തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂരം പുരുഷാരമായി.... പുരുഷാരം പൂരമായി... പൂരനഗരിയുടെ സ്വകാര്യ അഹങ്കാരത്തിന്‌ മയില്‍പ്പീലികള്‍ വിടര്‍ത്തി വര്‍ണക്കുടകളുടെ കെട്ടുകാഴ്‌ച

  • By Desk
Google Oneindia Malayalam News

പൂരം പുരുഷാരമായി. പുരുഷാരം പൂരമായി. തൃശൂരിന്റെ പൂരമനസ്‌ ഒരിക്കല്‍ക്കൂടി പൂത്തു. പൂരനഗരിയുടെ സ്വകാര്യ അഹങ്കാരത്തിന്‌ മയില്‍പ്പീലികള്‍ വിടര്‍ത്തി വര്‍ണക്കുടകളുടെ കെട്ടുകാഴ്‌ച. മലയാള മനസിന്റെ സ്വകാര്യ അഭിമാനത്തിനും തൃശൂര്‍ക്കാരന്റെ സ്വകാര്യ അഹങ്കാരത്തിനും മേല്‍ ഒരിക്കല്‍ക്കൂടി വര്‍ണക്കുടകള്‍ വിരിച്ച്‌, ഈരേഴു പതിന്നാലു ലോകത്തെയും പ്രകമ്പനം കൊള്ളിച്ച്‌ വര്‍ണ-നാദ-മേള വിസ്‌മയം തീര്‍ത്ത പൂരം. ബാഹുബലിയുടെ മായാകാഴ്‌ചകളെ വെല്ലുന്ന തൃശൂരിന്റെ ബഹാപൂരം.

<strong>'അമിത് ഷാ മണ്ടൻ... അത്ര വിദ്യാഭ്യാശമില്ലാത്തയാൾ', രൂക്ഷ വിമർശനവുമായി മമത ബാനർജി!!</strong>'അമിത് ഷാ മണ്ടൻ... അത്ര വിദ്യാഭ്യാശമില്ലാത്തയാൾ', രൂക്ഷ വിമർശനവുമായി മമത ബാനർജി!!

തൃശൂരിന്റെ ഉത്സവ മനസ്‌ ഒരു പൂരവര്‍ഷം മുഴുവന്‍ കാത്തിരുന്ന വസന്തോത്സവത്തിന്റെ ആചാരാഘോഷ ചടങ്ങുകള്‍ക്ക്‌ ശ്രുതിഭംഗി ചോരാത്ത നിറവ്‌. വിണ്ണില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളെയും മണ്ണില്‍ പൂരാവേശം ഹൃദയത്തിലേക്ക്‌ പറിച്ചുനട്ട പതിനായിരങ്ങളെയും സാക്ഷിയാക്കി നിറവും നിഴലും നാദവും താളവും സ്വപ്‌നക്കൂടൊരുക്കിയ ഇരവുപകലുകള്‍. മസ്‌തകമികവും ലക്ഷണത്തികവും ഒത്തുചേര്‍ന്ന സഹ്യന്റെ മക്കളും മേള-വാദ്യകുലപതികളും വിരിയിച്ച തൃശൂരിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയുടെ ചെപ്പേട്‌.

