കുടിയൊഴിപ്പിക്കില്ല; കടക്കെണിയൊരുക്കിയവരെ കുടുക്കുമെന്ന് ചിന്നുവിന് മന്ത്രി എസി മൊയ്തീന്റെ ഉറപ്പ്
തൃശൂര്‍: 'ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും' സാന്ത്വനസ്പര്‍ശം അദാലത്തില്‍ പരാതികേട്ട മന്ത്രിയുടെ വാക്കുകള്‍ കുളിര്‍കാറ്റ് പോലെയാണ് ചിന്നുവിന്റെ കാതില്‍ എത്തിയത്. എടുത്തത് രണ്ടുലക്ഷം, അടച്ചത് നാലുലക്ഷം അടയ്ക്കാനുള്ളത് ആറുലക്ഷം.. സിനിമാക്കഥ പോലെ തോന്നുമെങ്കിലും മൂന്നര സെന്റ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന കുമ്മത്ത് വീട്ടില്‍ ചിന്നുവിന്റെ ബാധ്യതയുടെ ലിസ്റ്റാണിത്.

2013ലാണ് ചിന്നുവിന്റെ ഭര്‍ത്താവ് പരേതനായ നാരായണന്‍ തലപ്പിള്ളി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നത്. കൂലിപ്പണി എടുത്താണ് 68 വയസ്സുള്ള ചിന്നു നാല് ലക്ഷം രൂപ അടച്ചുവീട്ടിയത്. പ്രായാധിക്യം മൂലം ജോലി ചെയ്യാന്‍ വയ്യാതായതോടെ പലിശക്ക് മുകളില്‍ പലിശ കയറി ബാധ്യത ഇരട്ടിച്ചു.
ഉള്ള സ്ഥലം ജപ്തി ചെയ്തു പോകുമോ എന്ന ആശങ്കയായിരുന്നു ചിന്നുവിനെ അദാലത്തില്‍ എത്തിച്ചത്. പരാതി കേട്ട തദ്ദേശ വകുപ്പ് മന്ത്രി
എ സി മൊയ്തീന്‍ ബാങ്ക് അധികൃതരെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. അടിസ്ഥാന വിവരങ്ങളില്‍ തന്നെ ക്രമക്കേട് തോന്നിയ മന്ത്രി സഹകരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന് കേസ് കൈമാറി. ചിന്നുവിനെ ആരും വീട്ടില്‍ നിന്നും ഇറക്കി വിടില്ലെന്നും, വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ പുഷ്പ മുരളിയുടെ സഹായത്തോടെയാണ് ചിന്നു അദാലത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications