തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
പൂരത്തിന്റെ ഭാഗമായുള്ള പ്രദർശനത്തിനും ഇന്ന് തുടക്കമാകും
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രത്യേക സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പൂരം നടത്തിപ്പ്. ഇതിനായ പ്രത്യേക മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്.

പൂരത്തിന്റെ ഭാഗമായുള്ള പ്രദർശനത്തിനും ഇന്ന് തുടക്കമാകും. നിശ്ചിത ആളുകൾക്ക് മാത്രമാണ് പ്രദർശനം കാണാൻ പാസ് അനുവദിക്കൂ. 11.15നും 12.05നും ഇടയിലാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റ്. തിരുവമ്പാടിയിൽ മൂന്ന് മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരനാണ് കൊടിയേറ്റുന്നത്. മൂന്നരയോടെ നടുവിലാലിലും നടയ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്നതിനാൽ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിൽ എത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. പക്ഷെ എല്ലാ ദിവസവും ക്ഷേത്രത്തിൽ പറ എടുക്കാമെന്ന് ദേവസ്യം ബോർഡ് അറിയിച്ചു. പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് , പാസ്സ് എടുത്ത വിവരങ്ങൾ ഉണ്ടായിരിക്കണം.
23ന് ആണ് പൂരം. തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ ഉൾപ്പെടുന്ന ഭാഗത്ത് പ്രവേശിക്കാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയാണു പൂരം നടത്തുക. 22, 23, 24 തീയതികളിലാണു നിയന്ത്രണങ്ങൾ. സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദർശനം എന്നിവ പതിവു പോലെ തന്നെ നടക്കുമെന്ന് ദേവസ്വങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്.
നിയന്ത്രണം ഇങ്ങനെ:
45 വയസ്സിനു മുകളിലുള്ളവർ കോവിഡ് വാക്സിൻ എടുത്തിരിക്കണം.
10നും 45നും ഇടയിൽ പ്രായമുള്ളവർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് തെളിയിക്കണം.
ദേവസ്വങ്ങൾ പാസ് നൽകുമ്പോഴും ഇതേ മാനദണ്ഡങ്ങൾ പാലിക്കണം.
10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമില്ല.
പൊലീസ് പ്രത്യേക വെബ്സൈറ്റ് തുടങ്ങും. വാക്സീൻ എടുത്തവരും ടെസ്റ്റ് നടത്തിയവരും അതിന്റെ രേഖകൾ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്ത് റജിസ്റ്റർ ചെയ്താൽ പൂരം കാണാനുള്ള പാസ് ലഭിക്കും. റൗണ്ടിലേക്കു പ്രവേശിക്കാൻ ഈ പാസ് പൊലീസിനെ കാണിക്കണം.
റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്തും.
23ന് കുടമാറ്റം നടക്കുമ്പോൾ തെക്കേ നടയിൽ ആളുകളെ കംപാർട്മെന്റ് ആക്കി നിർത്തുന്ന കാര്യം പരിഗണിക്കും.
പൂരം പ്രദർശനത്തിൽ സ്റ്റാളുകൾ പകുതി മാത്രം.












Click it and Unblock the Notifications