ആകാശച്ചെരുവില്‍ വര്‍ണമഴ തീര്‍ത്ത് കുടമാറ്റം

ആകാശച്ചെരുവില്‍ വര്‍ണമഴ തീര്‍ത്ത് കുടമാറ്റം

ദേവസോദരിമാരുടെ കൂടിക്കാഴ്‌ചയില്‍ ആകാശച്ചെരുവില്‍ വര്‍ണമഴ തീര്‍ത്ത കുടമാറ്റം. ഇലഞ്ഞിത്തറയില്‍ ലോകംകണ്ട ഏറ്റവും മുന്തിയ ഫിലാര്‍മോണിക്‌ ഓര്‍ക്കസ്‌ട്ര എന്നു വിശേഷിപ്പിക്കാവുന്ന പാണ്ടിമേള ഗോപുരം. ചരിത്ര പെരുമയുടെ മഠത്തില്‍വരവിനു പഞ്ചവാദ്യ മേളപ്പെരുമഴ. നടവഴികളെ നിറച്ച്‌ ഘടകപൂരങ്ങള്‍. ആകാശവിരുന്നൊരുക്കി കരിമരുന്നിന്റെ ഇന്ദ്രജാലം. മേടസൂര്യന്‍ മുഖം മിനുക്കുംമുമ്പേ തട്ടകക്കാരെ വിളിച്ചുണര്‍ത്തി നെയ്‌തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരംവഴി കണിമംഗലം ശാസ്‌താവെത്തിയതോടെയാണ്‌ വടക്കുന്നാഥന്റെ പ്രദക്ഷിണവഴികളില്‍ ഊഴംതെറ്റാതെ പൂരച്ചടങ്ങുകള്‍ക്കു നാന്ദി കുറിച്ചത്‌. പ്രായാധിക്യം ഏറെയുള്ള ദേവന്‍ വെയിലും മഞ്ഞുമേല്‍ക്കുക ഹിതമല്ലാത്തതിനാല്‍ മഞ്ഞുമാറി വെയില്‍ പരക്കുംമുമ്പേ ശ്രീമൂലസ്‌ഥാനത്തെത്തി വിശ്രമസ്‌ഥലത്തേക്ക്‌ മടങ്ങി. പനംമുക്കുമ്പിള്ളി ശാസ്‌താവും ചെമ്പുക്കാവ്‌-കാരമുക്ക്‌ ഭഗവതിമാരും തൊട്ടുപുറകെ എത്തി. ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌തലക്കാവ്‌ ഘടക പൂരങ്ങളുടെ ഊഴമായിരുന്നു പിന്നീട്‌.

തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട്‌

തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട്‌

കണ്ണിലും കാതിലും സിരകളിലും പൂര ലഹരി പടര്‍ത്തി തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട്‌ ഏഴുമണിയോടെ ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറി ബ്രഹ്‌മസ്വം മഠത്തിലേക്കെത്തിയ ഭഗവതിയെ നിറപറയും നിലവിളക്കുമായി ഭക്‌തര്‍ എതിരേറ്റു. ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ടു നീങ്ങിയ എഴുന്നള്ളത്ത്‌ ഒമ്പതോടെ നായ്‌ക്കനാലിലെത്തി. റൗണ്ടിലൂടെ പഴയ നടക്കാവിലേക്ക്‌ നീങ്ങി. നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്കുശേഷം പതിനൊന്നരയോടെ കലാമണ്ഡലത്തിലെ പഞ്ചവാദ്യ മേധാവിയായിരുന്ന കോങ്ങാട്‌ മധുവിന്റെ മേള പ്രമാണത്തില്‍ ചരിത്രപ്രസിദ്ധമായ മഠത്തില്‍ വരവിന്റെ വാദ്യലഹരി തുടങ്ങി.

തിമിലയില്‍ ആദ്യതാളം

തിമിലയില്‍ ആദ്യതാളം

പഞ്ചവാദ്യത്തിന്റെ കുലപതികള്‍ക്കൊപ്പം വാദ്യവേദികളില്‍ നിറസാന്നിധ്യമായ മധു പതികാലത്തില്‍ തുടങ്ങുമ്പോള്‍ത്തന്നെ ആസ്വാദകര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി. മൂന്നാമത്തെ ശംഖധ്വനിയോടെ തിമിലയില്‍ ആദ്യതാളം വിരിഞ്ഞു. 11 തിമില, 17 താളം, 17 കൊമ്പ്‌, 10 മദ്ദളം, നാല്‌ ഇടയ്‌ക്കകള്‍, രണ്ട്‌ ശംഖ്‌ എന്നിവയാണ്‌ പഞ്ചവാദ്യത്തിനായി അണിനിരന്നത്‌. 896 അക്ഷരകാലത്തിലെ പതികാലത്തില്‍ തിമില വീണപ്പോള്‍ ആവേശത്തിമര്‍പ്പില്‍ ജനതതി ആകാശത്തിലേക്ക്‌ കൈകള്‍ എറിഞ്ഞു. ഏഴാനകളുമായി പുറപ്പെട്ട തിരുവമ്പാടിയുടെ എഴുന്നള്ളത്ത്‌ നായ്‌ക്കനാലില്‍ എത്തിയതോടെ ഗജവീരന്മാരുടെ എണ്ണം 15 ആയി. പാണ്ടിമേളത്തിന്റെ പ്രമാണമേറ്റ മേള ചക്രവര്‍ത്തി കിഴക്കൂട്ട്‌ അനിയന്‍ മാരാര്‍ മേളവാദ്യപ്രേമികളില്‍ നിറച്ചത്‌ അര നൂറ്റാണ്ടിന്റെ മേളപ്പെരുമയുടെ പിഴയ്‌ക്കാത്ത താളങ്ങള്‍.

