് മകള്‍ അവയവ ദാനത്തിന് തയ്യാറായി മുന്നോട്ട് വന്നത്.
ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ദേവനന്ദയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്ത ആശുപത്രിയും കൈയടി നേടി. തൃശൂരില്‍ കഫെ നടത്തിയാണ് പ്രതീഷ് കുടുംബം നോക്കിയിരുന്നത്. ഇതിനിടെയാണ് കരളില്‍ പ്രതീഷിന് ക്യാന്‍സര്‍ പിടിപെട്ടത്.
ഇതോടെ കരള്‍ മാറ്റിവെക്കുകയല്ലാതെ നിവൃത്തിയില്ലാതായി. ഇതോടെ പ്രതീഷിന് യോജിച്ച ദാതാവിനെ തേടിയായി അലച്ചില്‍. ഏറെ നാളായിട്ടും യോജിച്ച ദാതാവിനെ ലഭിക്കാതായതോടെ ദേവനന്ദ മുന്നോട്ട് വരികയായിരുന്നു. കരള്‍ മാറ്റത്തെയും സാധ്യതകളെയും കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കി ദേവനന്ദ പഠിച്ചിരുന്നു.
ഇതിന് ശേഷമാണ് ദേവനന്ദ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അവയവദാനത്തിന് 18 വയസ് പൂര്‍ത്തിയാകണം എന്ന് രാജ്യത്ത് നിയമമുള്ളത് ഈ ശ്രമത്തിന് വിലങ്ങ് തടിയായി. എങ്കിലും ദേവനന്ദ പിന്മാറാന്‍ തയ്യാറായില്ല. വീണ്ടും നടത്തിയ അന്വേഷണത്തില്‍ ഇതിന് മുന്‍പ് കോടതി അനുമതിയോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി അവയവ ദാനം നടത്തിയ കാര്യം മനസിലാക്കി.

ഇതോടെ നിയമത്തിന്റെ വഴിയിലൂടെ ദേവനന്ദ നീങ്ങുകയായിരുന്നു. ദേവനന്ദയുടെ നിശ്ചദാര്‍ഢ്യത്തെ അഭിനന്ദിച്ച കോടതി അവയവദാനത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതോടെ കൃത്യമായ ഭക്ഷണക്രവും ചിട്ടയായ വ്യായാമവുമായി ദേവനന്ദ ശസ്ത്രക്രിയക്ക് തയ്യാറായി. ശസ്ത്രക്രിയ വിജയമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു. പിതാവ് പ്രതീഷും തിരിച്ചുവരവിന്റെ പാതയിലാണ്. തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലാണ് ദേവനന്ദ പഠിക്കുന്നത്. അഭിമാനവും സന്തോഷവും ആശ്വാസവും തോന്നുന്നുണ്ട് എന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ദേവനന്ദ പറയുന്നത്.












Click it and Unblock the Notifications