ഏത് ഫോൺ ആണ് പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത്? മാലപ്പടക്കം പോലെ പൊട്ടി തീ പിടിച്ചു, ഏലിയാസ് പറയുന്നു
തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിയായ 76കാരന്‍ ഏലിയാസിന്റെ ഷര്‍ട്ട് പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് ഷര്‍ട്ടില്‍ തീ പടര്‍ന്നുവെങ്കിലും ഉടനെ കെടുത്താനായത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഏത് ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്ന് അറിയാനാണ് ആളുകള്‍ക്ക് ആകാംഷ. ഇതിന് മുന്‍പ് തൃശൂരിലടക്കം സമാന സംഭവം ഉണ്ടായതില്‍ സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു ഇത്തരത്തില്‍ പൊട്ടിത്തെറിച്ചിരുന്നത്. എന്നാല്‍ ഏലിയാസിന്റേത് സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നില്ല.

സംഭവത്തെ കുറിച്ച് ഏലിയാസ് പറയുന്നത് ഇങ്ങനെ: ''ഒരു സൈഡില്‍ ഗ്യാസ് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മറ്റൊരു സൈഡിലും ഗ്യാസ് കത്തുന്നു. വലിയൊരു അനര്‍ത്ഥം ഉണ്ടാവേണ്ടതായിരുന്നു. അതില്‍ നിന്ന് ദൈവം രക്ഷപ്പെടുത്തി. താന്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. അവിടെ ഒരു കടയില്‍ കയറി ഇരുന്നു.
ഒരു മിനുട്ട് കഴിഞ്ഞപ്പോള്‍ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഓലപ്പടക്കം പൊട്ടുന്ന ശബ്ദത്തില്‍ പൊട്ടി തീ പാളി. ഷര്‍ട്ടിന്റെ ഒരു വശം കത്തി. ബനിയന്‍ ഉണ്ടായിരുന്നത് കൊണ്ട് ഉളളിലേക്ക് തീ ബാധിച്ചില്ല. രണ്ട് കൈ കൊണ്ടും തിരുമ്മി തീ കൊടുത്തി. വെള്ളം ഒഴിച്ച് കെടുത്തിയത് പോലെ തീ കെട്ടു''.

കടയിലെ സിസിടിവിയിലാണ് ഏലിയാസിന്റെ മൊബൈല്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ പതിഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു തന്റേത് സ്മാര്‍ട്ട് ഫോണ്‍ അല്ലെന്നും സാധാരണ ഫോണ്‍ ആണെന്നും ഏലിയാസ് പറയുന്നു. ഫോണ്‍ വാങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നതേ ഉളളൂ. ആയിരം രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും വാറണ്ടി ഇല്ലെന്നും ഏലിയാസ് പറഞ്ഞു.












Click it and Unblock the Notifications