പൂരം ആവേശത്തില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകീട്ട്, ആദ്യം തിരികൊളുത്തുക തിരുവമ്പാടി
തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തേക്ക് തിരികൊളുത്തും. സാമ്പിളിനും പകല്‍പൂരത്തിനുമായി ഓരോ വിഭാഗത്തിനും രണ്ടായിരം കിലോ വീതം പൊട്ടിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും പൂരപ്രേമികളും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടുകള്‍ നടക്കുന്നത്. ഇതിനിടെ, രണ്ട് ദേവസ്വങ്ങളുടെയും ചമയ പ്രദര്‍ശനങ്ങളും ഇന്ന് നടക്കും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം .

അതേസമയം, സാമ്പിള്‍ വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും.
മൂന്നുമണിമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും സ്വരാജ് റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മ്മാണാവസ്ഥയിലുള്ളതും കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നതു നിരോധിച്ചിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ട് ദിവസം സ്വരാജ് റൌണ്ടിനു പുറത്തുള്ള സ്ഥലങ്ങളില്‍ ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി അസി. കമ്മീഷണറുടെ കീഴില്‍ ആറ് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പൂരം സാമ്പിള്‍ വെടിക്കെട്ട്, ആനച്ചമയം പ്രദര്‍ശനം, തൃശൂര്‍ പൂരം എന്നീ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.സ്വരാജ് റൌണ്ടില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോള്‍ ബങ്കുകളില്‍ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാന്‍ ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications