തൃശൂരില്‍ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; ഒരു ചെവിയുടെ കേള്‍വി നഷ്ടമായി
കൽപ്പറമ്പ്: തൃശൂർ കൽപ്പറമ്പിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിക്ക് മിന്നലേറ്റു. പൂമംഗലം സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യ( 33 )യ്ക്കാണ് മിന്നലേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കുഞ്ഞിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല. വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് പാല് കൊടുന്നതിനിടെയാണ് മിന്നലേറ്റത്.
ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവി നഷ്ടമായതായാണ് വിവരം. മിന്നലേറ്റയുടൻ ഐശ്വര്യയുയും കുഞ്ഞും തെറിച്ച് വീണു. ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തതായണ് റിപ്പോർട്ട്. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീട്ടിലെ സ്വിച്ച് ബോർഡും ബൾബുകളും പൊട്ടിത്തെറിച്ചു.

സമീപത്തെ വീടുകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തിനശിച്ചു. അപകടം നടന്ന ഉടൻ തന്നെ സുബീഷ് ഐശ്വര്യയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. മിന്നലടിക്കുമ്പോൾ വീട്ടിൽ ഇവരുടെ രണ്ട് മക്കളും മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും പരിക്കുകൾ പറ്റിയില്ല.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. എല്ലായിടത്തും മഴ പെയ്യാനാണ് സാധ്യത. ഈ മാസം 28 വരെ മഴ തുടരും. മലയോരപ്രദേശത്തും തീരപ്രദേശത്തും ഉള്ള ആളുകൾ ജാഗ്രതപാലിക്കണമെന്ന് അറിയിപ്പുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട് എന്നാണ് അറിയിപ്പ്.












Click it and Unblock the Notifications