പാറമേക്കാവ്‌ ഭഗവതിയുടെ എഴുന്നള്ളിപ്പ്

പാറമേക്കാവ്‌ ഭഗവതിയുടെ എഴുന്നള്ളിപ്പ്

രാജകീയ പ്രൗഢി വിളിച്ചോതിയാണ്‌ പാറമേക്കാവ്‌ ഭഗവതി പച്ചക്കുട ചൂടി പുറത്തെ പൂരത്തിലേക്ക്‌ എഴുന്നള്ളിയത്‌. ഉച്ചയ്‌ക്ക്‌ 12.30 ഓടെ ഭഗവതിക്ക്‌ പുറത്തേക്ക്‌ എഴുന്നള്ളിപ്പിന്‌ അകമ്പടിയേകാന്‍ 14 ഗജവീരന്മാര്‍ നേരത്തേ ഗോപുരത്തിനു മുന്നില്‍ കോപ്പുകളണിഞ്ഞ്‌ നില്‍പ്പുണ്ടായിരുന്നു. പാണിക്കുശേഷം ചെത്തിമാലകള്‍ ചാര്‍ത്തി അലങ്കരിച്ച കോലവുമേന്തി പാറമേക്കാവ്‌ ശ്രീ പത്മനാഭന്‌ നീരായതിനാല്‍ ഇത്തവണ നിയോഗം ലഭിച്ച ഗുരുവായൂര്‍ നന്ദന്റെ പുറമേറി ഗോപുരത്തിന്‌ പുറത്തുകടന്നു. ചെമ്പടയില്‍ താളമിട്ട പെരുവനം കുട്ടന്‍മാരാര്‍ കനത്ത ചൂടില്‍ തളര്‍ന്ന്‌ ആശുപത്രിയില്‍ അഭയംതേടിയത്‌ പൂരപ്രേമികളില്‍ ഒരു മണിക്കൂറോളം ഉത്‌കണ്‌ഠ പരത്തിയെങ്കിലും ഇലഞ്ഞിത്തറ മേളത്തിന്‌ സാക്ഷ്യംവഹിക്കാനെത്തിയ പതിനായിരങ്ങളുടെ ആവേശം ഏറ്റുവാങ്ങിയ അദ്ദേഹം ഇലഞ്ഞിത്തറയിലെത്തി പ്രമാണിത്തം ഏറ്റെടുത്തു. മേളചക്രവര്‍ത്തിയുടെ പ്രമാണത്തില്‍ അണിനിരന്നത്‌ 300 ലേറെ കലാകാരന്മാരായിരുന്നു. പതികാലത്ത്‌ തുടങ്ങിയ പെരുവനത്തിന്റെ മേളപ്പെരുമ പൂരപ്രേമികളുടെ ചൂണ്ടുവിരലുകളില്‍ താളമായി ഇരമ്പിയാര്‍ത്തു.

ഇലഞ്ഞിത്തറ മേളം

ഇലഞ്ഞിത്തറ മേളം

ഇലഞ്ഞിത്തറ മേളത്തിന്‌ സാക്ഷ്യംവഹിക്കാനെത്തിയ പതിനായിരങ്ങളുടെ ചൂണ്ടുവിരലുകളില്‍ താളം തത്തിക്കളിച്ചപ്പോള്‍ പതികാലത്ത്‌ തുടങ്ങിയ പെരുവനത്തിന്റെ മേളപ്പെരുമ ഇരമ്പിയാര്‍ത്തു. ചെമ്പടയുടെ ആമുഖത്തോടെ ആരംഭിച്ച ഇലഞ്ഞിത്തറമേളം തകര്‍തകര്‍കാലവും മുട്ടിന്മേല്‍ കയറിയ കാലവും ഉരുജകലാശങ്ങളും പിന്നിട്ട്‌ ഏഴ്‌ അക്ഷരത്തിലേക്ക്‌ കടന്ന നാദവിസ്‌മയം. ഇലഞ്ഞിത്തറയില്‍ ഏഴഴകും വിടര്‍ത്തി രണ്ടര മണിക്കൂറോളം പെയ്‌തൊഴിഞ്ഞ നാദപേമാരിക്കുശേഷം പെരുവനവും കിടപിടിക്കുന്ന സഹവാദ്യക്കാരും കൊട്ടിത്തീര്‍ത്തത്‌ പൂരപ്രേമികളുടെ ഹൃദയങ്ങളില്‍.

