തൃശൂര്‍ സ്‌കൂള്‍ വെടിവെപ്പ്; പ്രതിക്ക് ജാമ്യം... കുടുംബം ചികില്‍സാ രേഖകള്‍ ഹാജരാക്കി
തൃശൂര്‍: വിവേകോദയം സ്‌കൂളില്‍ വെടിയുതിര്‍ത്ത കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇയാളെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതി മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കുടുംബം അറിയിച്ചുവെന്നും ചികില്‍സാ രേഖകള്‍ കാണിച്ചുവെന്നുമാണ് വിവരം.
ഇന്ന് രാവിലെയാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പ്രതി അപ്രതീക്ഷിതമായി എത്തിയതും ഭയാനകമായ സംഭവങ്ങള്‍ക്ക് ഇടയാക്കിയതും. മുളയം സ്വദേശിയായ ഇയാള്‍ പഠിച്ചിരുന്ന വേളയില്‍ തൊപ്പി അധ്യാപകന്‍ വാങ്ങിവച്ചിരുന്നുവത്രെ. തൊപ്പി ചോദിച്ചാണ് പ്രതി എത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ചില അധ്യാപകരെ അന്വേഷിക്കുകയും ചെയ്തു.

ക്ലാസ് മുറികളില്‍ കയറി ഭീതി പരത്തിയ ശേഷം സ്റ്റാഫ് മുറിയിലെത്തി ഭീഷണിപ്പെടുത്തി. ശേഷം കസേരയില്‍ ഇരുന്ന് തോക്ക് പുറത്തെടുത്തു. പിന്നീട് അതിവേഗം മറ്റു ചില ക്ലാസ് മുറികളിലേക്ക് പോയി. ഈ വേളയിലാണ് വെടിയുതിര്‍ത്തത്. വിദ്യാര്‍ഥികള്‍ തമാശയായിട്ടാണ് ആദ്യം ഇയാളെ കണ്ടത്. വെടിവച്ചതോടെ പരിഭ്രാന്തരായി. ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഈസ്റ്റ് പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷവും പ്രതി അസ്വാഭാവികമായി പെരുമാറി. പോലീസുകാര്‍ ഇടപെട്ട് ശാന്തനാക്കുകയായിരുന്നു. ഈ വേളയില്‍ പ്രതിയുടെ വീട്ടുകാര്‍ ചികില്‍സാ രേഖകള്‍ പോലീസിന് കൈമാറി. രണ്ട് വര്‍ഷമായി ചികില്‍സയിലാണ് എന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചതും മാനസിരാകോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതും.
ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഗൗരവത്തിലെടുക്കുന്നുവെന്നും ജില്ലാ കളക്ടര്‍ കൃഷ്ണ തേജ മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമിച്ചുകയറി, പരിഭ്രാന്തി സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 2021-23 പ്ലസ് ടു ബാച്ചില്‍ ചേര്‍ന്നിരുന്ന പ്രതി ഒരു വര്‍ഷം മുമ്പ് പഠനം നിര്‍ത്തി പോകുകയാണുണ്ടായതെന്ന് അധ്യാപകര്‍ പറഞ്ഞു.
തൃശൂര്‍ അരിയങ്ങാടിയിലെ ഗണ്‍ഹൗസില്‍ നിന്നാണ് 1500 രൂപ നല്‍കി പ്രതി ബേബി എയര്‍ പിസ്റ്റല്‍ വാങ്ങിയതെന്ന് പോലീസ് അന്വേഷത്തില്‍ തെളിഞ്ഞു. 2020ന് ശേഷം തൃശൂരിലെ രണ്ട് ആശുപത്രികളിലായി പ്രതി ചികില്‍സ തേടിയിരുന്നുവെന്ന രേഖകളാണ് കുടുംബം പോലീസിന് കൈമാറിയത്.
പ്രതിക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് അന്വേഷണത്തിന് പുറമെ പൊതുവിദ്യാഭ്യാസ വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications