• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹര്‍ത്താല്‍ തൃശൂരില്‍ പൂര്‍ണം: യാത്രക്കാര്‍ വലഞ്ഞു, കടകള്‍ തുറന്നില്ല...

  • By Desk

തൃശൂര്‍: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ തൃശൂരില്‍ പൂര്‍ണം. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെയാണ് പലരും അറിഞ്ഞത്. ജില്ലയില്‍ ഇന്നലെ രാവിലെ അപൂര്‍വമായി സ്വകാര്യബസുകള്‍ ഓടിയെങ്കിലും പിന്നീട് ഓട്ടം നിര്‍ത്തി. ഹര്‍ത്താല്‍ അറിയായെ പുലര്‍ച്ചെ യാത്രക്കിറങ്ങിയവര്‍ വഴിയില്‍ കുടുങ്ങി. റെയില്‍വേ സ്‌റ്റേഷനിലും കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലും യാത്രക്കവരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഭിന്നതകൾ മാറി... മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!!

നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി നാമമാത്രമായി സര്‍വീസ് നടത്തി. എവിടേയും കടകള്‍ തുറന്നില്ല. നഗരത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് തൃശൂര്‍ പാര്‍ലമെന്റ് പ്രസിഡണ്ട് ഷിജു വെളിയത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ജെലിന്‍ ജോണ്‍ സ്വാഗതം പറഞ്ഞു.

നേതാക്കളായ ജെയ്‌സണ്‍ കെ. എല്‍, ടോം അരണാട്ടുകര, സജീവന്‍ കുരിയച്ചിറ, കെ. ഗോപാലകൃഷ്ണന്‍, പ്രഭുദാസ് പാണേങ്ങാടന്‍, താരിഖ്, സി. എം. രതീഷ്, മിഥുന്‍ മോഹന്‍, ബഷീര്‍ അഹമ്മദ്, വിജൊ തട്ടില്‍, കൊച്ചനിയന്‍, അനീഷ് കെ. വര്‍ണ്മീസ്, ജിയൊ ആലപ്പാട്ട്, ജിജൊമോന്‍, സിജു തേറാട്ടില്‍, ഡിന്റൊ മഞ്ഞളി, വിപീഷ് ചിറയത്ത്, സുരേഷ്, ബിനോജ് അയ്യന്തോള്‍ നേതൃത്വം നല്‍കി.

നഗരത്തില്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചിന് പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സിയില്‍ നിന്നും ആരംഭിച്ച പ്രകടനം തെക്കേഗോപുരനടയില്‍ സമാപിച്ചു. പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

പോലീസിനെ ആക്ഷേപിച്ച യൂത്ത് നേതാവിന്റെ കൈ തല്ലിയൊടിച്ചു

പോലീസിനെ അധിക്ഷേപിച്ചെന്നു പറഞ്ഞ് പ്രതിഷേധ പ്രകടനം കഴിഞ്ഞു മടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒറ്റതിരിഞ്ഞു മര്‍ദിച്ചെന്നു പരാതി. കൈ ഒടിഞ്ഞ നിലയില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജെലിന്‍ ജോണിനെ സഹകരണ ആശുപത്രിയിലാക്കി. ഇന്നലെ ഉച്ചയോടെ സ്വരാജ്‌റൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ വ്യാപകമായി ഇടതുമുന്നണി പ്രചാരണജാഥയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു.