15 ഗജവീരന്മാർ

15 ഗജവീരന്മാർ

തിരുവമ്പാടിയുടെ പാണ്ടിമേളത്തിന്‌ വടക്കുന്നാഥന്റെ ശ്രീമൂലസ്‌ഥാനത്ത്‌ സമാപനമായതോടെ പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിന്‌ തുടക്കമായി. തെക്കേ ഗോപുരവഴിയിലൂടെ പുറത്തേക്കിറങ്ങിയ പാറമേക്കാവിന്റെ 15 ഗജവീരന്മാരെ നിലയ്‌ക്കാത്ത കൈയടികളോടെയാണ്‌ പുരുഷാരം വരവേറ്റത്‌. പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷിണ വഴിയിലേക്കിറങ്ങി രാജാവിന്റെ പ്രതിമയെ വലംവച്ച്‌ തിരികെ സ്വരാജ്‌ റൗണ്ടിലെത്തി തെക്കേ ഗോപുരത്തിന്‌ അഭിമുഖമായി നിരന്നു. തേക്കിന്‍കാട്‌ മൈതാനിയിലും പ്രദക്ഷിണവഴികളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലും പൂരപ്രേമികള്‍ പിന്നീട്‌ കുടമാറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു. തിരുവമ്പാടിയുടെ 15 ഗജവീരന്മാര്‍ ഗോപുരമിറങ്ങി മുഖാമുഖം അണിനിരന്നതോടെ ദേവസോദരിമാരുടെ കൂടിക്കാഴ്‌ചയായി. വിശ്വം ഭ്രമിക്കുന്ന വര്‍ണങ്ങളുടെ കുടമാറ്റം. ഇമവെട്ടാത്ത കണ്ണുകളും ആര്‍പ്പുവിളികളുമായി നിലകൊണ്ട പൂരപ്രേമികള്‍ക്ക്‌ നിറക്കാഴ്‌ചയാകാന്‍ ഇത്തവണ ഇരുതട്ടകങ്ങളും സ്‌പെഷല്‍ എല്‍.ഇ.ഡി. കുടകളുടെ ദൃശ്യപ്പെരുമയും പകര്‍ന്നു.

മറ്റൊരു പൂരത്തിനുകൂടി ഭരതവാക്യമാവും

മറ്റൊരു പൂരത്തിനുകൂടി ഭരതവാക്യമാവും

കുടമാറ്റവും കൂടിക്കാഴ്‌ചയും കഴിഞ്ഞശേഷം ഭഗവതിമാര്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ മഠത്തിലേക്ക്‌ തിരിച്ചെഴുന്നള്ളി. രാത്രിയില്‍ ഇരുഭഗവതിമാരും ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാരും എഴുന്നള്ളിപ്പ്‌ ആവര്‍ത്തിച്ചു. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തെ തുടര്‍ച്ചയായി പതിനാറു വര്‍ഷം നയിച്ച ചോറ്റാനിക്കര വിജയനു പകരം പരയ്‌ക്കാട്‌ തങ്കപ്പനാണ്‌ തിമിലയുടെ മാന്ത്രിക താളമൊരുക്കി മേളപ്രമാണിയായത്‌. ചൊവ്വാഴ്ച ഉച്ചയോടെ ദേവസോദരിമാര്‍ വടക്കുന്നാഥന്റെ തിരുസന്നിധിയില്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ നാദ-താള-ലയ വിസ്‌മയക്കാഴ്‌ചകളുടെ മറ്റൊരു പൂരത്തിനുകൂടി ഭരതവാക്യമാവും. അടുത്ത പൂരവര്‍ഷത്തിനായുള്ള കാത്തിരിപ്പുമായി പൂരപ്രേമികള്‍ മടങ്ങും.

Thrissur
English summary
Thrissur pooram; Kerala's largest temple festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X