മാലിന്യമുക്ത ഗ്രാമം; തൃശൂര്‍ എളവള്ളിയില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു
തൃശൂര്‍: എളവള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും റോഡരികില്‍ വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും രാവിലെ 7 മണി മുതല്‍ 11 വരെ ഒരേ സമയത്തായിരുന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. റോഡരികില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍, ചില്ലു കുപ്പികള്‍, ബാഗ്, ചെരുപ്പ്, തെര്‍മോകോള്‍ എന്നിവ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
ഇങ്ങനെ കണ്ടെത്തിയ അജൈവ മാലിന്യങ്ങള്‍ ഗ്രാമ പഞ്ചായത്തിലെ തന്നെ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വനിതാ വ്യവസായ എസ്റ്റേറ്റിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിലാണ് ശേഖരിച്ചിട്ടുള്ളത്. ഇവ തരംതിരിച്ചതിന് ശേഷം റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ബെയില്‍ ചെയ്‌തെടുക്കുന്നതിനും തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറുന്നതിനുമാണ് തീരുമാനം.
താമരപ്പിള്ളി സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ചടങ്ങില്‍
എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സുഗതന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി സി മോഹനന്‍, എന്‍ ബി ജയ, ജീന അശോകന്‍, സനല്‍ കുന്നത്തുള്ളി, ശ്രീജിത തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications