കൈകള്‍ നഷ്ടപ്പെട്ട കടലാമ പുത്തന്‍ കടപ്പുറത്ത്: അടിഞ്ഞു, ആമ അടിഞ്ഞത് മന്ദലാംകുന്ന് ബീച്ചില്‍!
തൃശൂര്‍: രണ്ടു കൈകളും നഷ്ടപ്പെട്ട നിലയില്‍ കടലാമയെ കണ്ടെത്തി. ചാവക്കാട് പുത്തന്‍ കടപ്പുറത്താണ് കടലാമ അടിഞ്ഞത്. ഒരു കൈ പൂര്‍ണമായും മറ്റത് പകുതിയും അറ്റനിലയിലാണ്. കഴിഞ്ഞ ദിവസം മന്ദലാംകുന്ന് ബീച്ചില്‍ ഒരു കൈ അറ്റുപോയ നിലയില്‍ കടലാമയെ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി കൈകള്‍ നഷ്ടപ്പെടുന്ന നിലയില്‍ കടലാമയെ കണ്ടെത്തുന്നത് ദുരൂഹതയുണര്‍ത്തുന്നു.
പുത്തന്‍ കടപ്പുറം സൂര്യ കടലാമ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് ഒലിവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമ കടലേറ്റത്തില്‍ തീരത്തണഞ്ഞത്. മുന്നിലേക്കുള്ള യാത്രയ്ക്ക് വളരെയധികം കടലാമ ബുദ്ധിമുട്ടുണ്ട്. കടലിന്റെ ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്ന ഇത്തരം പരുക്കുപറ്റിയ ആമകള്‍, കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ചാവക്കാട് തീരത്തെത്തുന്നത്.

പുത്തന്‍ കടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതി പ്രസിഡന്റ് പിഎ സെയ്തുമുഹമ്മത്, സമിതി പ്രവര്‍ത്തകരായ പിഎ ഷറഫുദ്ദീന്‍, എഎംഷംസു. പിഎ ഫൈസല്‍, കെഎം സെക്കരിയ്യ, പി എ നെസീര്‍, ഷാനു അസീസ് പി എയെ ജീബ് കെ കെ അലി, ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സികൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍കടലാമയെ അറപ്പതോടില്‍ സംരക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ദലാംകുന്ന് കടപ്പുറത്ത് ഒരു കൈ ചെത്തിയ നിലയില്‍ ഒരു കടലാമ തീരത്തണഞ്ഞിരുന്നു. അതിനെ മന്ദലാംകുന്നിലുള്ള അറപ്പത്തോട്ടിലാണ് സൂക്ഷിച്ചിട്ടുള്ളത്. മീന്‍പിടിത്തക്കാരുടെ വലയില്‍ പെടുമ്പോള്‍ വെട്ടിമാറ്റുന്നതാണ് കടലാമയുടെ കൈകളെന്ന് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications