വെസ്റ്റ് നൈല്‍ പനി: ആശാരിക്കാട് ഗ്രാമം നിരീക്ഷണത്തില്‍, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്
തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരണമുണ്ടായ ആശാരിക്കാട് ഗ്രാമം നിരീക്ഷണത്തില്‍. കൂടുതല്‍ പേരിലേക്ക് രോഗമുണ്ടായാല്‍ ചികിത്സിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ച രോഗി ഇന്നലെ മരണപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു .
നിലവില്‍ ജില്ലയില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് യോഗം വിലയിരുത്തി. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും മെഡിക്കല്‍ കോളേജിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു. വെസ്റ്റ് നൈല്‍ രോഗബാധിതനായ വ്യക്തി മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു .

മെഡിക്കല്‍ കോളേജ് റെക്കോര്‍ഡ് പ്രകാരം ഏപ്രില്‍ 24 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. രോഗിക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ കൈകാലുകള്‍ക്ക് തളര്‍ച്ച കൂടി കണ്ടിരുന്നു. 4 ദിവസം നീണ്ടു നിന്ന പനിയോടൊപ്പം കൈകാലുകള്‍ പൂര്‍ണമായി തളരുകയായിരുന്നു. ഏപ്രില്‍ 27ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയെ ശ്വാസതടസ്സം മൂലം ഏപ്രില്‍ 28ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സഹകരണ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും മെയ് 18ന് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു .
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറോളജി പാനല്‍ സ്റ്റഡിയില്‍ മെയ് 25 നാണ് വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നിലയില്‍ ചെറിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു എങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരിച്ചു വെന്റിലേറ്ററിലേക്ക് മാറ്റി. മെയ് 29ന് ആരോഗ്യ സ്ഥിതി വീണ്ടും മോശമാകുകയും രാവിലെ 9.30ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
രോഗം സ്ഥിരീകരിച്ചയുടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം രോഗിയുടെ വീടും പരിസരവും സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. ക്യൂലക്സ് കൊതുക് വഴി പകരുന്ന രോഗമായതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. വാസസ്ഥലത്തിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ കൊതുക് നിവാരണത്തിനായി ഡ്രൈ ഡേ പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുണ്ട്. അവലോകന യോഗത്തില്‍ ഡി എം ഒ ഡോ എന്‍ കെ കുട്ടപ്പന്‍ , ഡി പി എം ഡോ രാഹുല്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു .
അതേസമയം , ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്. ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011 ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019 ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു .












Click it and Unblock the Notifications