ഇതിനിടെ സ്വപ്ന തീയറ്ററിനു സമീപം ഏതാനും പോലീസുകാര്‍ ഇടതുമുന്നണി ബോര്‍ഡിനു സംരക്ഷണമൊരുക്കിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ജീവിച്ചിരിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാതെ ഫ്‌ളക്‌സുകള്‍ക്ക് സംരക്ഷണമൊരുക്കുന്നതിലെ അനൗചിത്യം പ്രകടനക്കാരില്‍ പലരും ചോദ്യം ചെയ്തു. ഫ്‌ളക്‌സു ബോര്‍ഡുകള്‍ നിരോധിച്ച് കോടതി വിധിയുള്ളപ്പോള്‍ പോലീസിന്റെ ഫ്‌ളക്‌സ് സംരക്ഷണത്തിനുള്ള വ്യഗ്രതയെയും വിമര്‍ശിച്ചു. ഇതിനു നേതൃത്വം നല്‍കിയത് ജെലിനാണ്. ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ പിന്നീട് മാര്‍ച്ച് കഴിഞ്ഞ ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകവെ കോര്‍പ്പറേഷന്‍ ഓഫീസിനു സമീപം ജെലിന്‍ ജോണിനെ തിരഞ്ഞുപിടിച്ച് മര്‍ദിച്ചതായാണ് പരാതി. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു തട്ടിക്കയറുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജെലിനെ പോലീസ് വാഹനത്തിലേയ്ക്ക് എടുത്തെറിഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ജെലിനുമായി മുന്നോട്ടുപോയ പോലീസ് വാഹനം റൗണ്ടില്‍ രാഗം തിയ്യറ്ററിന് സമീപത്തു പ്രകടനം കഴിഞ്ഞുമടങ്ങിയ 19 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് ജെലിനെ ആശുപത്രിയിലാക്കി. എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

ദേശീയപാത ഉപരോധിച്ചു

ഹര്‍ത്താല്‍ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലപ്പാട് നടത്തിയ റോഡ് ഉപരോധം പോലീസുമായി ബലപ്രയോഗത്തിനും അറസ്റ്റിനും ഇടയാക്കി. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തംഗം ശോഭാസുബിന്റെ നേതൃത്വത്തില്‍ വലപ്പാട് ദേശീയപാത ഉപരോധിക്കുകയായിരുന്നു. അറസ്റ്റിനു വഴങ്ങാതിരുന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. സംഭവത്തില്‍ പതിനൊന്നുപേര്‍ക്കെതിരെ കേസെടുത്തു.

വലപ്പാട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ചന്തപ്പടി ചുറ്റി കോതകുളത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്‍ ഉദ്ഘാടനം ചെയ്തു. വലപ്പാട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാബു കുന്നുങ്ങല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍ പ്രസംഗിച്ചു. അതേസമയം സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെയാണു പോലീസ് ബലപ്രയോഗം നടത്തിയതെന്ന് ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്‍ ആരോപിച്ചു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് വിജയിപ്പിച്ചു. തൃപ്രയാറില്‍ രാവിലെ ചില കടകള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ അടപ്പിച്ചു. വലപ്പാട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പെട്ടെന്നുള്ള ഹര്‍ത്താല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വഴിയാത്രികരെ വലച്ചെങ്കിലും നാലുചക്ര വണ്ടികളില്‍ കച്ചവടം നടത്തുന്നവര്‍ മിക്കയിടത്തും തുറന്നു പ്രവര്‍ത്തിച്ചത് ദാഹിച്ചുവലഞ്ഞാവര്‍ക്ക് ആശ്വാസമായി.

തൃപ്രയാര്‍, വലപ്പാട് എന്നിവിടങ്ങളില്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ഹര്‍ത്താലില്‍ അടപ്പിച്ചു. രാവിലെ പത്തരയോടെ വ്യാപാര, വാണിജ്യ മേഖല പൂര്‍ണമായും അടഞ്ഞു. തൃപ്രയാറില്‍ നടത്തിയ പ്രകടനത്തിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, വി.ഡി. സന്ദീപ്, കെ.വി. സുകുമാരന്‍ നേതൃത്വം നല്‍കി.

