പലിശക്ക് പണം ഈടാക്കുന്നുവെന്ന് പരാതി; കുന്നംകുളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് വാളും തോക്കും ആധാരങ്ങളും പിടിച്ചെടുത്തു
തൃശൂര്‍: ആധാരങ്ങളും വാഹനങ്ങളും പണയംവച്ച് പലിശക്ക് പണം ഈടാക്കുന്നുവെന്ന പരാതിയില്‍ കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പരിശോധനയില്‍ വീട്ടില്‍നിന്ന് വാളുകളും കത്തികളും ആണിതറച്ച ഇരുമ്പുപൈപ്പും തോക്കും രണ്ട് ആധാരങ്ങളും പിടിച്ചെടുത്തു.
കുന്നംകുളം അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന മുഖിലശേരി വിജു (കൊമ്പന്‍ ബിജു-46) വിനെയാണ് സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റുചെയ്തത്. ആധാരങ്ങളും വാഹനങ്ങളും പണയംവച്ച് പലിശക്ക് പണം നല്‍കുന്നുവെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയില്‍ കുന്നംകുളം പോലീസ് കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മാരകായുധങ്ങളും എയര്‍ഗണ്‍ തോക്കും കണ്ടെടുത്തത്.

ഇന്നലെ രാവിലെ സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയ് തോമസ്, സുമേഷ്, മിനി, ഷെജീര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അടപ്പുട്ടിയിലെ കൊമ്പിന്‍ ബിജുവിന്റെ വീട് റെയ്ഡ് നടത്തിയത്. കത്തിയുള്‍പ്പെടെ മൂര്‍ച്ചയേറിയ മാരകായുധങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.
ബി.ജെ.പി. പ്രവര്‍ത്തകനായിരുന്ന കൊമ്പന്‍ ബിജു കുന്നംകുളം ടൗണിലെ ബി.എം.എസ്. ചുമട്ടുതൊഴിലാളിയായിരുന്നു. ബി.ജെ.പി യുമായി തെറ്റിപ്പിരിഞ്ഞ് അടുത്തകാലത്താണ് സി.പി.എമ്മില്‍ ചേര്‍ന്നത്. അതിനുശേഷം രണ്ടുതവണ കൊമ്പന്‍ ബിജുവിനെതിരേ സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. റെയ്ഡില്‍ മാരകായുധങ്ങളും എയര്‍ഗണ്ണും വീട്ടില്‍നിന്ന് പിടിച്ചെടുത്തത് സി.പി.എമ്മിനെ ഞെട്ടിച്ചു. അറസ്റ്റിലായ കൊമ്പിന്‍ ബിജുവിനെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications