തൃശൂരില്‍ ഹോട്ടലുകാര്‍ക്ക് ചാകര; 50,000 വാഗ്ദാനം ചെയ്തിട്ടും മുറി കിട്ടാനില്ല, പൂരത്തിന് വന്‍ ബുക്കിംഗ്
തൃശൂര്‍: പൂരം പ്രമാണിച്ച് തൃശൂര്‍ നഗരത്തില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ബുക്കിംഗ്. നഗരത്തിലെ ഒരു ഹോട്ടലുകളിലും മുറി കിട്ടാനില്ല. പതിനായിരം മുതല്‍ മുപ്പതിനായരം വരെയാണ് ഒരു മുറിയുടെ മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ നിരക്ക്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൂരം ആഘോഷപൂര്‍വം നടക്കാത്തതിനാല്‍ ഇക്കുറി വന്‍ ജനപ്രവാഹമായിരിക്കും. അതുകൊണ്ട് തന്നെ ഹോട്ടലികളില്‍ മുറികള്‍ കിട്ടാനില്ല.
ഒരു മാസം മുമ്പേ തന്നെ ബുക്കിംഗ് തീര്‍ന്നെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസത്തേക്കാണ് ബുക്കിംഗ്. പ്രത്യേക നിരക്കാണ് ഓരോ ഹോട്ടലുകളും ഈടാക്കുന്നത്. ശീതീകരിച്ച ഡബിള്‍ റൂമിന് പതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്.

അമ്പതിനായരം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും മുറി ലഭിക്കാനില്ല. നഗരത്തിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഹോട്ടലുകളില്‍ താമസിക്കാന്‍ ഇനിയുള്ള നാല് ദിവസത്തേക്ക് മുറികള്‍ ഇല്ല. തൃശൂര്‍ പൂരത്തിന്റെ അന്നും പിറ്റേന്നും ഹോട്ടലുകള്‍ക്ക് ചാകരയാണ്. ഇപ്പോള്‍ പറഞ്ഞ കാശിന് മുറിയെടുക്കാന്‍ ആളുണ്ട്. വെടിക്കെട്ട് കാണാന്‍ കഴിയുന്ന ഹോട്ടലിനാണെങ്കില്‍ ഇനിയും ഡിമാന്‍ഡ് കൂടും.
അതേസമയം, തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. നഗരത്തിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ശീതളപാനീയശാലകള്‍ എന്നീ സ്ഥലങ്ങളില്‍ വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 4 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ 87 സ്ഥാപനങ്ങള്‍ സ്‌ക്വാഡുകള്‍ പരിശോധിച്ചു. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0487-2331031, 9188527382.
തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.












Click it and Unblock the Notifications