ഹര്‍ത്താല്‍ കുന്നംകുളത്ത് പോലീസിനും മാധ്യമ പ്രവര്‍ത്തകനുമെതിരെ കൈയേറ്റ ശ്രമം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കമ്മിറ്റിയുടേയും കുന്നംകുളം മണ്ഡലം കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും വഴിതടയല്‍ സമരവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. സലീം അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി വി.കെ. രഘുസ്വാമി മുഖ്യ പ്രഭാഷണം നടത്തി. വര്‍ഗീസ് ചൊവ്വന്നൂര്‍, ജമാല്‍ കരിക്കാട്, ബിജു സി. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അപ്രതീക്ഷിത ഹര്‍ത്താലില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി.

കാട്ടകാമ്പാല്‍ ചിറക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് പകര്‍ത്തിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു. കുന്നംകുളത്ത് പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും അഡിഷണല്‍ എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

വാടാനപ്പള്ളിയില്‍ ദേശീയപാത ഉപരോധിച്ചു

ഹര്‍ത്താല്‍ വാടാനപ്പള്ളിയില്‍ റോഡ് ഉപരോധത്തിനും പോലീസ് അറസ്റ്റിനും ഇടയാക്കി. ദേശീയ പാത ഉപരോധിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് അടക്കമുള്ള വാഹനങ്ങള്‍ മുതിര്‍ന്ന പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈദ മുഹമ്മദ്, കെ.പി .സി.സി. അംഗം സി.ഐ. സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. സുരത്കുമാര്‍, മുന്‍ പ്രസിഡന്റ് ഇ.ബി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപത് പേരാണ് റോഡ് ഉപരോധിച്ചത്. രാവിലെ പത്തേമുക്കാലിനു പ്രകടനമായെത്തിയാണ് വാഹനങ്ങള്‍ തടഞ്ഞ് ഉപരോധം തീര്‍ത്തത്. ഈ സമയം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍ അടപ്പിച്ചു. ഉപരോധം കെ.പി. സി.സി. അംഗം സി.ഐ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉപരോധക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം കേസെടുത്ത് എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

ഹര്‍ത്താല്‍; യാത്രക്കാര്‍ വലഞ്ഞു, കടകള്‍ അടച്ചിട്ടു

വാടാനപ്പള്ളിയില്‍ രാവിലെ തുറന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. സ്വകാര്യ ബസുകള്‍ ആദ്യ ട്രിപ്പുകള്‍ സര്‍വീസ് നടത്തി. തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. രാവിലെ ബസുകളില്‍ കയറിയവര്‍ക്ക് പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. പലര്‍ക്കും തിരിച്ചു വരാനായില്ല. പുലര്‍ച്ചെയുണ്ടായ ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാന്‍ വൈകിയതാണ് യാത്രക്കാരെയും ബസ് ജീവനക്കാരെയും വലച്ചത്. കിരണ്‍ ഗ്രൂപ്പിന്റെ സ്വകാര്യ ബസുകള്‍ മുന്‍ ഹര്‍ത്താലുകളിലെ പോലെ ഇന്നലെയും സര്‍വീസ് നടത്തി. കെ. എസ്.ആര്‍.ടി.സിയും ഗതാഗതം നിര്‍ത്തിവച്ചില്ല. അതേസമയം ബസുകളില്‍ ആവശ്യത്തിന് യാത്രക്കാരുണ്ടായില്ല. കാറുകളും ട്രക്കുകളും പതിവുപോലെ സര്‍വീസ് നടത്തി. എന്നാല്‍ വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

തളിക്കുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിനു പുറകില്‍ സര്‍വീസ് നടത്തുന്ന വാഹന വ്യൂഹത്തേയും കാണാമായിരുന്നു. ജാഥ സമാപിച്ചതോടെയാണ് വാഹനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനായത്. ഡി. സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍, പി. ഐ. ഷൗക്കത്തലി, എ.ടി. നേന, സുമന ജോഷി, എ.എ. മുഹമ്മദ് ഹാഷിം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Thrissur

English summary
Youth Congress harthal in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more