കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി കൊടുത്ത് ദേഹോപദ്രവം: തൃശൂരില്‍ 40 കാരി അറസ്റ്റില്‍
തൃശൂര്‍: 17 വയസുകാരനു കട്ടന്‍കാപ്പിയില്‍ ഗുളികകലര്‍ത്തി നല്‍കി ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ മുരിയാട് സ്വദേശിനി ചെമ്പോത്തുംപറമ്പില്‍ സീനത്തി(40)നെ ആളൂര്‍ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. മുരിയാട് വെള്ളിലാംകുന്ന് വലിയേടത്തുപറമ്പില്‍ അജയന്റെ രണ്ടാം ഭാര്യയായ സീനത്താണ് മകന്‍ ശ്രീജേഷിന് ഗുളിക കലര്‍ത്തിയ കട്ടന്‍ചായ നല്‍കിയത്.
13 വര്‍ഷമായി അജയന്‍ ആദ്യ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഒമ്പതു വര്‍ഷമായി അജയനും സീനത്തും ആദ്യ ഭാര്യയിലെ രണ്ട് മക്കളും വെള്ളിലാംകുന്നിലെ കോളനിയില്‍ കഴിയുന്നു. സീനത്ത് മക്കളുമായി സ്ഥിരം വഴക്കിടാറുള്ളതായും ഇഷ്ടക്കുറവ് കാണിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഫുട്‌ബോള്‍ കളി കഴിഞ്ഞുവരുന്ന ശ്രീജേഷ് സ്ഥിരമായി കട്ടന്‍കാപ്പി കഴിക്കാറുള്ള കാര്യം അറിയാമായിരുന്ന സീനത്ത് ശ്രീജേഷിനെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ 25ന് വൈകിട്ട് കട്ടന്‍കാപ്പിയില്‍ മറ്റ് ഏതോ അസുഖത്തിന് ഉപയോഗിക്കുന്ന ഗുളിക കലക്കി വയ്ക്കുകയായിരുന്നു.

കാപ്പി കുടിച്ച് ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ശ്രീജേഷിനെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ശ്രീജേഷ് അപകടനില തരണംചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ. സി.കെ. സുരേഷ്, സീനിയര്‍ സി.പി.ഒ. പി.കെ. ജെയ്‌സണ്‍, കെ.ടി. ടെസി, കെ.ആര്‍. സീമ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications