വിയ്യൂര്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ മിന്നല്‍ സന്ദര്‍ശനം: 38 ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി, സ്ഥലം മാറ്റവും, സസ്പെൻഷനും!
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ മിന്നല്‍ സന്ദര്‍ശനം. 38 പേര്‍ക്കെതിരേ നടപടി. തടവുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്ന് അസി. പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റുഉദ്യോസ്ഥരെ വ്യത്യസ്ത ജില്ലകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അസി. പ്രിസണ്‍ ഓഫീസര്‍മാരായ ജെ. ഷെമീര്‍, കെ. മണികണ്ഠന്‍, കെ. റിയാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ രാവിലെ 10.30 മുതല്‍ 12 വരെയായിരുന്നു പരിശോധന. ജയിലിലെ തടവുകാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞറിഞ്ഞായിരുന്നു നടപടി. ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നുവെന്ന് തടവുകാര്‍ വ്യാപകമായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുകയും വെല്‍ഫയര്‍ ഓഫീസര്‍മാരെ കൊണ്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് അസി. പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ ജയിലില്‍ മുന്‍ അസി. സൂപ്രണ്ടായി ജോലി ചെയ്തിരുന്ന അജേഷിനെതിരെയും തടവുകാര്‍ പരാതിപ്പെട്ടിരുന്നു. അജേഷ് ഇപ്പോള്‍ ജയില്‍ വകുപ്പില്‍ നിന്നും മാറി പൊലീസില്‍ ചേര്‍ന്ന് അക്കാഡമിയില്‍ എസ്.ഐ. പരിശീലനത്തിലാണ്. അജേഷിനെ ഇന്ന് വിളിച്ചു വരുത്തി തെളിവെടുക്കാനും നിര്‍ദ്ദേശിച്ചു. മദ്ധ്യമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യനും ഋഷിരാജ് സിംഗിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം അതീവ സുരക്ഷാ ജയിലിലെ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിലിനുള്ളില്‍ തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രൂപേഷിന്റെ പരാതികള്‍ കേട്ട ഋഷിരാജ് സിംഗ് ജയില്‍ നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. മറ്റ് ജയിലുകളില്‍ നിന്നും വിഭിന്നമായി സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications