യാത്രയ്ക്കിടെ പ്രസവവേദന; കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി, സംഭവം തൃശൂരില്‍
അമല നഗര്‍: കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെട്ട യുവതി ബസിനുള്ളില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി. തൃശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു സംഭവം. മലപ്പുറം ജല്ലയിലെ തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്നു കെ എസ് ആര്‍ ടി സി ബസ്.
ബസ് പേരമംഗലത്ത് എത്തിയപ്പോള്‍ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ജീവനക്കാര്‍ ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് വിവരം. യുവതിയും ഭര്‍ത്താവും മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. തൃശൂരില്‍ നിന്നാണ് ഇവര്‍ ബസില്‍ കയറിയത് എന്ന് ബസിലെ കണ്ടക്ടര്‍ അജയന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. കയറുമ്പോള്‍ തന്നെ ചെറിയ അവശത ഉള്ളത് പോലെ തോന്നുന്നുണ്ടായിരുന്നു.
'അവര്‍ സീറ്റില്‍ ഇരുന്നതിന് ശേഷമാണ് വണ്ടിയെടുത്തത്. അമല ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് യുവതി വേദനയുണ്ട് എന്ന് പറഞ്ഞത്. ഇറങ്ങി ഓട്ടോയില്‍ കൊണ്ടുപോകാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും അവര്‍ അവശയായിരുന്നു. കുട്ടി പുറത്തേക്ക് വരുന്നുണ്ടെന്ന് ആരോ പറഞ്ഞു. അപ്പോള്‍ പിന്നെ ഡ്രൈവറോട് ബസ് ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു,' അജയന്‍ കൂട്ടിച്ചേര്‍ത്തു.
ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. കോഴിക്കോട് സ്വദേശിയായ ഷിജിത്ത് ആയിരുന്നു ബസിലെ ഡ്രൈവര്‍. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും അജയന്‍ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.












Click it and Unblock the Notifications